ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

യു കെ :- യു കെ  നേഴ്സിംഗ് ആൻഡ് മിഡ്‌ വൈഫൈറി കൗൺസിൽ ( എൻ എം സി ) നേഴ്സിംഗ് റിക്രൂട്ട്മെന്റുകളിലേക്കുള്ള ഇംഗ്ലീഷ് ഭാഷ മാനദണ്ഡങ്ങളിൽ ചില മാറ്റങ്ങൾ വരുത്തുവാൻ തീരുമാനിച്ചിരിക്കുകയാണ്. വിദേശ നേഴ്‌സുമാരുടെ ഇംഗ്ലീഷ് ഭാഷാ ആവശ്യകതകളിൽ മൂന്ന് ഭേദഗതികളാണ്  എൻഎംസി മുന്നോട്ട് വെച്ചിരിക്കുന്നത് . 2023 ജനുവരി മുതൽ ഈ മാറ്റങ്ങൾ പ്രാബല്യത്തിൽ വരുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പുതിയ നിർദ്ദേശങ്ങൾ പ്രാബല്യത്തിൽ വരുന്നതുവരെയുള്ള റിക്രൂട്ട്മെന്റുകൾക്ക് നിലവിലെ ഇംഗ്ലീഷ് ഭാഷാ മാനദണ്ഡങ്ങൾ തന്നെ ഉപയോഗിക്കും. പുതിയതായി വന്ന മാറ്റങ്ങളിലും പ്രധാനപ്പെട്ട രണ്ട് ഭാഷാ പരീക്ഷകളായ അക്കാദമിക് ഇന്റർനാഷണൽ ഇംഗ്ലീഷ് ലാംഗ്വേജ് ടെസ്റ്റ് സിസ്റ്റം (IELTS), ഒക്യുപേഷണൽ ഇംഗ്ലീഷ് ടെസ്റ്റ് (OET) എന്നിവ തന്നെയാണ് എൻ എം സി അംഗീകരിച്ചിരിക്കുന്നത്. അതോടൊപ്പം തന്നെ ഈ പരീക്ഷകളിൽ പരിശോധിക്കപ്പെടുന്ന നാല് ഡൊമെയ്‌നുകളും  അവ പാസ് ആകുവാൻ ആവശ്യമായ സ്കോറുകളിലും മാറ്റം ഉണ്ടാവുകയില്ല.

എൻ എം സി  മുന്നോട്ടുവച്ചിരിക്കുന്ന മൂന്ന് ഭേദഗതികൾ ഇവയാണ് :

ഒന്നാമതായി ഫലങ്ങൾ സംയോജിപ്പിക്കുവാൻ സ്വീകരിച്ച ഏറ്റവും കുറഞ്ഞ സ്കോറുകൾ  കുറയുന്നു എന്ന മാറ്റമാണ് പുതിയ ഭേദഗതികളിൽ ഉള്ളത്.  ഈ പരീക്ഷകൾ ആദ്യമായി വിജയിച്ചില്ലെങ്കിൽ, വീണ്ടും ഇരിക്കാനും രണ്ട് ടെസ്റ്റ് സർട്ടിഫിക്കറ്റുകളിൽ നിന്നുള്ള സ്കോറുകൾ സംയോജിപ്പിക്കാനും കഴിയുന്ന തരത്തിലാണ് പ്രക്രിയകൾ നടക്കുന്നത്.   നിലവിൽ,  ടെസ്റ്റിന്റെ ഏതെങ്കിലും ഭാഗത്ത് 6.5 ൽ കുറവോ (IELTS) അല്ലെങ്കിൽ C+ (OET)  നേടിയാൽ  ടെസ്റ്റ് സ്കോറുകൾ സംയോജിപ്പിക്കാൻ കഴിയില്ല. ഭേദഗതി അനുസരിച്ച്,  റൈറ്റിംഗ് ഡൊമെയ്നിൽ 6 അല്ലെങ്കിൽ C യും  മറ്റ് മൂന്ന് ഡൊമെയ്‌നുകളിൽ 6.5 (IELTS) അല്ലെങ്കിൽ C+ (OET) അല്ലെങ്കിൽ അതിനു മുകളിലും നേടുന്നിടത്തോളം സ്കോറുകൾ സംയോജിപ്പിക്കാൻ കഴിയും.

രണ്ടാമതായി നിലവിലെ നിയമങ്ങൾ പ്രകാരം, ഉദ്യോഗാർത്ഥികളുടെ സ്‌കോറുകൾ സംയോജിപ്പിക്കുന്നതിന്, ആദ്യ പരീക്ഷയിൽ പങ്കെടുത്ത് ആറ് മാസത്തിനുള്ളിൽ  ടെസ്റ്റ് വീണ്ടും നടത്തണം. ടെസ്റ്റ് വീണ്ടും എടുക്കുന്നതിന് മുമ്പ് കൂടുതൽ തയ്യാറെടുപ്പ് നടത്താൻ  സമയം അനുവദിക്കുന്നതിന് ഇത് 12 മാസത്തേക്ക് നീട്ടുമെന്നാണ്  പുതിയ ഭേദഗതികളിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്നാമതായി, കഴിഞ്ഞ രണ്ട് വർഷത്തിനുള്ളിൽ ഉദ്യോഗാർത്ഥി കുറഞ്ഞത് 12 മാസമെങ്കിലും ഏതെങ്കിലും  തൊഴിലുടമയ്‌ക്ക് വേണ്ടി ജോലി ചെയ്‌തിട്ടുണ്ടെങ്കിൽ, യുകെയിലെ ആരോഗ്യ-സാമൂഹിക പരിപാലന ക്രമീകരണത്തിൽ, ഇംഗ്ലീഷിൽ ഫലപ്രദമായി ആശയവിനിമയം നടത്താനുള്ള ഉദ്യോഗാർത്ഥിയുടെ  കഴിവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും മറ്റും തൊഴിലുടമയിൽ നിന്നും സ്വീകരിക്കും. തൊഴിലുടമയുടെ കത്ത് സ്വീകരിക്കുന്നതിനുള്ള രണ്ട് മാനദണ്ഡങ്ങൾ ഇവയാണ്:

• IELTS-ൽ ഏതെങ്കിലും ഒരു ഡൊമെയ്നിൽ 0.5 മാർക്കിന് കിട്ടാതായാലോ, OET യിൽ ഏതെങ്കിലും ഒന്നിൽ അര ഗ്രേഡ് കുറഞ്ഞാലോ ഇത് സ്വീകരിക്കും.

• ഇംഗ്ലീഷ് ഭൂരിപക്ഷം സംസാരിക്കാത്ത ഒരു രാജ്യത്ത് ഉദ്യോഗാർത്ഥി  ഇംഗ്ലീഷിൽ പരിശീലിപ്പിക്കപ്പെടുകയും വിലയിരുത്തപ്പെടുകയും ചെയ്താലും ഇത്തരത്തിലുള്ള സർട്ടിഫിക്കറ്റ് സ്വീകരിക്കും .

എന്നാൽ സർട്ടിഫിക്കറ്റിന്റെ വിശ്വാസ്യത  ഉറപ്പാക്കാനും പക്ഷപാതം ഒഴിവാക്കാനും കഴിയുന്ന തരത്തിൽ തൊഴിലുടമകൾക്ക് പൂർത്തിയാക്കാൻ ഒരു സാധാരണ എൻ എം സി ഫോം നൽകും.  അതോടൊപ്പം തന്നെ തൊഴിലുടമ  എൻഎംസി-രജിസ്റ്റർ ചെയ്ത പ്രൊഫഷണലായിരിക്കണം എന്ന നിബന്ധനയും പുതിയ ഭേദഗതി മുന്നോട്ടുവയ്ക്കുന്നുണ്ട്.