റ്റിജി തോമസ്

യുകെയിൽ എത്തിയപ്പോൾ ഒരു വിദ്യാഭ്യാസ സ്ഥാപനം എങ്കിലും സന്ദർശിക്കണമെന്നത് എൻറെ ഒരു ആഗ്രഹമായിരുന്നു. അവിചാരിതമായിട്ടാണ് അതിന് അവസരം ഒത്തുവന്നത്. വെറുതെ സന്ദർശിക്കുക മാത്രമല്ല, വളരെ അടുത്ത് അറിയാനും സാധിച്ചു. 23 വർഷമായി കോളേജ് വിദ്യാഭ്യാസ രംഗത്ത് ജോലി ചെയ്യുന്ന അധ്യാപകനായ എന്നെ സംബന്ധിച്ചിടത്തോളം അത് വളരെ വലിയ ഒരു മുതൽക്കൂട്ടായി തീർന്നു.

ജോജിയുടെ മകൾ ആൻ ജോജിയുടെയും സഹപാഠികളായ ഇസബെല്ലിന്റെയും സിവിന്റെയും ഉന്നത വിദ്യാഭ്യാസത്തിനോട് അനുബന്ധിച്ചാണ് ഞങ്ങൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ ( Notre Dame Catholic Sixth Form College) എത്തിയത്. ഇസബെല്ലിന്റെ പിതാവായ അഭിലാഷും സിവിൻെറ പിതാവായ വിജിയും ഞങ്ങളുടെ ഒപ്പം ഉണ്ടായിരുന്നു . കണ്ണൂർ പയ്യാവൂർ ആണ് അഭിലാഷിന്റെ സ്വദേശം . വിജി തൃശ്ശൂരിനടുത്തുള്ള കൊരട്ടി സ്വദേശിയാണ്.

ആനിന്റെയും ഇസബല്ലിന്റെയും സിവിന്റെയും  ടേസ്റ്റ് ടൈമിന്റെ ഭാഗമായിട്ടാണ് നമ്മൾ ലീഡ്സിലെ നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജിൽ പോകുന്നതെന്ന് ജോജി എന്നോട് പറഞ്ഞിരുന്നു. യുകെയിലെ കോളേജുകളും യൂണിവേഴ്സിറ്റികളും തങ്ങളുടെ സ്ഥാപനത്തിൽ ചേർന്ന് പഠിക്കാൻ താല്പര്യമുള്ള വിദ്യാർത്ഥികൾക്ക് പ്രവേശനം സംബന്ധിച്ച് തീരുമാനമെടുക്കാൻ നൽകുന്ന അവസരമാണ് ടേസ്റ്റ് ടൈം . അതിൻറെ ഭാഗമായി തങ്ങൾ പ്രവേശനം നേടാൻ ആഗ്രഹിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ വിദ്യാർത്ഥികൾക്ക് സന്ദർശിക്കാം.

വെറുതെ ഒരു സന്ദർശനത്തിൽ ഒതുങ്ങുന്നില്ല ടേസ്റ്റ് ടൈം . അതിലുപരി തങ്ങൾ പഠിക്കാൻ പോകുന്ന വിദ്യാഭ്യാസ സ്ഥാപനത്തെ കുറിച്ചും വിവിധതരം കോഴ്സുകൾ, അധ്യാപന രീതികൾ എന്നിവയെ കുറിച്ചും മനസ്സിലാക്കാനും അധ്യാപകരെ നേരിൽ കണ്ട് സംസാരിക്കാനും ഓരോ കോഴ്സിന്റെയും പ്രത്യേകതകളെക്കുറിച്ച് ആഴത്തിലുള്ള ഉൾക്കാഴ്ചകൾ സമ്പാദിക്കാനും ടേസ്റ്റ് ടൈം വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സഹായിക്കും.

വളരെ വിപുലമായ ഒരു ടേസ്റ്റ് ടൈം ആണ് നോട്രെ ഡാം കാത്തലിക് സിക്സ്ത് ഫോം കോളേജ് ഒരുക്കിയിരുന്നത്. സിസ്റ്റേഴ്‌സ് ഓഫ് നോട്രെ ഡാം 1898 -ൽ ലീഡ്സിൽ പ്രവർത്തനം ആരംഭിച്ചതാണ് ഈ വിദ്യാഭ്യാസ സ്ഥാപനത്തിൻറെ തുടക്കം കുറിക്കാൻ കാരണമായത്. സയൻസ്, മാത്തമാറ്റിക്സ്, ഹ്യൂമാനിറ്റീസ് ഉൾപ്പെടെ എട്ടോളം എ ലെവൽ (നമ്മുടെ പ്ലസ് ടു ) കോഴ്സുകൾക്ക് വിദ്യാർത്ഥികൾക്ക് ഇവിടെ ചേർന്ന് പഠിക്കാൻ സാധിക്കും .

ഒരു ഉത്സവ അന്തരീക്ഷത്തിലേക്കാണ് ഞങ്ങൾ എത്തിച്ചേർന്നത്. വിവിധ സ്ഥലങ്ങളിൽ നിന്ന് ഒട്ടേറെ വിദ്യാർത്ഥികളും മാതാപിതാക്കളും ടേസ്റ്റ് ടൈമിൽ പങ്കെടുക്കാനായിട്ട് എത്തിച്ചേർന്നിട്ടുണ്ട്. വിദ്യാർത്ഥികളെയും മാതാപിതാക്കളെയും സ്വീകരിച്ച് കോളേജിൻറെ ബ്രോഷർ നൽകി അവർക്ക് താല്പര്യമുള്ള ഡിപ്പാർട്ട്മെന്റുകളിലേയ്ക്ക് ആനയിക്കുന്നു . ആനിന്റെ ഒപ്പം ഞാൻ ആദ്യം സന്ദർശിച്ചത് സയൻസ് ഡിപ്പാർട്ട്മെൻറ് ആണ് . പഠിക്കുന്ന വിഷയത്തെക്കുറിച്ചും വിവിധങ്ങളായ ലബോറട്ടറി സൗകര്യങ്ങളെ കുറിച്ചും വിശദമായി വിവരങ്ങൾ മുതിർന്ന വിദ്യാർത്ഥികൾ നൽകുന്നു. ഒപ്പം എല്ലാ കാര്യങ്ങൾക്കും മേൽനോട്ടം വഹിച്ച് അധ്യാപകരും.

ലാബ്, ലൈബ്രറി, ഓഡിറ്റോറിയം തുടങ്ങി എല്ലാ സ്ഥലങ്ങളും ഞങ്ങൾ സന്ദർശിച്ചു. നമ്മുടെ നാടുമായി താരതമ്യം ചെയ്യുമ്പോൾ പല കാര്യങ്ങളും എന്നെ അത്ഭുതപ്പെടുത്തി. ഒരു പഞ്ചനക്ഷത്ര ഹോട്ടലിന് സമാനമായിരുന്ന വിദ്യാർത്ഥികൾക്കുള്ള ടോയ് ലറ്റ് സൗകര്യങ്ങൾ .

കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് സന്ദർശിക്കണമെന്ന എൻറെ ആഗ്രഹം അറിയിച്ചപ്പോൾ അവിടെ പഠിക്കുന്ന ഒരു വിദ്യാർത്ഥി എന്നെ സഹായിക്കാനെത്തി. കമ്പ്യൂട്ടർ സയൻസ് ഡിപ്പാർട്ട്മെൻറ് അധ്യാപകരുമായി സംസാരിക്കാൻ സാധിച്ചത് നമ്മുടെയും അവരുടെയും പാഠ്യ പദ്ധതികൾ താരതമ്യം ചെയ്യാൻ സഹായിച്ചു. വിവിധ രാജ്യങ്ങളിലെ ഭരണനേതൃത്വം കൈകാര്യം ചെയ്യുന്നവരും ഒളിമ്പിക്സ് സ്വർണ്ണ മെഡൽ ജേതാക്കളുമുൾപ്പെടെയുള്ള വളരെ പ്രശസ്തരായ പൂർവ്വ വിദ്യാർത്ഥികളെ കുറിച്ചുള്ള വിവരങ്ങൾ കോളേജിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 25 വർഷമായി തദ്ദേശീയരെ കൂടാതെ ഇൻറർനാഷണൽ സ്റ്റുഡൻസും നോട്രെ ഡാം കോളേജിൽ പഠിക്കുന്നുണ്ട്. 1900 ഓളം വിദ്യാർഥികൾ പഠിക്കുന്നതിൽ 3 ശതമാനം വിദേശ വിദ്യാർഥികളാണ്.

രണ്ടു നൂറ്റാണ്ടിന്റെ അടുത്ത ചരിത്രമുള്ള ലീഡ്സ് ആർട്സ് യൂണിവേഴ്സിറ്റി ഉൾപ്പെടെ ഒട്ടേറെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് പ്രശസ്തമാണ് ലീഡ്സ്. അതുകൊണ്ടു തന്നെ തദേശരും വിദേശരുമായ ഒട്ടേറെ വിദ്യാർത്ഥികളാണ് ലീഡ്സിൽ പഠനത്തിനായി എത്തിച്ചേർന്നിട്ടുള്ളത്. ലീഡ്‌സ് ആർട്സ് യൂണിവേഴ്സിറ്റി സന്ദർശിക്കണമെന്ന ആഗ്രഹം സമയപരിമിതി കൊണ്ട് സാധിക്കാനായില്ല. യൂണിവേഴ്സിറ്റിയുടെ കവാടത്തിൽ നിന്ന് ഫോട്ടോയെടുത്ത്  തൃപ്തിയടയേണ്ടി വന്നു. 18-ാം നൂറ്റാണ്ടിലെയും 19-ാം നൂറ്റാണ്ടിലെയും വ്യവസായ വിപ്ലവകാലത്ത് കമ്പിളിയുടെയും തുണിയുടെയും ഉത്പാദനത്തിലൂടെ വികസന കുതിപ്പ് നടത്തിയ ലീഡ്‌സിനോട് വിട പറയുമ്പോൾ സമയം ഏറെ വൈകിയിരുന്നു.

തുടരും….

 

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.   ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.

യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….

പ്രകാശം പരത്തുന്ന സൗഹൃദത്തിന്റെ ഇത്തരം തുരുത്തുകൾ പലപ്പോഴും നമ്മൾക്ക് ഒരു വലിയ പ്രഹേളികയാണ്… യുകെ സ്‌മൃതികൾ : അധ്യായം 6. പ്രകാശം പരത്തുന്ന സൗഹൃദങ്ങൾ

എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.

മതിലുകൾ ഇല്ലാത്ത ലോകം. യുകെ സ്‌മൃതികൾ : അധ്യായം 4

ഞാൻ എയർപോർട്ടിന്റെ വെളിയിലേക്ക് നടന്നു. അതോടെ ഫോണിൽ എയർപോർട്ടിലെ ഇൻറർനെറ്റ് ലഭ്യമല്ലാതായി… ഒരു ശൂന്യതയിൽ … തമോഗർത്തത്തിൽ എത്തിപ്പെട്ട അവസ്ഥ ….യുകെ സ്‌മൃതികൾ : അധ്യായം 3

ദുബായിൽ നിന്ന് മാഞ്ചസ്റ്ററിലേക്കുള്ള യാത്രയിൽ 7 മണിക്കൂറോളം എൻറെ തൊട്ടടുത്ത സീറ്റിലായിരുന്നു എലിസബത്ത് . എലിസബത്ത് ഒറ്റയ്ക്കായിരുന്നില്ല. കൂടെ സമപ്രായക്കാരായ നാല് കൂട്ടുകാരും ഒപ്പം ഉണ്ടായിരുന്നു…. യുകെ സ്‌മൃതികൾ : അദ്ധ്യായം 2 : എലിസബത്തിൻെറ യാത്രകൾ

എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കി ബ്രിട്ടൻ നൽകിയ ആറുമാസത്തെ വിസയ്ക്ക് ശേഷം റിട്ടേൺ ടിക്കറ്റ് എടുത്ത എന്നെ കൊച്ചിയിലെ മലയാളിയായ ഇമിഗ്രേഷൻ ഓഫീസർ ഇത്രമാത്രം ചോദ്യങ്ങൾ ചോദിച്ച് തൃശങ്കുവിൽ നിർത്തിയതിന്റെ സാംഗത്യം എനിക്ക് മനസ്സിലായില്ല…അദ്ധ്യായം ഒന്ന് : യുകെ സ്‌മൃതികൾ … മലയാളം യുകെയിൽ പുതിയ പംക്തി ആരംഭിക്കുന്നു