റ്റിജി തോമസ്
ഇംഗ്ലണ്ടിലെ ഏറ്റവും വലിയ കൽക്കരി നിക്ഷേപം ഉള്ള സ്ഥലമാണ് യോർക്ക് ഷെയർ. പുരാതനകാലം മുതൽ ഒരു ഇന്ധനം എന്ന രീതിയിൽ കൽക്കരിയുടെ ഉപയോഗം ഇവിടെ നിലനിന്നിരുന്നു. യോർക്ക് ഷെയറിന്റെ ഭാഗമായ വെയ്ക്ക് ഫീൽഡിൽ മധ്യ കാലഘട്ടം മുതൽ കൽക്കരി ഖനനം ഉണ്ടായിരുന്നു . എങ്കിലും 18-ാം നൂറ്റാണ്ടോടെയാണ് ഒരു വ്യവസായം എന്ന നിലയിൽ കൽക്കരി ഖനനം വളർന്നത്. ആ കാലഘട്ടത്തിൽ വെയ്ക്ക് ഫീൽഡിലും പരിസരപ്രദേശങ്ങളിലും 46 ചെറുകിട ഖനികൾ ഉണ്ടായിരുന്നു.
നാഷണൽ കോൾ മൈനിങ് മ്യൂസിയം സന്ദർശിക്കുമ്പോൾ വെയ്ക്ക് ഫീൽഡിന്റെയും യോർക്ക് ഷെയറിന്റെയും മാത്രമല്ല ഇംഗ്ലണ്ടിന്റെ ഒട്ടാകെയുള്ള കൽക്കരി ഖനനത്തിൻ്റെ ചരിത്രം സന്ദർശകർക്കു മുൻപിൽ അനാവരണം ചെയ്യപ്പെടും.
വ്യവസായവൽക്കരണത്തിന്റെ തേരിലേറി കുതിച്ചുയർന്ന ഇംഗ്ലണ്ടിലെ തൊഴിൽ സമരങ്ങൾ പ്രധാനമായും കൽക്കരി ഖനന തൊഴിലാളികൾ നടത്തിയവയായിരുന്നു. ലോകമെങ്ങും തൊഴിലാളി വർഗ്ഗ മുന്നേറ്റത്തിന് വിത്തുപാകിയ കാറൽ മാർക്സിന്റെ കമ്മ്യൂണിസ്റ്റ് മാനിഫെസ്റ്റോ തയ്യാറാക്കുന്നതിൽ മുഖ്യ പങ്ക് വഹിച്ചത് ഇംഗ്ലണ്ടിലെ കൽക്കരി ഖനി തൊഴിലാളികൾ നേരിട്ട ദുരവസ്ഥകൾ ആയിരുന്നു. ഇംഗ്ലണ്ടിലെ കൽക്കരി ഖനന വ്യവസായത്തെക്കുറിച്ചും ഖനി തൊഴിലാളികളെ വ്യാപകമായി ചൂഷണം ചെയ്യുന്നതും തൻറെ തൊഴിലാളിവർഗ്ഗ സിദ്ധാന്തങ്ങൾ അരക്കിട്ടുറപ്പിക്കാൻ കാറൽ മാർക്സ് ദൃഷ്ടാന്തമായി എടുത്തിട്ടുണ്ട്. തന്റെ പല ലേഖനങ്ങളിലും കൽക്കരി ഖനന തൊഴിലാളികളെയാണ് തൊഴിലാളി വർഗ്ഗത്തിന്റെ പ്രതിനിധികളായി മാർക്സ് പ്രതിഷ്ഠിച്ചത്.
രണ്ടാം ലോകമഹായുദ്ധത്തിനുശേഷം കൽക്കരി ഖനനത്തിന്റെ നിയന്ത്രണം സർക്കാർ ഏറ്റെടുത്തതോടെ കൽക്കരി വ്യവസായത്തിന്റെ ദേശസാത്ക്കാരം നടന്നു. ഇത് ഒരു പരുധിവരെ സ്വകാര്യ മുതലാളിമാരുടെ തൊഴിൽ പീഡനങ്ങൾക്ക് അറുതി വരുത്താൻ സഹായിച്ചു. ഇംഗ്ലണ്ടിലെ കൽഹരി ഖനന വ്യവസായം 20-ാം നൂറ്റാണ്ടിൽ കാര്യമായ മാറ്റങ്ങൾക്ക് വിധേയമായി. 1990 കളോടെ ഇംഗ്ലണ്ടിലെ മിക്ക ഖനികളും അടച്ചുപൂട്ടി. അതിൻറെ ഫലമായി ഖനികളിൽ ജോലി ചെയ്തിരുന്ന പല തൊഴിലാളികൾക്കും ജോലി നഷ്ടമുണ്ടായി.
നാഷണൽ കോൾ മൈനിങ് മ്യൂസിയത്തിലൂടെ പ്രദക്ഷിണം വയ്ക്കുമ്പോൾ മേൽപ്പറഞ്ഞ ചരിത്ര നാളുകളിലൂടെയാണ് സന്ദർശകന്റെ മനസ്സ് സഞ്ചരിക്കുന്നത്. അതോടൊപ്പം ഖനി തൊഴിലാളികൾ അടിച്ചമർത്തലത്തിനെതിരെ നടത്തിയ ഐതിഹാസിക സമരങ്ങളുടെ രേഖാചിത്രവും ഇവിടെ അനാവരണം ചെയ്തിട്ടുണ്ട്.
(തുടരും)
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
Leave a Reply