റ്റിജി തോമസ്
നിമിഷങ്ങൾക്കകം ലിഫ്റ്റിലൂടെ 140 അടി താഴ്ച്ചയിലുള്ള കൽക്കരി ഖനിയിൽ ഞങ്ങൾ എത്തിച്ചേർന്നു. അക്ഷരാർത്ഥത്തിൽ പെരുച്ചാഴി നിൽക്കുന്നതു പോലെ തുരങ്കത്തിലായിരുന്നു ഞങ്ങൾ . വെയ്ക് ഫീൽഡിലെ സ്ഥലമായ ഓവർട്ടണിലെ കാപ്‌ഹൗസ് കൽക്കരി ഖനിയിയുടെ ഉള്ളിലാണ് ഞങ്ങളെന്ന് ഗൈഡ് മൈക്ക് പറഞ്ഞു .
1863 -ല്‍ ആരംഭിച്ച കാപ്‌ഹൗസ് കൽക്കരി ഖനി 1985 -ലാണ് പ്രവർത്തനം നിർത്തിയത്. അതിനു ശേഷം 1988 -ൽ കോൾ മൈനിങ് മ്യൂസിയമായി പ്രവർത്തനം ആരംഭിക്കുകയായിരുന്നു. ഞങ്ങൾ തുരങ്കപാതയിലൂടെ മൈക്കിൻ്റെ നിർദ്ദേശാനുസരണം നടന്നു. ആദ്യകാലം തൊട്ട് ആധുനിക കാലഘട്ടം വരെയുള്ള കൽക്കരി ഖനനത്തിന്റെ നാൾവഴികളെ അതിൻറെ തനതായ രീതിയിൽ അടുത്തറിയാൻ സാധിക്കുന്ന തരത്തിലായിരുന്നു ഞങ്ങളുടെ യാത്ര .
ഒരാൾക്ക് മാത്രം നൂർന്ന് അപ്പുറം കടക്കേണ്ടുന്ന ഒരു ഉപപാത ഞാനും ജോജിയും ഒഴിവാക്കിയപ്പോൾ സഹയാത്രികനായ പീറ്റർ അതിനു തയ്യാറായി. തുരങ്കപാതയിൽ നിന്ന് പുറത്തുവന്നപ്പോൾ പീറ്ററിന്റെ മുഖത്ത് പ്രത്യേക അഭിമാനം നിഴലിച്ചിരുന്നു. ആ ഘട്ടത്തിലാണ് ഞങ്ങളുടെ കൂടെയുള്ള മൂന്നാമനായ പീറ്ററിനെ ഞാൻ കൂടുതൽ പരിചയപ്പെട്ടത്. പീറ്റർ മ്യൂസിയത്തിൽ എത്തിയത് തൻറെ മുത്തച്ഛൻറെ ഓർമ്മ പുതുക്കാനാണ്. പീറ്ററിന്റെ മുത്തച്ഛൻ ജീവിതകാലം മുഴുവൻ ജോലി ചെയ്തിരുന്ന കൽക്കരി ഖനിയിലാണ് ഞങ്ങളിപ്പോൾ. തന്റെ പൂർവ്വപിതാമഹനോടുള്ള സ്നേഹവും ആദരവും അയാളുടെ ഓരോ വാക്കുകളിലും പ്രവർത്തനങ്ങളിലും അടുത്തറിയാൻ എനിക്ക് സാധിച്ചു.
ആദ്യകാലങ്ങളിലെ കൽക്കരി ഖനികളിലെ ദുരവസ്ഥയും ക്രൂരമായ ജോലി സാഹചര്യങ്ങളും അതേപടി ഇവിടെ ആവിഷ്കരിച്ചിരിക്കുന്നു. ഖനനത്തിന്റെ ആദ്യകാലങ്ങളിൽ ജീവനക്കാർ ശരിക്കും അടിമകളെപോലെയായിരുന്നു.
ഇംഗ്ലണ്ടിലെ കൽക്കരി ഖനനത്തിന്റെ ആദ്യ നാളുകളിൽ സ്ത്രീകളും കുട്ടികളും ഖനികളിൽ ജോലി ചെയ്തിരുന്നു. അവരുടെ ജീവിതം നരകതുല്യവുമായിരുന്നു. പലപ്പോഴും ചെറിയ തുരങ്കപാതകളിലൂടെ ട്രോളികളിൽ കൽക്കരി വഹിച്ചു കൊണ്ട് പോകുന്നത് കുട്ടികളും സ്ത്രീകളുമായിരുന്നു. അവരുടെ ശരീരത്തിന്റെ വലുപ്പ കുറവാണ് ഇടുങ്ങിയ ഇടനാഴികളിലെ ഈ രീതിയിലുള്ള ജോലിക്കായി അവരെ നിയോഗിക്കാൻ കാരണമായത് . പിഞ്ചുകുഞ്ഞുങ്ങളും ഇങ്ങനെ ജോലി ചെയ്തവരിൽ ഉൾപ്പെട്ടിരുന്നു. ഇംഗ്ലണ്ടിൽ സ്ത്രീകളും കുട്ടികളും കൽക്കരി ഖനികളിൽ ജോലി ചെയ്യുന്നത് നിയമം മൂലം നിരോധിക്കപ്പെടുന്നത് വരെ ഇതായിരുന്നു സ്ഥിതി. പിന്നീട് വളരെ വർഷങ്ങൾക്കുശേഷമാണ് ഖനികൾക്ക് പുറത്തുള്ള ജോലികൾക്ക് സ്ത്രീകളെ നിയോഗിക്കുന്നത് അനുവദിച്ചത്. നേരത്തെ മ്യൂസിയത്തിൽ 1812 -ലെ നോർത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ഗേറ്റർ ഷെഡ്ഡിലുണ്ടായ ദുരന്തത്തിൽ മരണമടഞ്ഞ ഒരു 8 വയസ്സുകാരന്റെ ഓർമ്മ തുരങ്ക പാതയിലൂടെ യാത്ര ചെയ്തപ്പോൾ ഒരു നീറ്റലായി എൻറെ മനസ്സിലുണ്ടായിരുന്നു. തോമസ് ഗാർഡർ എന്നായിരുന്നു അവന്റെ പേര്. ചെറുപ്രായത്തിൽ ജീവൻ വെടിഞ്ഞ ഒട്ടേറെ പേരുകൾ മ്യൂസിയത്തിൽ പ്രദർശിപ്പിച്ചിരുന്നെങ്കിലും എന്തുകൊണ്ടോ തോമസിന്റെ പേരാണ് മനസ്സിൽ തങ്ങി നിന്നത്.
പലപ്പോഴും ഖനികളിൽ പത്തും പന്ത്രണ്ടും മണിക്കൂർ വരെ കുട്ടികൾ ജോലി ചെയ്യേണ്ടതായി വന്നിരുന്നു. ഭാരമുള്ള കൽക്കരി വണ്ടികൾ തള്ളുകയോ വലിക്കുകയോ ചെയ്യുക, കൊട്ടകളിലോ ചാക്കുകളിലോ കൽക്കരി കൊണ്ടുപോകുക തുടങ്ങിയ ശാരീരിക ബുദ്ധിമുട്ടുള്ള ജോലികൾക്കും കുട്ടികളെ നിയോഗിച്ചിരുന്നു. ഖനികളിലെ തുടർച്ചയായുള്ള ജീവിതം പലരെയും നിത്യരോഗികളാക്കി . പ്രായപൂർത്തിയായ തൊഴിലാളികളെക്കാൾ കുറഞ്ഞ ശമ്പളം മാത്രം നൽകിയാൽ മതിയെന്നതായിരുന്നു കുട്ടികളെ ഖനികളിൽ ജോലിക്കായി നിയോഗിക്കുന്നതിന് ഒരു കാരണമായത്. അതോടൊപ്പം കുട്ടികൾക്ക് മാത്രം നുഴഞ്ഞുകയറാവുന്ന തുരങ്ക പാതകളിലെ ജോലിയും ഒരു കാരണമായി.
തങ്ങളുടെ മാതാപിതാക്കൾ ഖനികളിൽ ജോലി ചെയ്യുമ്പോൾ ഏറ്റവും ഇളയ കുട്ടികൾ ഭൂമിക്കടിയിലെ അവർ മുന്നേറുന്ന പാതയുടെ ആരംഭത്തിൽ ഇരുട്ടിലായിരിക്കും. ട്രാപ്പർമാർ എന്നാണ് ഇവരെ വിളിച്ചിരുന്നത്. ഇടയ്ക്ക് ശുദ്ധ വായു കടന്നു വരാൻ ട്രാപ്പ് ഡോറുകൾ എന്ന് വിളിക്കപ്പെടുന്ന തടി വാതിലുകൾ തുറക്കുകയും അടയ്ക്കുകയും ആയിരുന്നു ഇവരുടെ ജോലി. പലപ്പോഴും 12 മണിക്കൂറോളം ഇങ്ങനെ ഇരുട്ടിൽ ഇരിക്കാൻ വിധിക്കപ്പെട്ടവരായിരുന്നു ഈ പാവം കുട്ടികൾ.
1842 ഓഗസ്റ്റ് 4 – ന് ബ്രിട്ടനിലെ ഖനികളിൽ സ്ത്രീകളും 10 വയസ്സിൽ താഴെയുള്ള കുട്ടികളും മണ്ണിനടിയിൽ ജോലി ചെയ്യുന്നത് നിരോധിച്ചുകൊണ്ടുള്ള നിയമം വരുന്നതിന് മുൻപ് ഖനികളിൽ ഭാര്യയും ഭർത്താവും കുട്ടികളും ഉൾപ്പെടെയുള്ള മുഴുവൻ കുടുംബാംഗങ്ങളും ജോലി ചെയ്യുന്നത് സാധാരണമായിരുന്നു. അങ്ങനെ ജോലി ചെയ്യുന്ന ഒരു കുടുംബത്തിൻറെ പ്രതീകാത്മകമായ ചിത്രീകരണം ഖനിയിലൂടെയുള്ള യാത്രയിൽ നമുക്ക് കാണാൻ സാധിക്കും. ഖനികളിൽ നിന്ന് കൽക്കരി അടർത്തിയെടുക്കുന്ന മുതിർന്നവർക്ക് മാത്രമേ വെളിച്ചം നൽകുന്ന വിളക്കുകൾ ഉണ്ടായിരുന്നുളളൂ . ട്രാപ്പർമാരായും മറ്റു ജോലികളിൽ ഏർപ്പെടുന്ന കുട്ടികൾ കൂരിരുട്ടിലാണ് ചിലവഴിക്കേണ്ടി വന്നിരുന്നത്. എന്തിനുവേണ്ടിയാണ് കുട്ടികളുടെ കാലിൽ ചരട് കൊണ്ട് ബന്ധിക്കപ്പെട്ടിരിക്കുന്നത് എന്ന ചോദ്യത്തിന് വിശദമായി തന്നെ ഗൈഡ് മറുപടി നൽകി .ഒന്നാമത് ഇരുട്ടിൽ അവർ തുരങ്ക പാതയിലേക്ക് എവിടെയെങ്കിലും പോകാനുള്ള സാധ്യത ഒഴിവാക്കുക എന്നതായിരുന്നു. അതുകൂടാതെ കുട്ടികൾ ഉറങ്ങി പോയെങ്കിൽ അവരെ വിളിച്ചുണർത്താനുമായും ഈ ചരടുകൾ ഉപയോഗിച്ചിരുന്നു! ട്രാപ്പർമാരായ ജോലിചെയ്യുന്ന കുട്ടികൾ പലപ്പോഴും ഇരുട്ടിൽ തളർന്ന് ഉറങ്ങി പോവുകയാണെങ്കിൽ മുതിർന്നവർ കാലിൽ കെട്ടിയിരുന്ന ചരട് ദൂരെ നിന്ന് വലിക്കുകയായിരുന്നു ചെയ്തിരുന്നത് . ഗൈഡിന്റെ വിവരണം ഭീതിയോടെയല്ലാതെ ശ്രവിക്കാനായില്ല .
ഭൂമിക്കടിയിലെ ഈ തുരങ്ക പാതയിൽ ഞങ്ങൾ നാലുപേർ മാത്രമേയുള്ളൂ. ആർക്കെങ്കിലും ഒരു അത്യാസന്ന നില വന്നാൽ എന്ത് ചെയ്യും. ഗൈഡിന് പെട്ടെന്ന് ദേഹാസ്വസ്ഥ്യം ഉണ്ടായാൽ ഞങ്ങൾ മൂന്നുപേരും ഇവിടെ കുടുങ്ങി പോകുമോ ? എന്റെ മനസ്സിൽ ഈ വിധ ചോദ്യങ്ങൾ ഉണ്ടായെങ്കിലും അത് പുറത്തേയ്ക്ക് വന്നില്ല .
ഗൈഡിൻെറ ഫോട്ടോ എടുക്കണമെന്നുണ്ടായിരുന്നു പക്ഷേ ഖനികളിൽ മൊബൈൽ അനുവദനീയമായിരുന്നില്ല. ഏതെങ്കിലും രീതിയിൽ തീ പിടിക്കാനോ പൊട്ടിത്തെറിക്കാനോ സാധ്യതയുള്ള വസ്തുക്കൾ ഖനികളിലേയ്ക്ക് കൊണ്ടുപോകാൻ സന്ദർശകർക്ക് അനുവാദമില്ല .
കോൾ മൈനിങ് മ്യൂസിയം തുടങ്ങിയപ്പോൾ മുതൽ ഗൈഡ് ആയി ജോലിചെയ്യുന്ന മൈക്ക് ഈ ഖനിയിലെ തന്നെ തൊഴിലാളി ആയിരുന്നെന്ന് അഭിമാനത്തോടെയാണ് പറഞ്ഞത്. കൽക്കരി ഖനനത്തിന്റെ ഭാഗമാകാത്ത ഒരാൾക്ക് എങ്ങനെ ഇത്രമാത്രം ആധികാരികതയോടെ കാര്യങ്ങളെ വിശദീകരിച്ചു തരാനാവും. ഖനികളിൽ തീപിടുത്തത്തിന് കാരണമാകുന്ന അപകടകരമായ വാതകങ്ങളുടെ സാന്നിധ്യം തിരിച്ചറിയുന്നതിന് ആദ്യകാലങ്ങളിൽ എലികളെയും കാനറികൾ ( ഒരു തരം ചെറുപക്ഷികൾ ) ഉപയോഗിച്ചിരുന്നതായി മൈയ്ക്ക് പറഞ്ഞു. കൂട്ടിലടച്ച ഈ ജീവികളുടെ അസ്വാഭാവിക പ്രതികരണങ്ങൾ അപകട സാധ്യത നേരത്തെ തിരിച്ചറിഞ്ഞ് രക്ഷപ്പെടാൻ തൊഴിലാളികളെ സഹായിച്ചിരുന്നു. ശാസ്ത്രം പുരോഗമിച്ചപ്പോൾ ഗ്യാസ് ഡിറ്റക്ടർ സെൻസറുകൾ ഏന്നിവ അപകടങ്ങളെ കുറിച്ച് കാര്യക്ഷമമായ മുന്നറിയിപ്പ് നൽകുന്നത് ഉപയോഗിച്ച് തുടങ്ങി.
ഖനികളിൽ നിന്ന് പുറത്തുവന്നതിനുശേഷമാണ് പീറ്ററുമായി കൂടുതൽ സംസാരിച്ചത്. മുത്തശ്ശന്റെ വിയർപ്പ് വീണ ഖനി പാതയിലൂടെ യാത്ര ചെയ്തതിന്റെ ഗൃഹാതുരത്വത്തിലായിരുന്നു അദ്ദേഹം.
“ഞാൻ ഇനിയും വന്നേക്കാം…”
പിരിയാൻ നേരത്തെ പീറ്റർ ഞങ്ങളോട് പറഞ്ഞു.
മറ്റുള്ളവർക്ക് വെളിച്ചവും ഊർജവും നൽകാൻ ഇരുട്ടിലും ഇടുങ്ങിയ തുരങ്കത്തിലും നിരന്തരമായ അപകടങ്ങളിലും ജീവൻ ഹോമിക്കപ്പെട്ട ഖനി തൊഴിലാളികളുടെ വേദന മനസ്സിൽ വിങ്ങലായി കുറേക്കാലത്തേക്ക് നിലനിന്നു , മ്യൂസിയത്തിൽ നിന്ന് പുറത്തിറങ്ങിയപ്പോൾ പരിചയപ്പെട്ട മെക്കാനിക്കൽ എൻജിനീയർ ആയി ജോലി ചെയ്യുന്ന അലൻ ചാൽക്കയുടെ പ്രസാദാത്മകമായ പുഞ്ചിരിയ്ക്കും സുഖാന്വേഷണത്തിനും മനസ്സിന്റെ വിങ്ങലുകളെ ശമിപ്പിക്കാനായില്ല .
ഖനിയിലൂടെയുള്ള യാത്രയിൽ ഞാൻ ഗൈഡിനോട് ചോദിച്ച ചോദ്യം പെട്ടെന്ന് മനസ്സിലേക്ക് കടന്നുവന്നു. ഈ ഖനി തുരങ്കത്തിൽ എത്ര മൈലുകൾ ഉണ്ടായിരിക്കും ? അതിന് കൃത്യമായ ഒരു ഉത്തരം ഇല്ലായിരുന്നു. ഖനികൾ സ്വകാര്യ ഉടമസ്ഥതയിൽ ആയിരുന്നപ്പോൾ ഖനനത്തിന് യാതൊരു നിയന്ത്രണവും ഇല്ലായിരുന്നു. അതുകൊണ്ടുതന്നെ പെരുച്ചാഴിയുടെ തുരങ്ക പാത പോലെ ഖനനപാതകളും കൃത്യതയില്ലാതെ കാൽക്കരി തേടി നീണ്ടു നീണ്ടുപോയി. മൈൻ സേർച്ചിങ്ങിനെ കുറിച്ച് മടക്കയാത്രയിൽ ജോജി വിശദമായി പറഞ്ഞു.മൈനിങ്ങ് നിലവിലുള്ള സ്ഥലങ്ങളിൽ വീടുകൾ എടുക്കുമ്പോൾ മൈൻ സെർച്ചിങ് നടത്തിയിരിക്കണം. വീട് മേടിക്കുന്ന ആൾ ഏർപ്പെടുത്തുന്ന സോളിസിറ്റർ ആണ് ഗവൺമെൻറ് ഏജൻസിയുടെ സഹായത്തോടെ റിപ്പോർട്ട് തയ്യാറാക്കുന്നത്.
ഖനികളിൽ നിന്ന് ശേഖരിച്ച കൽക്കരിയുടെ ചെറുകഷണങ്ങൾ ഇന്ത്യയിലേക്ക് കൊണ്ടുവരണമെന്നായിരുന്നു എൻറെ ആഗ്രഹം. പക്ഷേ പിന്നീടുള്ള പല ദിവസങ്ങളിലും അർദ്ധനഗ്നരായ കാൽക്കരി ഖനിയിൽ കഴിയുന്ന കുട്ടികളുടെ ചിത്രം എൻറെ ഉറക്കം കെടുത്താൻ തുടങ്ങി. ഇരുട്ടിൽ ശ്വാസം കിട്ടാതെ ഭൂഗർഭ അറയിൽ ജീവൻ ഹോമിച്ച കുട്ടികളുടെ ചിത്രങ്ങൾ എൻെറ സ്വപ്നങ്ങളെ പോലും അലോസര പെടുത്തിയപ്പോൾ ഇന്ത്യയിലേയ്ക്ക് കൊണ്ടുവരാൻ ഖനിയിൽ നിന്ന് ശേഖരിച്ച കൽക്കരി തുണ്ടുകൾ ഞാൻ ഇംഗ്ലണ്ടിന്റെ മണ്ണിൽ തന്നെ ഉപേക്ഷിച്ചു.
റ്റിജി തോമസ് : റ്റിജി തോമസിന്റെ ചെറുകഥകള്‍ മലയാളത്തിലെ മുൻനിര ആനുകാലികങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ആകാശവാണിയിലും റേഡിയോ മാക് ഫാസ്റ്റിലും ചെറുകഥകൾ അവതരിപ്പിച്ചിട്ടുള്ള അദ്ദേഹത്തിൻെറ ഒട്ടേറേ രചനകൾ മലയാളം യുകെ ന്യൂസിൻെറ ഓണ പതിപ്പ് ഉൾപ്പെടെയുള്ള സാഹിത്യ വിഭാഗത്തിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2022 -ലെ ചെറുകഥയ്‌ക്കുള്ള മലയാളം യുകെ ന്യൂസിന്റെ അവാർഡ് ജേതാവാണ് . കമ്പ്യൂട്ടര്‍ സംബന്ധമായ നാല് പുസ്തകങ്ങളുടെ സഹരചയിതാവാണ്. ഇപ്പോൾ തിരുവല്ല മാർ അത്തനേഷ്യസ് കോളേജില്‍ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ വിഭാഗത്തിന്റെ വകുപ്പ് മേധാവി.
യുകെ സ്‌മൃതികളുടെ മുൻ അധ്യായങ്ങൾ വായിക്കാം ….
https://malayalamuk.com/uk-smrithikal-chapter-8-part-2/
എവിടെ ഓഫർ കിട്ടുമോ അവിടെ മലയാളി ഉണ്ട് … യുകെ സ്‌മൃതികൾ : അധ്യായം 5 . സൂപ്പർ മാർക്കറ്റിൽ.
Leave a Reply