ന്യൂസ് ഡെസ്ക് മലയാളം യുകെ

ഉക്രൈൻ: ബിറ്റ് കോയിൻ കാർഡുകളും പുതിയ ക്രിപ്റ്റോ സേവനങ്ങളും ജനങ്ങളിലേയ്ക്ക് എത്തിക്കാനുള്ള ശ്രമമാരംഭിച്ച് ഉക്രൈൻ. ക്രിപ്‌റ്റോകറൻസികളുടെ വർദ്ധിച്ചുവരുന്ന ജനപ്രീതിയ്‌ക്കൊപ്പം, അനുബന്ധ സേവനങ്ങളും രംഗത്തെത്തിക്കുകയാണ് അവർ. ക്രിപ്റ്റോ നാണയങ്ങൾ വാങ്ങാനും വ്യാപാരം ചെയ്യാൻ സാധിക്കുന്നതിന് പുറമേ രാജ്യത്തെ ക്രിപ്‌റ്റോ ഉപയോക്താക്കൾക്ക് അവരുടെ ഡിജിറ്റൽ കറൻസികൾ സ്റ്റോറുകളിലും ഓൺലൈനിലും ഇനി ചെലവഴിക്കാം. ഇതിനായി രണ്ട് ബിറ്റ് കോയിൻ കാർഡുകൾ പുറത്തിറക്കുകയാണ്.

യുകെ ആസ്ഥാനമായുള്ള ക്രിപ്‌റ്റോ പേയ്‌മെന്റ് പ്രോസസറായ വൈറെക്സ് (Wirex) വഴി ക്രിപ്‌റ്റോകറൻസികൾ വാങ്ങാനും കൈമാറ്റം ചെയ്യാനും സാധിക്കും. ക്രിപ്‌റ്റോ സേവിംഗ്‌സ് അക്കൗണ്ടുകൾ തുറക്കാനും ഉക്രൈൻകാർക്ക് കഴിയും. വ്യാപാരത്തിലും മറ്റ് സേവനങ്ങളിലും ക്രിപ്‌റ്റോ നാണയങ്ങൾ ചെലവഴിക്കാനായി തങ്ങളുടെ കാർഡ് നൽകാനും വൈറെക്സ് പദ്ധതിയിടുന്നു.

അതേസമയം ഉക്രേനിയൻ ഓൺലൈൻ ബാങ്കിംഗ് പ്ലാറ്റ്‌ഫോമായ മോണോബാങ്ക് സ്വന്തം ക്രിപ്‌റ്റോകറൻസി കാർഡ് പുറത്തിറക്കാൻ തയ്യാറാണെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. നാഷണൽ ബാങ്ക് ഓഫ് ഉക്രെയ്നിൽ നിന്ന് അനുമതി ലഭിക്കുന്നതിന് മൂന്ന് മാസത്തിലേറെയായി കാത്തിരിക്കുകയാണെന്നും കമ്പനി പരാതിപ്പെട്ടു.