അമ്മു മറിയം തോമസ്, മലയാളം യുകെ ന്യൂസ് ടീം

കോവിഡ് ബാധിച്ച് ഏറ്റവും കൂടുതൽ കാലം യുകെയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന രോഗി മരണത്തിന് കീഴടങ്ങി. 49 കാരനായ ജേസൺ കെൽക്ക് 2020 മാർച്ചിൽ കൊറോണ വൈറസ് ബാധിച്ച് ലീഡ്സിലെ സെൻറ് ജെയിംസ് ഹോസ്പിറ്റലിലെ തീവ്രപരിചരണവിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. ഇന്നലെ രാവിലെ ഹോസ്പിറ്റലിലേയ്ക്ക് മാറ്റിയിരുന്നു. കോവിഡ് ബാധിതനായതിനെ തുടർന്ന് കഴിഞ്ഞ ഏപ്രിൽ മാസം മുതൽ അദ്ദേഹം വെൻറിലേറ്റർ ഉപയോഗിച്ചിരുന്നു. അദ്ദേഹത്തിൻറെ ഭാര്യ സ്യൂ കെൽക്കാണ് മരണവിവരം അറിയിച്ചത്.

ഇംഗ്ലണ്ടിലെ കോവിഡ് ആർ റേറ്റ് 1.2നും 1.4 നുമിടയിലായി തുടരുകയാണ്. ആർ റേറ്റ് ഒന്നിനുമുകളിലായതുകൊണ്ട് കോവിഡ് വ്യാപനം ഉയർന്ന തോതിൽ തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. ഇതിനിടെ കഴിഞ്ഞ വർഷത്തെ പോലെ ഈ വർഷവും നോട്ടിംഗ് ഹിൽ കാർണിവൽ നടത്തേണ്ട എന്ന തീരുമാനത്തിലേയ്ക്ക് സംഘാടകരെത്തി. വേദനാജനകമായ തീരുമാനമാണെങ്കിലും കോവിഡ്-19 മൂലമുള്ള സുരക്ഷാപ്രശ്നങ്ങൾ പരിഗണിച്ചാണ് നോട്ടിംഗ് ഹിൽ സ്ട്രീറ്റ് ഫെസ്റ്റിവൽ നടത്തണ്ടെന്ന് തീരുമാനം എടുത്തെന്ന് സംഘാടകർ അറിയിച്ചു. 55 വർഷത്തെ കാർണിവലിൻെറ ചരിത്രത്തിൽ ആദ്യമായാണ് കഴിഞ്ഞവർഷം കോവിഡ് മൂലം മാറ്റി വെയ്ക്കേണ്ടി വന്നത്.