ഒരു വര്‍ഷത്തിനുള്ളില്‍ ഏകീകൃത സിവല്‍ കോഡ് നടപ്പിലാക്കാന്‍ ബി ജെ പി ഒരുങ്ങുന്നു. 2024ലെ ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്‍പ് ഇത് നടപ്പാക്കാനാണ് നീക്കം . ഏകീകൃത സിവില്‍ കോഡ് നടപ്പാകുന്നതോടെ വിവാഹം, വിവാഹമോചനം, പിന്തുടര്‍ച്ചാവകാശം, ദത്തെടുക്കല്‍ എന്നിവ പൊതുനിയമത്തിന് കീഴില്‍ വരും. ഇവയില്‍ മതാടിസ്ഥാനത്തില്‍ പ്രത്യേക സംവിധാനം ഉണ്ടായിരിക്കുകയില്ല.

ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്ന് ബിജെപി മുഖ്യമന്ത്രിമാര്‍ മോദിയോടും അമിത്ഷായോടും ആവശ്യപ്പെട്ടിരിക്കുകയാണ്. ബിജെപിയുടെ പ്രകടനപത്രികയിലെ പ്രധാന വാഗ്ദ്ധാനമായ ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കുമെന്ന സൂചന അമിത്ഷാ നേരത്തെ നല്‍കിയിരുന്നു . കഴിഞ്ഞ ദിവസം മദ്ധ്യപ്രദേശില്‍ നടന്ന ബിജെപി കോര്‍ കമ്മിറ്റി യോഗത്തിലാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.ഉത്തരാഖണ്ഡില്‍ നടപ്പാക്കുന്ന ഏകീകൃത സിവില്‍ കോഡ് പൈലറ്റ് പദ്ധതിയാണ്. സിഎഎ, രാമക്ഷേത്രം, മുത്തലാഖ്, ജമ്മു കാശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളയല്‍ എന്നീ വിഷയങ്ങള്‍ പരിഹരിച്ചു. ഇനി ഏകീകൃത വ്യക്തി നിയമം നടപ്പിലാക്കാനുള്ള സമയമാണെന്നും അമിത് ഷാ യോഗത്തില്‍ പറഞ്ഞിരുന്നു.

എല്ലാക്കാര്യങ്ങളും അതിന്റേതായ സമയത്തിന് നടക്കുമെന്നും പ്രവര്‍ത്തകര്‍ പാര്‍ട്ടിയ്ക്ക് ദോഷം വരുത്തുന്നതൊന്നും ചെയ്യരുതെന്നും അമിത് ഷാ ആവശ്യപ്പെട്ടു.ഏകീകൃത സിവില്‍ കോഡിന്റെ കരട് തയ്യാറാക്കുന്നതിനായി സംസ്ഥാനത്ത് ഉന്നതതല കമ്മിറ്റി രൂപീകരിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമി പറഞ്ഞിരുന്നു. സംസ്ഥാനത്തെ സാമുദായിക സൗഹൃദം തകര്‍ക്കാന്‍ അനുവദിക്കില്ല. ഉത്തരാഖണ്ഡില്‍ സിവില്‍ കോഡ് നടപ്പിലാക്കിയാല്‍ മറ്റ് സംസ്ഥാനങ്ങളും ഇത് പിന്തുടരുമെന്നും ധാമി പറഞ്ഞു. അടുത്തിടെ നടന്ന ഉത്തരാഖണ്ഡ് നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ പ്രധാന വാഗ്ദ്ധാനമായിരുന്നു ഏകീകൃത സിവില്‍ കോഡ്.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ ഗൗരവമായി കാണുന്നുണ്ടെന്ന് ഉത്തര്‍പ്രദേശ് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യയും പറഞ്ഞു.

രാജ്യത്തും സംസ്ഥാനത്തും ഇത് അതിവേഗം നടപ്പിലാക്കാനുള്ള ആലോചനയിലാണെന്നും മൗര്യ കൂട്ടിചേര്‍ത്തു. പിന്നാലെ ഏകീകൃത സിവില്‍ കോഡ് മികച്ച തീരുമാനമാണെന്ന് ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി ജയ്റാം താക്കൂറും പറഞ്ഞു. സര്‍ക്കാര്‍ വിഷയം പരിശോധിക്കുകയാണെന്നും നടപ്പിലാക്കാന്‍ തയ്യാറാണെന്നും അദ്ദേഹം പറഞ്ഞു. അസാം മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും സമാന പ്രസ്താവനയിറക്കി.ഏകീകൃത സിവില്‍ കോഡ് നടപ്പാക്കുന്നതിന്റെ വിവിധ വശങ്ങള്‍ പരിശോധിക്കുന്നതിനായി കമ്മിറ്റി രൂപീകരിക്കണമെന്നാവശ്യപ്പെട്ട് ബിജെപി നേതാവും രാജ്യസഭാ എംപിയുമായ അജയ് പ്രതാപ് സിംഗ് മദ്ധ്യപ്രദേശ് മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന് കത്തയക്കുകയും ചെയ്തു.

ഏകീകൃത സിവിൽകോഡ്

ഇന്ത്യയിലെ പ്രധാന മത-ജാതി വൈജാത്യങ്ങൾക്കനുസരിച്ച് ഓരോ വ്യക്തിക്കും പ്രത്യേകം-പ്രത്യേകം ബാധകമാകുന്ന രീതിയിൽ ഇപ്പോൾ നിലവിലുള്ള വ്യക്തി നിയമത്തെ നീക്കി എല്ലാ ഇന്ത്യക്കാർക്കും ഒരേ രീതിയിൽ ബാധകമാകുന്ന തരത്തിൽ ഒരു പൊതു വ്യക്തി നിയമ സംഹിത വേണം എന്ന ആവശ്യത്തിനേയും തർക്കത്തിനേയും കുറിക്കുന്ന പദമാണ് ഏകീകൃത സിവിൽ കോഡ്. ഇത് വ്യക്തികളുടെ വിവാഹം, വിവാഹമോചനം, പരമ്പരാഗത സ്വത്ത്, ദത്ത്, ജീവനാംശം എന്നീ വിഷയങ്ങളിൽ പൊതുവായ നിയമം കൊണ്ടുവരാൻ ഉദ്ദേശിച്ചിട്ടുള്ളതാണ്. ഇന്ത്യൻ ഭരണഘടയിലെ നിർദ്ദേശകതത്ത്വങ്ങളിലെ 44-ാം വകുപ്പനുസരിച്ച് ഇന്ത്യയിൽ ഏകീകൃത സിവിൽ നിയമം കൊണ്ടു വരേണ്ടുന്നത് ഭരണകൂടത്തിന്റെ കടമയായി കണക്കാക്കുന്നു.

സമകാലീന ഭാരതത്തിൽ മത-ജാതി അധിഷ്ഠിത വർഗ്ഗീകരണവും വ്യക്തി നിയമവും നിലനിൽക്കുന്നതിനാൽ, ഒരു ഏകീകൃത സിവിൽ നിയമം അത്യാവശ്യമാണ്. സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും പുരുഷന് തുല്യമായ എല്ലാ അവകാശങ്ങളും ലഭിക്കേണ്ടതുണ്ട്. മാത്രമല്ല, നിലവിലുള്ള സ്ത്രീവിരുദ്ധമായ വ്യക്തിനിയമങ്ങളിൽ മാറ്റം വരുത്തേണ്ടതും അനിവാര്യമാണ്. ലിംഗസമത്വം ഇന്ത്യൻ ഭരണഘടന ഉറപ്പ് നൽകുന്ന ഒന്നാണ്. ഈ തിരിച്ചറിവിൽ നിന്നാണ് ഏകീകൃത സിവിൽ നിയമം നടപ്പിലാക്കണമെന്ന് മതേതരത്വവാദികൾ ആവശ്യപ്പെടുന്നത്.