ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

സമരങ്ങൾ എൻഎച്ച്എസ്സിന്റെ താളം തെറ്റിച്ചതിന്റെ കണക്കുകൾ പുറത്തുവന്നു. ഏകദേശം മുപ്പതിനായിരം ശസ്ത്രക്രിയകളാണ് സമരം മൂലം മുടങ്ങിയത്. ഇതുകൂടാതെ ഒട്ടേറെ അപ്പോയിന്റ്മെന്റുകളും സമരം മൂലം റദ്ദാക്കപ്പെട്ടിട്ടുണ്ട്. ഡിസംബർ 15 , 20 തീയതികളിൽ നടത്തുന്ന സമരം മൂലം എൻഎച്ച്എസിനുണ്ടായിരിക്കുന്ന പ്രശ്നങ്ങളെ കുറിച്ചുള്ള വിശകലനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നിരിക്കുന്നത്. ആംബുലൻസ് പണിമുടക്കിനെ തുടർന്നുള്ള പ്രശ്നങ്ങളെ കുറിച്ചുള്ള റിപ്പോർട്ടുകൾ അടുത്തദിവസം പുറത്തുവരും എന്നാണ് കരുതപ്പെടുന്നത്.

സമരങ്ങളെ തുടർന്ന് 25,000 ഔട്ട് പേഷ്യന്റ് അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടതായാണ് അറിയാൻ സാധിച്ചത്. ഏറ്റവും കൂടുതൽ അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടത് നോട്ടിംഗ്‌ഹാം യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലിലാണ്. ഇവിടെ മാത്രം 2413 പേരുടെ അപ്പോയിന്റ്മെന്റുകളാണ് റദ്ദാക്കപ്പെട്ടത്. ന്യൂകാസിൽ-അപ്പൺ-ടൈൻ ഹോസ്പിറ്റലിൽ 2313 അപ്പോയിന്റ്മെന്റുകൾ റദ്ദാക്കപ്പെട്ടു. സമരത്തിൽ പങ്കെടുത്ത പല ഹോസ്പിറ്റലുകളിലും ബാങ്ക് ഹോളിഡേയുടെ എന്ന രീതിയിലുള്ള പ്രതീതിയായിരുന്നു.


പുറത്തു വന്ന വിവരങ്ങളേക്കാൾ ഗുരുതരമാണെന്നാണ് യഥാർത്ഥ കണക്കുകൾ എന്നാണ് വിലയിരുത്തപ്പെടുന്നത്. സർക്കാരിൻറെ ഭാഗത്തുനിന്നും തുടർ നടപടികൾ ഉണ്ടായില്ലെങ്കിൽ സമരം പുതു വർഷത്തിലും തുടരുമെന്ന് റോയൽ കോളേജ് ഓഫ് നേഴ്സിംഗ് യൂണിയൻ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

യുകെ മലയാളികളിൽ ഭൂരിപക്ഷവും ആരോഗ്യ മേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരാണ്. അതുകൊണ്ടുതന്നെ സമരത്തിൻറെ ഓരോ ചലനങ്ങളും യുകെ മലയാളി സമൂഹത്തിൽ നന്നായി പ്രതിഫലിക്കുന്നുണ്ട്. ജീവിത ചിലവ് വർദ്ധനവ് മൂലം നേരിടുന്ന പ്രശ്നങ്ങൾ കടുത്ത പ്രതിസന്ധി യുകെയിലെ മിക്ക മലയാളി കുടുംബങ്ങളെയും കടുത്ത പ്രതിസന്ധിയിലേക്ക് തള്ളി വിട്ടിരിക്കുകയാണ്. ശൈത്യകാലം അതിൻറെ ആക്കം കൂട്ടിയിട്ടുണ്ട്. പലരും കനത്ത ബില്ലുകളെ ഭയന്ന് വീട്ടിലെ ഹീറ്റിംഗ് സിസ്റ്റം ഉപയോഗിക്കുന്നത് കുറച്ചിരിക്കുകയാണ്. ഒരു സാധാരണ കുടുംബത്തിന് 300 പൗണ്ട് ആണ് എനർജി ബില്ലിനായി ഇപ്പോൾ തന്നെ ചിലവഴിക്കേണ്ടതായി വരുന്നത്. യുകെയിൽ എത്തിയ ഒട്ടേറെ നേഴ്സുമാർ മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങൾക്കും ശമ്പളത്തിനുമായി ഓസ്ട്രേലിയ പോലുള്ള രാജ്യങ്ങളിലേക്ക് കുടിയേറുന്ന പ്രവണത നിലവിലുണ്ട്. നിലവിൽ ജീവനക്കാരുടെ കുറവ് മൂലം എൻഎച്ച്എസ് നേരിടുന്നത് കടുത്ത പ്രതിസന്ധിയാണ്. സമരം തീവ്രമാവുകയാണെങ്കിൽ അത് എൻഎച്ച്എസിന്റെ പ്രവർത്തനത്തെ താളം തെറ്റിക്കുമെന്ന ആശങ്ക ശക്തമാണ്