സിപിഐഎം സ്ഥാപക നേതാവും മുൻ മുഖ്യമന്ത്രിയുമായ വി.എസ്.അച്യുതാനന്ദന് ഇന്ന് 99–ാം പിറന്നാൾ. കേരള രാഷ്ട്രീയ ചരിത്രത്തിൽ ഗതിമാറ്റങ്ങൾക്ക് സാക്ഷ്യം വഹിച്ച വി എസ് അച്യുതാനദൻ വിവിധ കാലഘട്ടങ്ങളിൽ നിയമസഭയിൽ ഭരണ- പ്രതിപക്ഷത്തിന് നേതൃത്വം വഹിച്ചു. 1923 ഒക്ടോബര്‍ 20നാണ് ആലപ്പുഴ ജില്ലയിലെ പുന്നപ്രയില്‍ വേലിക്കകത്ത് വീട്ടിൽ ശങ്കരന്റെയും അക്കമ്മയുടെയും മകനായി വേലിക്കകത്ത് ശങ്കരന്‍ അച്യുതാനന്ദന്‍ എന്ന വി എസ് അച്യുതാനന്ദന്‍ ജനിക്കുന്നത്.പതിനാറാം വയസില്‍ ആലപ്പുഴയിലെ ആസ്പിന്‍വാള്‍ കമ്പനിയിലെ തൊഴിലാളി സമരത്തിലൂടെയായിരുന്നു വി എസിൻറെ രാഷ്ട്രീയത്തിലേക്കുള്ള രംഗപ്രവേശം. പി കൃഷ്ണ പിള്ളയാണ് വിഎസിലെ പ്രക്ഷോഭകാരിയെ കണ്ടെത്തിയത്. 1939-ൽ സ്റ്റേറ്റ് കോൺഗ്രസിൽ ചേർന്ന വി എസ്‌ 1940ൽ പതിനേഴാം വയസ്സിലാണ്‌ കമ്യൂണിസ്റ്റ് പാർടിയിൽ അംഗമായത്‌. പതിനൊന്നാമത്തെ വയസ്സാകുമ്പോഴേക്കും അമ്മയേയും അച്ഛനേയും വി എസിന് നഷ്ടപ്പെട്ടിരുന്നു. അച്ഛന്‍റെയും അമ്മയുടേയും മരണം വി എസ്സിനെ ഒരു നിരീശ്വരവാദിയാക്കിയിരുന്നു.

രാജ്യത്തെ ഏറ്റവും തലമുതിർന്ന കമ്യൂണിസ്റ്റ് നേതാവും സിപിഐ എമ്മിന്റെ സ്ഥാപകനേതാവുമായ വി എസ്‌ മുഖ്യമന്ത്രി, പ്രതിപക്ഷ നേതാവ്, നിയമസഭാ സാമാജികൻ, ഭരണപരിഷ്‌കാര കമീഷൻ അധ്യക്ഷൻ, സിപിഐ എം പോളിറ്റ് ബ്യൂറോ അംഗം, സംസ്ഥാന സെക്രട്ടറി, ദേശാഭിമാനി പത്രാധിപർ തുടങ്ങിയ പദവികൾ വഹിച്ചു. അദ്ദേഹം സിപിഎം സംസ്ഥാന സെക്രട്ടറിയാകുന്നത് 1980-92 കാലഘട്ടത്തിലാണ്. 1967, 1970, 1991, 2001, 2006, 2011, 2016 വർഷങ്ങളിൽ സംസ്ഥാന നിയമസഭയിലേക്കും തെരഞ്ഞെടുക്കപ്പെട്ടു. 1992 മുതൽ 1996 വരെയും 2001 മുതൽ 2006 വരെയും സഭയിൽ പ്രതിപക്ഷനേതാവായി. 2006 മെയ്‌ 18 ന്‌ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു.

ജയപരാജയങ്ങളൊന്നും അദ്ദേഹത്തിന്റെ പോരാട്ട വീര്യത്തെ തളർത്തിയിരുന്നില്ല. 1965ലാണ് ആദ്യമായി അദ്ദേഹം നിയമസഭയിലേക്ക് മത്സരിക്കുന്നത്. അമ്പലപ്പുഴ മണ്ഡലത്തിൽ നിന്ന് കോൺഗ്രസിലെ കെഎസ് കൃഷ്ണക്കുറുപ്പിനെ എതിരിട്ടപ്പോൾ 2327 വോട്ടുകൾക്ക് അദ്ദേഹം തോറ്റു. എന്നാൽ 1967-ൽ കോൺഗ്രസിലെ തന്നെ എ അച്യുതനെ 9515 വോട്ടുകൾക്ക് തോൽ‌പിച്ച് അദ്ദേഹം നിയമസഭാംഗമായി. 1970 -ൽ ആർ എസ് പിയിലെ കെ കെ കുമാരപിള്ളയെ വി എസ് തോൽപ്പിച്ചു. എന്നാൽ, 77ൽ കുമാരപിള്ളയോട് 5585 വോട്ടുകൾക്ക് തോല്‍വിയേറ്റുവാങ്ങേണ്ടി വന്നു. പിന്നെ നീണ്ട ഇടവേളയ്ക്ക് ശേഷം 1991ൽ മാരാരിക്കുളം മണ്ഡലത്തിൽ നിന്നും നിയമസഭയിലേക്കു മത്സരിച്ചു. അന്ന്, കോൺഗ്രസിലെ ഡി സുഗതനെ 9980 വോട്ടുകൾക്ക് തോല്‍പ്പിച്ചുകളഞ്ഞു വി എസ്. 1996 -ൽ മാർക്സിസ്റ്റു പാർട്ടിയുടെ കോട്ടയെന്ന് തന്നെ വിളിക്കപ്പെടുന്ന മാരാരിക്കുളത്ത് അദ്ദേഹത്തിന് തോല്‍വി ഏറ്റുവാങ്ങേണ്ടി വന്നു. 2001-ൽ മലമ്പുഴ മണ്ഡലത്തിൽ മത്സരിച്ചപ്പോള്‍ ചെറിയ ഭൂരിപക്ഷം മാത്രമാണ് നേടാനായത്. 2006-ൽ ഇതേ മണ്ഡലത്തിൽ മുന്നത്തെ എതിരാളിയായ സതീശന്‍ പാച്ചേനിയെ വമ്പിച്ച ഭൂരിപക്ഷത്തിന് തന്നെ അദ്ദേഹം തോല്‍പ്പിച്ചു.

പിണറായി വിജയനുമായുള്ള അഭിപ്രായ ഭിന്നതയെ കുറിച്ച് പരസ്യപ്രസ്താവനയിറക്കിയതിലൂടെ 2007 മെയ് 26ന് അദ്ദേഹത്തെ പോളിറ്റ് ബ്യൂറോയില്‍ നിന്ന് പുറത്താക്കി. തല്‍ക്കാലത്തേക്കുള്ള നടപടി മാത്രമായിരുന്നു അത്. അപ്പോഴും അദ്ദേഹം തന്നെയാണ് മുഖ്യമന്ത്രി. 2009 ജൂലൈ 12 -ന് വീണ്ടും അച്ചടക്കലംഘനം ചൂണ്ടിക്കാണിച്ച് അദ്ദേഹത്തെ പോളിറ്റ്ബ്യൂറോയില്‍ നിന്ന് പുറത്താക്കുകയും കേന്ദ്രകമ്മിറ്റിയിലേക്ക് തരംതാഴ്ത്തുകയും ചെയ്യുകയുണ്ടായി.

1946 ൽ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ നേതൃത്വത്തില്‍ നടന്ന പുന്നപ്ര-വയലാര്‍ സമര നേതാക്കളിൽ പ്രധാനിയായിരുന്നു വി എസ്. പുന്നപ്രയിലെ നിരവധി ക്യാമ്പുകള്‍ക്ക് നേതൃത്വവും നല്‍കിയിരുന്നു അന്ന് വി എസ്. ഒളിവിൽ കഴിയവെ പൂഞ്ഞാറില്‍നിന്ന് അറസ്റ്റിലായി. പാര്‍ട്ടിയെ കുറിച്ചോ നേതാക്കളെ കുറിച്ചോ വിവരം നല്‍കാന്‍ തയ്യാറാകാത്തതിനെ തുടര്‍ന്ന് കൊടിയ മർദ്ദനം അദ്ദേഹത്തിന് അനുഭവിക്കേണ്ടി വന്നു. ബോധം നശിച്ച വി എസിനെ ആശുപത്രിയിലുപേക്ഷിക്കുകയായിരുന്നു പൊലീസ്.1964ല്‍ സിപിഐ ദേശീയ കൗണ്‍സിലില്‍ നിന്ന് ഇറങ്ങിവന്ന് സിപിഐഎം രൂപീകരിച്ചവരില്‍ ജീവിച്ചിരിക്കുന്ന ഏക മലയാളിയാണ് വിഎസ്. അവിടന്നിങ്ങോട്ടുള്ള സിപിഐഎമ്മിന്റെ സംസ്ഥാന സമ്മേധന ചരിത്രത്തില്‍ സംഘാടകനായും നേതാവായും എന്നും ഉണ്ടായിരുന്നു. പാർട്ടിയുടെ 23-ാം കോൺഗ്രസിൽ ശാരീരിക അവശതകള്‍ മൂലം അദ്ദേഹം വിട്ടുനിന്നു. രാഷ്ട്രീയ രംഗത്ത് സജീവമല്ലെങ്കിലും വി എസ് എന്ന രണ്ടക്ഷരം ഇന്നും കേരള രാഷ്ട്രീയത്തിൽ സുപ്രധാനമാണ്.