റജി നന്തികാട്ട്

യുകെയിലെ സംഗീത രംഗത്തും നൃത്ത രംഗത്തും മുന്നില്‍ നില്‍ക്കുന്ന കലാകാരന്മാരെയും കലാകാരികളെയും പങ്കെടുപ്പിച്ചു ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ വര്‍ണ്ണനിലാവ് ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണി മുതല്‍ ഈസ്റ്റ്ഹാമിലെ ട്രിനിറ്റി സെന്ററില്‍ വച്ച് നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് ഉദ്ഘാടനം ചെയ്യുന്നതതോടുകൂടി കലാ സന്ധ്യയ്ക്ക് തുടക്കമാവും. യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി മത്സരങ്ങളില്‍ സമ്മാനങ്ങള്‍ നേടിയ ആന്‍ മേരി ജോജോ, അശ്വിനി അജിത്, ജോവാന പ്രകാശ് തുടങ്ങിയവരുടെ ഭരതനാട്യം ആന്‍ മേരി ജോജോ, അശ്വിനി അജിത് അവതരിപ്പിക്കുന്ന സിനിമാറ്റിക് ഡാന്‍സ്, യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ അവതരിപ്പിക്കുന്ന സെമിക്ലാസിക്കല്‍ ഡാന്‍സ് തുടങ്ങിയ നൃത്ത പരിപാടികള്‍ വേദിയില്‍ അരങ്ങേറും. യുകെയിലെ പ്രഗത്ഭ ഗായകാരായ റോയി സെബാസ്റ്റ്യന്‍, അനീഷ് ജോര്‍ജ്ജ് , ജോമോന്‍ മാമൂട്ടില്‍, ഉണ്ണികൃഷ്ണന്‍, ടെസ്സമോള്‍ ജോര്‍ജ്ജ്, ഡെന്ന ആന്‍ ജോമോന്‍, വക്കം ജി. സുരേഷ്‌കുമാര്‍ തുങ്ങിയവര്‍ പഴയതും പുതിയതുമായ ഗാനങ്ങള്‍ ആലപിക്കും. കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ജോവാന സോജന്‍ എന്നിവരുടെ സാന്നിധ്യം വര്‍ണ്ണനിലാവിനെ മികവുറ്റതാക്കും.

ജെയ്‌സണ്‍ ജോര്‍ജ്ജ്, ദീപ്തി മനോജ് എന്നിവര്‍ കവിതകള്‍ അവതരിപ്പിക്കും. വര്‍ണ്ണനിലാവിനോടനുബന്ധിച്ചു യുകെയിലെ അറിയപ്പെടുന്ന സാഹിത്യകാരി ബീന റോയി എഴുതിയ കവിതകളുടെ സമാഹാരം ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം നടത്തപ്പെടും. യുക്മ ദേശീയ പ്രസിഡണ്ട് മാമന്‍ ഫിലിപ്പ് പ്രകാശന കര്‍മ്മം നിര്‍വഹിക്കും. തുടര്‍ന്ന് ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യമത്സരത്തിന്റെ സമ്മാനദാനം, കലാ സാഹിത്യ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു നല്‍കുന്ന സാഹിത്യവേദി പുരസ്‌കാരം പ്രമുഖ നാടക കലാകാരന്‍ ബോള്‍ഡ്വിന്‍ സൈമണ്‍ നിരവധി ഷോര്‍ട് ഫിലിമുകളുടെ തിരക്കഥാകൃത്തായും സംവിധായകനായും അഭിനേതാവായും യുകെയിലെ കലാരംഗത്ത് സുപരിചിതനായ ഷാഫി ഷംസുദ്ദീനും നല്‍കും.

വിദ്യാഭാസ രംഗത്ത് നല്‍കിയ സംഭാവനകളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എം.ഡി റെജുലേഷ്, കലാരംഗത്തും സാമൂഹ്യ രംഗത്തും നല്‍കിയ സംഭാവനകളെ മാനിച്ചു ജിബി ജോര്‍ജ്, ഷിജു ചാക്കോ എന്നിവരെ പൊന്നാടയണിയിച്ചു ആദരിക്കും. ലണ്ടന്‍ മലയാള സാഹിത്യവേദി ചാരിറ്റി വിഭാഗം കണ്‍വീനര്‍മാരായ ടോണി ചെറിയാന്‍ ഷാജന്‍ ജോസഫ് എന്നിവരെയും നിരവധി കാരുണ്യ പ്രവര്‍ത്തങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന അമ്മ ചാരിറ്റി സംഘടനയെയും വേദിയില്‍ ആദരിക്കുന്നതായായിരിക്കും. യുകെയിലെ കലാരംഗത്തുള്ളവര്‍ക്ക് വേദിയൊരുക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച വര്‍ണ്ണനിലാവ് നല്ലൊരു ദൃശ്യശ്രാവ്യ വിരുന്നായിരിക്കും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദി എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.