ജീവിതസാഹചര്യം മൂലം കുഞ്ഞുങ്ങളെ ജോലി സ്ഥലത്തേക്കു കൊണ്ടുവരേണ്ടുന്ന സാഹചര്യം നമ്മളില്‍ പലര്‍ക്കുമുണ്ടാകും. കുഞ്ഞുമായി ഫുഡ് ഡെലവറിക്കു നടത്തുന്നതും മറ്റുമുള്ള വീഡിയോ പല തവണ നാം കണ്ടിട്ടുണ്ട്.

ഇവിടെയൊരു യുവാവ് നിത്യവൃത്തിക്കായി കൈക്കുഞ്ഞിനെ തോളില്‍ കയറ്റിക്കൊണ്ട് സൈക്കിള്‍ റിക്ഷ ഓടിക്കുകയാണ്. മധ്യപ്രദേശിലെ ജബല്‍പൂരില്‍നിന്നുള്ള ഈ വീഡിയോ നെറ്റിസണ്‍സിനെ പിടിച്ചുലച്ചിരിക്കുകയാണ്.

ബിഹാറില്‍നിന്നുള്ള കുടിയേറ്റക്കാരനായ രാജേഷാണ് വീഡിയോയിലുള്ളത്. അഞ്ച് വയസുകാരിയായ മകളെ ബസ് സ്റ്റോപ്പില്‍ ഇറക്കിവിട്ട യുവാവ് കൈക്കുഞ്ഞുമായി ജീവിതമാര്‍ഗമായ സൈക്കിള്‍ റിക്ഷ ഓടിക്കുകയാണെന്നു ഒരു ട്വിറ്റര്‍ പോസ്റ്റ് പറയുന്നത്. വീഡിയോ കണ്ട് മനസലിഞ്ഞ പലരും ഇയാള്‍ക്കായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കുന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയാണ്.

ഓഗസ്റ്റ് 25 ന് പോസ്റ്റ് ചെയ്ത വീഡിയോയ്ക്ക് 25,000-ത്തിലധികം വ്യൂസ് ലഭിച്ചുകഴിഞ്ഞു. ”നമുക്ക് അദ്ദേഹത്തിനായി ക്രൗഡ് ഫണ്ടിങ് കാമ്പെയ്ന്‍ ആരംഭിക്കാം. കുറഞ്ഞത് ഒരു ഇ-റിക്ഷയെങ്കിലും അദ്ദേഹത്തിനു ലഭ്യമാക്കാം,” ഒരു ട്വിറ്റര്‍ ഉപയോക്താവ് അഭിപ്രായപ്പെട്ടു.

”അദ്ദേഹത്തിനു തീര്‍ച്ചയായും സഹായം ആവശ്യമാണ്. ഇപ്പോഴത്തെ സാഹചര്യം സുരക്ഷിതമല്ലാത്തതും സങ്കടകരവുമാണ്,” മറ്റൊരാള്‍ എഴുതി. ”നമുക്ക് അദ്ദേഹത്തെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭിക്കും. ബന്ധപ്പെടാന്‍ എന്തെങ്കിലും വഴിയുണ്ടോ?” എന്നു മറ്റൊരാള്‍ കുറിച്ചു. ”ഇത് ലജ്ജാകരമാണ്. സര്‍ക്കാര്‍ ഉടന്‍ ശ്രദ്ധിക്കണം,” മറ്റൊരാള്‍ എഴുതി.

ഉപജീവനമാര്‍ഗം തേടി 10 വര്‍ഷം മുന്‍പാണു രാജേഷ് ബിഹാറില്‍നിന്ന് ജബല്‍പൂരിലെത്തിയതെന്നാണ് ഒരു വാര്‍ത്തയില്‍ പറയുന്നത്. സിയോനി ജില്ലയിലെ കന്‍ഹര്‍ഗാവ് ഗ്രാമത്തില്‍നിന്നുള്ള യുവതിയുമായി പ്രണയത്തിലായിരുന്നു യുവാവ്. തുടര്‍ന്നു കുട്ടികളുമായി ഇരുവരും ഫുട്പാത്തിലായിരുന്നു താമസം. പിന്നീട് യുവതി മറ്റൊരാളോടൊപ്പം പോയി. യുവതിയെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ലെന്നും രണ്ട് കുട്ടികളെയും നല്‍കേണ്ട ഉത്തരവാദിത്തം രാജേഷിന്റേതായെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.