ന്യൂസ് ഡെസ്ക് മലയാളം യുകെ

ഇസ്രയേലിനെതിരായ ഹമാസ് ആക്രമണത്തിന് ഇരയായവർക്ക് പിന്തുണ പ്രഖ്യാപിച്ച് ഡൗണിങ് സ്ട്രീറ്റിൽ ഒത്തുകൂടി ജനങ്ങൾ. പിന്തുണ അറിയിച്ച് ഒത്തുകൂടിയവരിൽ ബന്ദികളാക്കിയവരുടെയും കൊല്ലപ്പെട്ടവരുടെയും ചിത്രങ്ങൾ ഉയർത്തിപ്പിടിച്ചും മെഴുകുതിരി കത്തിച്ചും നിന്നവരും ഉണ്ടായിരുന്നു. ആക്രമണത്തിന് പിന്നാലെ പ്രധാന മന്ത്രി ഋഷി സുനക് വടക്കൻ ലണ്ടനിലെ ഒരു സിനഗോഗിൽ പ്രാത്ഥനയിൽ പങ്കെടുത്ത് ജൂത സമൂഹത്തോടൊപ്പം സമയം ചിലവഴിച്ചിരുന്നു. രാജ്യത്തെ ജൂത വംശജർക്ക് എല്ലാ വിധ സുരക്ഷയും അദ്ദേഹം ഉറപ്പ് നൽകി.

 

ഇസ്രായേലിന് നേരെ ആക്രമണം ഉണ്ടായതിന് പിന്നാലെ ലണ്ടനിലുടനീളം പോലീസ് പട്രോളിംഗ് ശക്തമാക്കിയിരുന്നു. ആക്രമണത്തെ അനുകൂലിച്ച് ആഘോഷങ്ങളുമായി ജനങ്ങൾ ഇറങ്ങിയതിന് പിന്നാലെയാണ് ഇതെന്ന് മെട്രോപൊളിറ്റൻ പോലീസ് പറഞ്ഞു. ശനിയാഴ്ച രാവിലെ നടന്ന അപ്രതീക്ഷിത ആക്രമണത്തിൽ ഇസ്രായേലിൽ 900 ഓളം പേർക്ക് ജീവൻ നഷ്‌ടമായി. ഇതിന് പിന്നാലെ ഗാസയിലെ തിരിച്ചടിയിൽ 690 പേർ കൊല്ലപ്പെട്ടു.

ഗാസയിലെ ഭീകരാക്രമണത്തിൽ ഇതുവരെ പത്തോളം ബ്രിട്ടീഷുകാർക്ക് ജീവൻ നഷ്‌ടമായി. ഈ ആഴ്ച അവസാനത്തോടെ മരണപ്പെട്ട ബ്രിട്ടീഷുകാരുടെ എണ്ണം പത്തിൽ കൂടുമെന്നാണ് അധികൃതർ പറയുന്നത്. ഡൗണിംഗ് സ്ട്രീറ്റിൽ ഐക്യദാർഢ്യം പ്രകടിപ്പിച്ചു കൊണ്ട് പങ്കെടുത്തവരിൽ ഭൂരിഭാഗവും കാണാതായതോ കൊല്ലപ്പെട്ടതോ ആയവരുടെ ബന്ധുക്കളും സുഹൃത്തുക്കളും ആണ്