ന്യൂഡല്‍ഹി: നരേന്ദ്ര മോദി സര്‍ക്കാരിനെതിരായ ആദ്യ അവിശ്വാസ പ്രമേയം ലോക്‌സഭയില്‍ അവതരിപ്പിച്ചു. ടിഡിപിയാണ് സര്‍ക്കാരിനെതിരെ അവിശ്വാസപ്രമേയം കൊണ്ടുവന്നത്. പ്രതിപക്ഷ പാര്‍ട്ടികളുടെ മുഴുവന്‍ പിന്തുണയും ടിഡിപിയുടെ അവിശ്വാസ പ്രമേയത്തിനുണ്ട്. ടിഡിപി അംഗം  ജയദേവ് ഗല്ല ആണ് അവിശ്വാസ പ്രമേയം അവതരിപ്പിച്ചത്. പ്രമേയാവതരണത്തിന് ശേഷം സഭയില്‍ ചര്‍ച്ച നടക്കും. വോട്ടെടുപ്പ് വൈകീട്ട് ആറുമണിക്കാണ് നടക്കുക.

അവിശ്വാസ പ്രമേയ വോട്ടെടുപ്പില്‍നിന്ന് ശിവസേന വിട്ടുനില്‍ക്കുകയാണ്. ശിവസേനയ്ക്ക് 18 എംപിമാരാണ് ലോക്സഭയിലുള്ളത്. ബിജു ജനതാദള്‍ അംഗങ്ങള്‍ സഭയില്‍നിന്ന് ഇറങ്ങിപ്പോയി.  അവിശ്വാസപ്രമേയത്തിലുള്ള ചര്‍ച്ചയ്ക്കും വോട്ടെടുപ്പിനുമായി വെള്ളിയാഴ്ചത്തെ സമ്മേളനം പൂര്‍ണമായി നീക്കിവെച്ചിരിക്കുകയാണ്.

അവിശ്വാസപ്രമേയത്തിനെതിരെ നൂറിലധികം വോട്ടുകളുടെ ഭൂരിപക്ഷം എന്‍ഡിഎ സര്‍ക്കാര്‍ ഉറപ്പാക്കി കഴിഞ്ഞു. സംഖ്യകള്‍കൊണ്ട് സര്‍ക്കാരിനെ വീഴ്ത്താന്‍ കഴിയില്ലെങ്കിലും സംവാദത്തില്‍ തുറന്നുകാട്ടാനാകും പ്രതിപക്ഷത്തിന്റെ ശ്രമം. ലോക്‌സഭാ തിരഞ്ഞെടുപ്പു ലക്ഷ്യമിട്ടുള്ള പ്രതിപക്ഷ ഐക്യം അരക്കിട്ടുറപ്പിക്കലും പ്രചാരണവും കൂടിയാകും പാര്‍ലമെന്റിലെ ബലപരീക്ഷണം.

ഒന്നര പതിറ്റാണ്ടിന് ശേഷമാണ് അവിശ്വാസപ്രമേയം ലോക്‌സഭയില്‍ വരുന്നത്. കണക്കിലെ കളികള്‍ മോദിക്ക് അനുകൂലമാണ്. 271 അംഗങ്ങളുള്ള ബിജെപിക്ക് അണ്ണാഡിഎംകെ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. സ്പീക്കറെ കൂടാതെ 533 അംഗങ്ങളാണ് ലോക്‌സഭയിലുള്ളത്. ഭൂരിപക്ഷത്തിന് വേണ്ട മാന്ത്രിക സംഖ്യ 268 ആണ്. ബിജെഡിയുടെ കൂടി പിന്തുണ ലഭിച്ചാല്‍പ്പോലും പ്രതിപക്ഷത്തിന് പരമാവധി ലഭിക്കുക 185 വോട്ടാണ്.

ആന്ധ്രയ്ക്ക് പ്രത്യേക പാക്കേജ് അനുവദിക്കാത്തതില്‍ പ്രതിഷേധിച്ചാണ് ടിഡിപി അവിശ്വാസപ്രമേയത്തിനു നോട്ടീസ് നല്‍കിയതെങ്കിലും കര്‍ഷകപ്രശ്‌നങ്ങള്‍, ആള്‍ക്കൂട്ടക്കൊല, ദളിത് പ്രക്ഷോഭം, സാമ്പത്തിക പ്രതിസന്ധികള്‍, വിദേശനയം തുടങ്ങിയ വിഷയങ്ങളായിരിക്കും സര്‍ക്കാരിനെതിരേ പ്രതിപക്ഷം ഉന്നയിക്കുക. ചര്‍ച്ചയ്ക്കുള്ള പ്രധാനമന്ത്രിയുടെ മറുപടി തിരഞ്ഞെടുപ്പ് പ്രചാരണപരിപാടികളുടെ തുടക്കമാക്കാനാണ് ബി.ജെ.പി. തീരുമാനം. പ്രധാനമന്ത്രിയുടെ മറുപടിക്കുശേഷമാവും വോട്ടെടുപ്പ്.