സുമേഷൻ പിള്ള

കാർഡിഫ് : കാർഡിഫ് ഡ്രാഗൻസ് ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ്‌ നടത്തിയ ഒന്നാമത് ഓൾ യൂറോപ്പ് വോളി ബോൾ ടൂർണമെന്റിൽ ആതിഥേയരായ കാർഡിഫ് ഡ്രാഗൺ റെഡ് ചാമ്പ്യൻമാരായി. ഉത്ഘാടന സമ്മേളനത്തിൽ ക്ലബ്‌ പ്രസിഡന്റ്‌ ഡോ മൈക്കിൾ ജോസിന്റെ അധ്യക്ഷതയിൽകൂടിയ സമ്മേളനത്തിൽ കാർഡിഫ് മേയർ ലോർഡ് ഡോ ബാബിലിൻ മോലിക് മുഖ്യാതിഥി ആയി എത്തി. സെന്റ് തോമസ് മിഷൻ ഡയറക്ടർ റെവ ഫാ. പ്രജിൽ പണ്ടാരപറമ്പിൽ ഉത്ഘാടനം ചെയ്തു. ക്ലബ്‌ സെക്രട്ടറി ജോസ് കാവുങ്ങൽ നന്ദി പ്രകടിപ്പിച്ചു. യു കെ യിലെയും, യൂറോപ്പിലെയും മികച്ച പത്തു ടീമുകൾ പങ്കെടുത്ത ടൂർണമെന്റ് തുല്യശക്തികളുടെ പോരാട്ടം തന്നെ ആയിരുന്നു. അതിലുപരി ഗാലറി നിറഞ്ഞു നിന്ന ആരാധകരെ ത്രസിപ്പിക്കുന്നത് തന്നെ ആയിരുന്നു ഈ വോളീബോൾ മാമാങ്കം.

കേബ്രിഡ്ജിന്റെ റിച്ചാർഡും ഷെഫ്ഫീൽഡിന്റെ കുര്യാച്ചനും ഒക്കെ നടത്തിയ എണ്ണം പറഞ്ഞ സ്മാഷുകൾ സ്പോർട്സ് വെയിൽസ് സെന്ററിനെ പ്രകമ്പനം കൊള്ളിക്കുന്നത് ആയിരുന്നു. ശക്തരിൽ ശക്തർ ആരെന്നു കണ്ടുപിക്കാൻ ബുദ്ധിമുട്ട് ഉളവാകുന്നത് ആയിരുന്നു സെമി ലൈൻ അപ്പ്. ടൂർണമെന്റിലെ കറുത്ത കുതിരകൾ ആയി ഗ്രൂപ്പ്‌ ചാമ്പ്യൻമാരായി കെ വി സി ഡബ്ലിനും രണ്ടാം സ്ഥാനകരായി കാർഡിഫ് റെഡ് ഡ്രാഗൻസ് പൂൾ എ യിൽ നിന്നും സെമി ബെർത്ത്‌ ഉറപ്പിച്ചപ്പോൾ പൂൾ ബി യിൽ നിന്നും ശക്തമായ ഗ്രൂപ്പ്‌ പോരാട്ടത്തിന് ശേഷം കാർഡിഫ് ഡ്രാഗൻസ് ബ്ലൂവും എ ഐ വി സി പ്രെസ്റ്റണും സെമിയിലേയ്ക്ക് നടന്നു കയറി. ജമ്പ് സെർവുകളുടെ അർജുൻ രാജകുമാരനായ അർജുൻ ക്യാപ്റ്റൻ ജിനോ എന്നിവരുടെ നേതൃത്വത്തിൽ എത്തിയ കാർഡിഫ് ഡ്രാഗൻസിനെ പിടിച്ചു കെട്ടാൻ എ ഐ വി സി പ്രെസ്റ്റൺ അറ്റാക്കർ ആയ ഷിബിന്റെ നേതൃത്വത്തിൽ മികച്ച പ്രകടനം നടത്തിയെങ്കിലും അറ്റാക്കറായ ശിവയുടെ ശിവ താണ്ടവവും ചൈന വന്മതിൽ പോലെ ബ്ലോക്കിങ്ങിൽ ഉറച്ചു നിന്ന സിറാജ്ഉം റെഡ് കാർഡിഫ് ഡ്രാഗനസിന്റെ ഫൈനലിലേക് ഉള്ളവഴിതുറന്നു.

രണ്ടാം സെമിയിൽ വോളിബാൾ കൊണ്ട് ഇന്ദ്രജാലം കാട്ടുന്ന ശ്യാമിന്റെ നേതൃത്വത്തിൽ ഇറങ്ങിയ ടീമിനോട് ഏറ്റുമുട്ടിയത് ടൂർണമെന്റിലെ കറുത്ത കുതിരകളായ കെ വി സി ഡബ്ലിൻ ആയിരുന്നു. ബാക്ക് കോർട്ടിൽ നിന്നും ഷെബിന്റെ എണ്ണം പറഞ്ഞ പാസ്സുകൾ ഇടിമുഴക്കം നിറഞ്ഞ ശബ്ദത്തിൽ കോർട്ടിൽ പതിഞ്ഞപ്പോൾ അതിൽ ക്രിസ്റ്റിയുടെയും രാഹുലിന്റെയും ബിനീഷിന്റെയും കരസ്പർശം ഉണ്ടായിരുന്നു. നെറ്റിനു മുകളിൽ കൈ വിടർത്തി നിന്ന ജെസ്വിൻ എതിർ കോർട്ടിൽ നിന്നും ഉള്ള ബോൾ വരവിനെ ശക്തമായി തടഞ്ഞു നിർത്തി. ശക്തരായ പ്രെസ്റ്റണും കെ വി സി ഡബ്ലിൻ കളിച്ച മൂന്നാം സ്ഥാനത്തിന് വേണ്ടി ഉള്ള കളിയിൽ പ്രെസ്റ്റൺ വിജയിച്ചു.

ഫൈനലിൽ അതിഥേയരായ കാർഡിഫ് റെഡ് ഡ്രാഗൻസും ബ്ലൂ ഡ്രാഗോൻസും തമ്മിൽ ഉള്ള വാശിയെറിയ പോരാട്ടത്തിൽ കാർഡിഫ് റെഡ് ഡ്രാഗൻസ് ചാമ്പ്യന്മാരായി. ഇരു ടീമുകളുടെയും മുഖ്യ പരിശീലകൻ ശ്രീ ഷാബു ജോസഫ് ആണ്. ടൂർണമെന്റിലെ മികച്ച കളിക്കാരൻ ആയി കാർഡിഫിന്റെ ബിനീഷും മികച്ച അറ്റാക്കറായി കാർഡിഫിന്റെ ശിവയും മികച്ച ബ്ലോക്കർ ആയി കെ വി സി ഡബ്ലിന്റെ ജോമിയും മികച്ച സെറ്റർ ആയി കാർഡിഫിന്റെ ശ്യാംമിനെയും തിരഞ്ഞെടുത്തു. കഴിഞ്ഞ 9 മാസത്തിനുള്ളിൽ കാർഡിഫ് ഡ്രാഗൻസ് മൂന്നാമത്തെ പ്രാവശ്യമാണ് ചാമ്പ്യൻമാർ ആകുന്നത്. കാർഡിഫ് ഡ്രാഗൺ ആർട്സ് & സ്പോർട്സ് ക്ലബ് സംഘടിപ്പിച്ച ഈ കായികവിരുന്ന് ഒരു വൻ വിജയമാക്കാൻ പ്രവർത്തിച്ചത് ഡോക്ടർ മൈക്കിൾ, ജോസ് കാവുങ്കൽ, ജിജോ ജോസ്, നോബിൾ ജോൺ, ഷാജി ജോസഫ് എന്നിവരോടൊപ്പം കാർഡിഫിലെ കുറെ നല്ല സുഹൃത്തുക്കൾ കൂടിയാണ്. ആദ്യമായി കാർഡിഫിൽ അരങ്ങേറിയ ഈ വോളീബോൾ മാമാങ്കം ആഘോഷിക്കാൻ യുകെയുടെ വിവിധ ഭാഗങ്ങളിൽ നിന്നും രാവിലെ തന്നെ സ്പോർട്സ് വെയിൽസ്‌ സെന്ററിലേക്ക് അനേകർ ഓടിയെത്തി.