അമേരിക്കയില്‍ സഞ്ചരിച്ചുകൊണ്ടിരുന്ന വാഹനത്തില്‍ നിന്നും ‘ഡോളര്‍ മഴ’. വെള്ളിയാഴ്ച്ച രാവിലെ 9:15ഓടെ അമേരിക്കയിലെ തെക്കന്‍ കാലിഫോര്‍ണിയയിലാണ് സംഭവം.

സാന്റിയാഗോയിലെ ഫെഡറല്‍ ഡെപോസിറ്റ് ഇന്‍ഷുറന്‍സ് കമ്പനിയിലേക്കുള്ള പണവുമായി പോവുകയായിരുന്ന ട്രക്കില്‍ നിന്നാണ് റോഡിലേയ്ക്ക് പണം ചിന്നിച്ചിതറിയത്. ഗ്രില്ലുകളൊക്കെയായി എല്ലാവിധ സുരക്ഷാ സംവിധാനങ്ങളും ഉള്ള വാഹനത്തിന്റെ ഒരു വാതില്‍ ഓട്ടത്തിനിടെ തുറന്ന് പണം പുറത്തേയ്ക്ക് വീഴുകയായിരുന്നു എന്നാണ് കാലിഫോര്‍ണിയ ഹൈവേ പട്രോള്‍ സര്‍ജന്റ് (സിഎച്ച്പി) കര്‍ട്ടിസ് മാര്‍ട്ടിന്‍ പറഞ്ഞത്.

റോഡിലേയ്ക്ക് തെറിച്ചു വീണ നോട്ടുകെട്ടുകള്‍ പെറുക്കിയെടുക്കാന്‍ ആളുകള്‍ ഓടിക്കൂടി. ഇത് വന്‍ ഗതാഗതകുരുക്കിന് കാരണമായി. രണ്ട് മണിക്കൂറോളം ഹൈവേ അടച്ചിട്ടു.

ബോഡി ബില്‍ഡറായ ഡെമി ബാഗ്ബി തന്റെ ഇന്‍സ്റ്റാഗ്രാം പേജില്‍ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചു. ആളുകള്‍ പണം പെറുക്കിയെടുക്കുന്നതും വാരിയെറിയുന്നതുമെല്ലാം വീഡിയോയില്‍ കാണാം.

റോഡില്‍ നിന്നും ആളുകള്‍ക്ക് കിട്ടിയ പണം തിരികെ ഏല്‍പ്പിയ്ക്കണമെന്ന് അധികൃതര്‍ ആവശ്യപ്പെട്ടിട്ടുണ്ട്. എത്ര പണം നഷ്ടപ്പെട്ടുവെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല. വെള്ളിയാഴ്ച ഉച്ചയോടെ നിരവധി ആളുകള്‍ അവര്‍ ശേഖരിച്ച പണം സിഎച്ച്പിയിലേക്ക് തിരികെ നല്‍കിയതായി സാന്‍ ഡീഗോ യൂണിയന്‍-ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തു.

ആരെങ്കിലും പണം എടുത്തതായി കണ്ടെത്തിയാല്‍ അവര്‍ക്ക് എതിരെ ക്രിമിനല്‍ കുറ്റം ചുമത്തി കേസെടുക്കുമെന്ന് സര്‍ജന്റ് മാര്‍ട്ടിന്‍ മുന്നറിയിപ്പ് നല്‍കി. സംഭവസ്ഥലത്ത് വെച്ചുതന്നെ രണ്ടു പേരെ അറസ്റ്റും ചെയ്തു.

സംഭവം കണ്ടു നിന്ന് ആളുകള്‍ പകര്‍ത്തിയ വീഡിയോയെ ആധാരമാക്കി കാലിഫോര്‍ണിയ ഹൈവേ പട്രോളും എഫ്ബിഐയും കേസ് അന്വേഷിക്കുകയാണ് എന്നും സര്‍ജന്റ് മാര്‍ട്ടിന്‍ പറഞ്ഞു.

 

 

View this post on Instagram

 

A post shared by DEMI BAGBY (@demibagby)