വാര്‍ത്താസമ്മേളനത്തില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ ഇഷ്ട ചാനലായ ഫോക്‌സ് ന്യൂസിന്റെ റിപ്പോര്‍ട്ടറെ രൂക്ഷമായി ചീത്ത വിളിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍. വൈറ്റ് ഹൗസ് ഫോട്ടോ ഓപ്പണിനിടെയായിരുന്നു സംഭവം.

പണപ്പെരുപ്പം ഒരു രാഷ്ട്രീയ ബാധ്യതയാണോ എന്ന ഫോക്‌സ് റിപ്പോര്‍ട്ടര്‍ പീറ്റര്‍ ഡൂസിയുടെ ചോദ്യമാണ് ബൈഡനെ ചൊടിപ്പിച്ചത്. ഇതിന് വിലക്കയറ്റം എന്നത് വലിയ സമ്പത്താണെന്നും കൂടുതല്‍ പണപ്പെരുപ്പം വരട്ടെ എന്നുമായിരുന്നു ബൈഡന്റെ പരിഹാസം. ഉത്തരം നല്‍കിയതിന് പിന്നാലെ ‘സ്റ്റുപ്പിഡ് സണ്‍ ഓഫ് എ ബിച്ച് ‘ എന്ന് ബൈഡന്‍ ഡൂസിയെ അസഭ്യം പറയുകയായിരുന്നു. മൈക്ക് ഓണ്‍ ആണെന്നോര്‍ക്കാതെയായിരുന്നു പരാമര്‍ശമെങ്കിലും ക്യാമറകള്‍ ഇത് കൃത്യമായി പകര്‍ത്തി.

പലരും വീഡിയോയിലൂടെയാണ് ബൈഡന്‍ പറഞ്ഞതെന്തെന്ന് വ്യക്തമായി കേട്ടത്. വീഡിയോ വൈറലായതോടെ വിവാദം പുകഞ്ഞ് കത്തുകയാണ് യുഎസില്‍. ബൈഡനെതിരെ പ്രമുഖരടക്കം രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ വൈറ്റ് ഹൗസ് സംഭവത്തില്‍ പ്രതികരിച്ചിട്ടില്ല.സംഭവത്തെ ചിരിച്ച് തള്ളിയ ഡൂസി പ്രസിഡന്റ് തന്നെ നേരില്‍ വിളിച്ചതായും വെറുതേ പറഞ്ഞതാണ് കാര്യമായി എടുക്കേണ്ടെന്ന് പറഞ്ഞതായും അറിയിച്ചിട്ടുണ്ട്.

ഡോണള്‍ഡ് ട്രംപിനെയും വലതുപക്ഷ പാര്‍ട്ടിയെയും ശക്തമായി പിന്തുണയ്ക്കുന്നവരാണ് ഫോക്‌സ് ന്യൂസ്. വിലക്കയറ്റത്തെക്കുറിച്ചടക്കമുള്ള തീപ്പൊരി ചോദ്യങ്ങളില്‍ ബൈഡന്‍ തീരെ തൃപ്തനല്ലായിരുന്നുവെന്നാണ് വിവരം.