ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ ഏകദിനത്തിലെ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞിരുന്നത് സാക്ഷാല്‍ സച്ചിന്‍ ടെണ്ടുല്‍ക്കറായിരുന്നു. സച്ചിന്‍ കളത്തിലിറങ്ങിയ കാലമത്രയും ആ നമ്പര്‍ ഈ കുറിയ മനുഷ്യന് സ്വന്തമായിരുന്നു. സച്ചിന്റെ വിരമിക്കലിന് ശേഷം അദ്ദേഹത്തോടുള്ള ആദരസൂചകമായി ആ നമ്പര്‍ മറ്റാര്‍ക്കും നല്‍കാതെ ബിസിസിഐ കാത്തുസൂക്ഷിക്കുകയും ചെയ്തു.

എന്നാല്‍ കഴിഞ്ഞ ദിവസം ഒരിന്ത്യന്‍ താരം ഈ പത്താം നമ്പര്‍ ജേഴ്‌സി അണിഞ്ഞ് കളത്തിലിറങ്ങി. ഏറെ നാളിന് ശേഷമായിരുന്നു ഒരു ഇന്ത്യന്‍ താരത്തിന് പത്താം നമ്പര്‍ ലഭിക്കുന്നത്. ഏകദിന ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിച്ച ശാര്‍ദൂല്‍ താക്കൂര്‍ എന്ന പേസ് ബൗളര്‍ക്കാണ് ആ ഭാഗ്യം ലഭിച്ചത്. ശ്രീലങ്കയ്‌ക്കെതിരായ നാലാം ഏകദിനത്തിലായിരുന്നു ശാര്‍ദൂല്‍ അരങ്ങേറ്റം കുറിച്ചത്.
എന്നാല്‍ ശാര്‍ദൂലിന് പത്താം നമ്പര്‍ ജേഴ്‌സി അനുവദിച്ച ബിസിസിഐയുടെ തീരുമാനത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ ആരാധകര്‍ രംഗത്തെത്തി. പത്താം നമ്പര്‍ ജേഴ്‌സിയില്‍ സച്ചിനെയല്ലാതെ മറ്റാരെയും കാണാനാകില്ലെന്ന് ആരാധകര്‍ അഭിപ്രായപ്പെട്ടു. ജേഴ്‌സി നമ്പര്‍ 10 എന്ന പേരില്‍ ആരാധകര്‍ ഹാഷ് ടാഗ് കാംപെയിനും ആരംഭിച്ചിട്ടുണ്ട്.

പത്താം നമ്പര്‍ ജേഴ്‌സി ശാര്‍ദൂല്‍ താക്കൂര്‍ അര്‍ഹിക്കുന്നില്ലെന്നും അത് അഴിച്ചുമാറ്റണമെന്നും ആവശ്യപ്പെട്ടു. പത്താം നമ്പര്‍ ജേഴ്‌സില്‍ ശ്രീലങ്കയ്‌ക്കെതിരായ അരങ്ങേറ്റം ശാര്‍ദൂല്‍ മോശമാക്കിയില്ല. ഏഴോവര്‍ എറിഞ്ഞ താക്കൂര്‍ 26 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്തു. മത്സരത്തില്‍ ഇന്ത്യ 168 റണ്‍സിന്റെ കൂറ്റന്‍ വിജയമാണ് സ്വന്തമാക്കിയത്. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ലങ്ക 42.4 ഓവറില്‍ 207 റണ്‍സിന് പുറത്താവുകയായിരുന്നു.