ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യമനിലെ ഹൂതി കേന്ദ്രങ്ങൾക്ക് നേരെ യുഎസ് – യുകെ ചേർന്ന് നടത്തിയ സംയുക്ത ആക്രമണത്തിന് ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി റിഷി സുനക് ആദ്യമായി പ്രതികരിച്ചിരിക്കുകയാണ്. സുരക്ഷ സംരക്ഷിക്കുവാൻ തന്റെ സർക്കാർ മടിക്കില്ലെന്ന് അദ്ദേഹം തുറന്ന് പ്രസ്താവിച്ചു. ചെങ്കടലിലൂടെയുള്ള വാണിജ്യ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം അസ്വീകാര്യമാണെന്ന് ഹൂതി വിമതർക്ക് ശക്തമായ സന്ദേശം നൽകാനാണ് നടപടി ലക്ഷ്യമിടുന്നതെന്ന് അദ്ദേഹം പറഞ്ഞു. 2022 ഒക്ടോബറിൽ പ്രധാനമന്ത്രിയായതിന് ശേഷം ഇതാദ്യമായാണ് സുനക് ബ്രിട്ടനെ പുതിയ സൈനിക നടപടിക്ക് വിധേയമാക്കുന്നത്. മാധ്യമപ്രവർത്തകരോട് സംസാരിച്ച സുനക് ഈ സൈനിക നടപടിയെ ന്യായീകരിക്കുകയാണ് ചെയ്തത്. സമഗ്രമായ നയതന്ത്ര ചർച്ചകൾക്ക് ശേഷമുള്ള അവസാനത്തെ ആശ്രയമായിരുന്നു ഈ നടപടിയെന്ന് അദ്ദേഹം വ്യക്തമാക്കി.

യെമന്റെ വടക്കൻ പ്രവിശ്യകളിൽ കേന്ദ്രമാക്കി പ്രവർത്തിച്ചുവരുന്ന ഹൂതികൾ, അന്താരാഷ്ട്ര രാജ്യങ്ങൾക്ക് തങ്ങളോടുള്ള സമീപനം മനസ്സിലാക്കേണ്ടത് അത്യന്താപേക്ഷിതമാണെന്നും സുനക് വ്യക്തമാക്കി. കഴിഞ്ഞ വ്യാഴാഴ്ചയാണ് യുഎസും യുകെയും ചേർന്ന് ഹൂതി കേന്ദ്രങ്ങളിൽ സംയുക്ത വ്യോമാക്രമണം നടത്തിയത്. ഗാസയിലെ സംഘർഷത്തിൽ പ്രതിഷേധിച്ച്, ഇസ്രയേലുമായി ബന്ധമുള്ള കപ്പലുകളാണ് തങ്ങൾ ആക്രമിച്ചതെന്നാണ് ഹൂതികൾ നൽകിയ വാദം. എന്നാൽ ഇസ്രയേലുമായി ഒരു ബന്ധമില്ലാത്ത കപ്പലുകൾക്ക് നേരെയും ആക്രമണം ഉണ്ടായതാണ് ലോകരാജ്യങ്ങളെ ചൊടിപ്പിച്ചത്. ആക്രമണങ്ങൾ മൂലം പ്രമുഖ ഷിപ്പിംഗ് കമ്പനികൾ എല്ലാം തന്നെ ചെങ്കടലിലൂടെയുള്ള ഗതാഗതം വഴിതിരിച്ചുവിടുന്നതിലേക്ക് കാരണമായി.

റോയിട്ടേഴ്‌സ് വാർത്താ ഏജൻസിയോട് സംസാരിച്ച ഹൂതി ചീഫ് നെഗോഷ്യേറ്റർ മുഹമ്മദ് അബ്ദുൾസലാം, യുഎസ്-യുകെ ആക്രമണങ്ങൾ തങ്ങളുടെ നിലപാടിൽ മാറ്റം വരുത്തിയിട്ടില്ലെന്നും കപ്പലുകൾക്ക് നേരെയുള്ള ആക്രമണം തുടരുമെന്നും പറഞ്ഞു. ഹൂതികൾക്കെതിരെ ഇനിയും ആക്രമണങ്ങൾ ഉണ്ടാകുമോ എന്ന ചോദ്യത്തിന്, ബ്രിട്ടീഷുകാരുടെ സുരക്ഷയും താൽപ്പര്യങ്ങളും സ്വത്തുക്കളും ഉറപ്പാക്കാൻ മടിക്കില്ലെന്ന മറുപടിയാണ് സുനക് പറഞ്ഞത്. ചെങ്കടലിലെ കപ്പലുകൾക്ക് നേരെയുള്ള ആക്രമണം ഹൂതികൾ അവസാനിപ്പിച്ചില്ലെങ്കിൽ, കൂടുതൽ നടപടികളിലേക്ക് സർക്കാർ നീങ്ങേണ്ടി വരുമെന്ന് പ്രതിരോധ സെക്രട്ടറി ഗ്രാന്റ് ഷാപ്പ്സ് ബിബിസിയോട് പറഞ്ഞു. എന്നാൽ മിലിറ്ററി നടപടിക്ക് മുൻപ് എംപിമാരോട് ചർച്ച ചെയ്തില്ലെന്ന വിവാദവും ബ്രിട്ടനിൽ ഉയരുന്നുണ്ട്.