ബേസില്‍ ജോസഫ്

ചേരുവകള്‍

അയല മീന്‍ -6 എണ്ണം
തേങ്ങാ – 1/2 മുറി
വാളന്‍ പുളി – 25 ഗ്രാം
ഇഞ്ചി -50 ഗ്രാം
വെളുത്തുള്ളി -1 കുടം
തക്കാളി -3 എണ്ണം
മുളകുപൊടി -1 ടീസ്പൂണ്‍
മഞ്ഞള്‍പൊടി -1/2 ടീസ്പൂണ്‍
ഉലുവ -1/2 ടീസ്പൂണ്‍
കുഞ്ഞുള്ളി -4 എണ്ണം
കറിവേപ്പില -1 തണ്ട്
വറ്റല്‍മുളക് -2 എണ്ണം
ഉപ്പ് -ആവശ്യത്തിന്
ഓയില്‍ -25 ml

പാകം ചെയ്യുന്ന വിധം

മീന്‍ നന്നായി വൃത്തിയാക്കി കഴുകി കഷണങ്ങള്‍ ആക്കുക. വാളന്‍ പുളി വെള്ളത്തില്‍ അലിയിപ്പിച്ചു വയ്ക്കുക. വെളുത്തുള്ളിയും ഇഞ്ചിയും ചതച്ചെടുത്തു വയ്ക്കുക. ഒരു പാന്‍ (മണ്‍ചട്ടി ഉത്തമം) എടുത്തു ചതച്ചെടുത്ത ഇഞ്ചിയും വെളുത്തുള്ളിയും തക്കാളിയും അല്‍പം ഓയിലില്‍ മഞ്ഞള്‍പൊടിയും ഉപ്പും ചേര്‍ത്ത് വഴറ്റുക. ഇതിലേയ്ക്ക് തയ്യാറാക്കി വച്ചിരിക്കുന്ന വാളന്‍ പുളി വെള്ളവും ചേര്‍ത്ത് ചെറു തീയില്‍ കുക്ക് ചെയ്യുക. ചിരകി വച്ചിരിക്കുന്ന തേങ്ങായും മുളകുപൊടിയും നന്നായി മിക്‌സ് ചെയ്തു അല്പം വെള്ളവും ചേര്‍ത്ത് മിക്‌സിയില്‍ ഒരു പേസ്റ്റ് പരുവത്തില്‍ അരച്ചെടുക്കുക. തക്കാളി വെന്തുകഴിയുമ്പോള്‍ ഈ അരപ്പും കൂടി ചേര്‍ത്ത് മീന്‍ വേകുന്നതുവരെ ചെറുതീയില്‍ കുക്ക് ചെയ്യുക. മീന്‍ കുക്ക് ആയി തിളക്കുമ്പോള്‍ ഗ്യാസ് ഓഫ് ചെയ്തു ചട്ടി അടുപ്പില്‍ നിന്നും മാറ്റി വയ്ക്കുക. ഒരു പാനില്‍ ഓയില്‍ ചൂടാക്കി ഉലുവ, കറിവേപ്പില, കുഞ്ഞുള്ളി അരിഞ്ഞത്, വറ്റല്‍മുളക് എന്നിവ ഗോള്‍ഡന്‍ നിറമാകുന്നതു വരെ വഴറ്റി മീന്‍കറിയില്‍ ചേര്‍ക്കുക. തേങ്ങാ അരച്ച അയലക്കറി റെഡി. ഒരു ദിവസം വച്ചതിന് ശേഷം ഉപയോഗിക്കുകയാണെങ്കില്‍ മസാല എല്ലാം നന്നായി ചേര്‍ന്ന് കൂടുതല്‍ രുചിയോടെ കഴിക്കാം.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക