ഡൽഹിയിലെ ബുരാരിയിൽ ഒരു കുടുംബത്തിലെ 11 പേർ മരിച്ച സംഭവത്തിൽ പുതിയ വിവരങ്ങൾ പുറത്ത്. കുടുംബത്തിലെ 15 വയസ്സുകാരായ ധ്രുവ്, ശിവം എന്നിവർ ആത്മഹത്യ ചെയ്യാൻ വിസമ്മതിച്ചുവെന്നും ഇതേത്തുടർന്നാണ് ഇവരുടെ കൈകൾ കെട്ടിയിട്ടതെന്നും പൊലീസ് പറയുന്നു.
ഭാട്ടിയ കുടുംബത്തിൽ‌ നിന്നും കണ്ടെത്തിയ ഡയറിക്കുറിപ്പുകളിലധികവും പ്രിയങ്കയുടെ കയ്യക്ഷരമാണെന്നും പൊലീസ് പറഞ്ഞു. 11 ഡയറികളാണ് ഇവിടെ നിന്നും കണ്ടെത്തിയത്. സംഭവത്തിൻറെ പ്രധാന ആസൂത്രകനെന്നു കരുതപ്പെടുന്ന ലളിത് ഭാട്ടിയ പറഞ്ഞ കാര്യങ്ങൾ ആരുടെയെങ്കിലും പ്രേരണ മൂലമാണോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്. മരിച്ചുപോയ അച്ഛൻറെ ആത്മാവിനോട് തൻറെ ഭർത്താവ് സംസാരിച്ചിരുന്നുവെന്ന് ലളിതിൻറെ ഭാര്യ ടിന തങ്ങളോട് പറ‍ഞ്ഞിരുന്നുവെന്നും എന്നാൽ അസാധാരണമായ രീതിയിൽ ലളിത് പെരുമാറുന്നത് കണ്ടിട്ടില്ലെന്നും ബന്ധുക്കളിൽ ചിലർ പറയുന്നു.

സംഭവത്തിൽ പന്ത്രണ്ടാമത് ഒരാൾക്ക് പങ്കില്ലെന്നു തെളിയിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ രണ്ടു ദിവസം മുന്‍പ് പുറത്തു വന്നിരുന്നു. ഒരു സ്ത്രീയും രണ്ട് കുട്ടികളും ചേർന്ന് കൂട്ട ആത്മഹത്യക്കുവേണ്ട സ്റ്റൂളുകളും കയറും അകത്തേക്ക് കൊണ്ടുപോകുന്നത് ദൃശ്യങ്ങളിൽ കാണാം. ലളിത് ഭാട്ടിയയുടെ നിർദേശമനുസരിച്ചാണ് ഇവർ പ്രവർത്തിക്കുന്നത്.
രാജസ്ഥാനിലും ഹരിയാനയിലുമായി താമസിക്കുന്ന ലളിതിൻറെ സഹോദരങ്ങള്‍ക്ക് സംഭവത്തിനു പിന്നിലെ യഥാർത്ഥ കാരണമെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. അതേസമയം സംഭവത്തിൽ കേസ് അന്വേഷണം പുരോഗമിക്കുകയാണ്, സുനന്ദ പുഷ്കർ, ആരുഷി തല്‍വാർ കൊലക്കേസുകളിൽ പിന്തുടര്‍ന്ന മന:ശാസ്ത്ര പോസ്റ്റ്മോർട്ടം പൊലീസ് ഈ കേസിലും അവലംബിക്കുമെന്നാണ് റിപ്പോർട്ടുകൾ. മരിച്ച ആളുകളുടെ മാനസികാവസ്ഥ വിശകലനം ചെയ്തു കൊണ്ടായിരിക്കും മന:ശാസ്ത്ര പോസ്റ്റ്മോർട്ടം നടത്തുക.