‘നക്ഷത്രങ്ങള്‍ക്ക് തിളക്കമോ ചന്ദ്രന് അത്രയേറെ സൗന്ദര്യമോ ഇല്ല. തിളക്കമുള്ള നക്ഷത്രങ്ങളും സുന്ദര ചന്ദ്രനുമുള്ള ദുരൂഹതകളുടെ ആകാശം വാസ്തവത്തില്‍ അങ്ങനെയല്ലെന്ന് പഠനങ്ങളില്‍ തെളിഞ്ഞിട്ടുണ്ട്. അതുകൊണ്ട് തന്നെ കാണുന്നതെല്ലാം വിശ്വസിക്കരുത്. ഉപ്പു പോലും കാഴ്ചയ്ക്ക് പഞ്ചസാര പോലെയാണ്’… മലയാള സിനിമയില്‍ വനിതകള്‍ നേരിടുന്ന പ്രശ്‌നങ്ങളെക്കുറിച്ച് പഠിച്ച ജസ്റ്റിസ് കെ. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ ആമുഖ പരാമര്‍ശമാണിത്.

മലയാള സിനിമയില്‍ സ്വന്തമായി ആരാധകരുള്ളവരും പണമിറക്കി ആരാധക വൃന്ദങ്ങളെ സൃഷ്ടിച്ച് കീ ജയ് വിളിപ്പിക്കുന്നവരുമായ പല നടന്‍മാരുടെയും ചീഞ്ഞളിഞ്ഞ പൊയ്മുഖം ചിതറി വീഴുന്നതായി മാറി ഇന്ന് പുറത്ത് വന്ന ഹേമ കമ്മിറ്റി റിപ്പോര്‍ട്ട്. സ്വകാര്യത മാനിച്ച് റിപ്പോര്‍ട്ടിലെ ‘സെന്‍സിറ്റീവായ’ വിവരങ്ങള്‍ അടങ്ങിയ പേജുകള്‍ ഒഴിവാക്കിയാണ് നിലവില്‍ റിപ്പോര്‍ട്ട് പുറത്ത് വിട്ടിട്ടുള്ളത്. ഹേമ കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പൂര്‍ണമായി പുറം ലോകമറിഞ്ഞാല്‍ ആരാധകരുടെ ‘മാതൃകാ പുരുഷന്‍മാരായ’ പല മാന്യന്‍മാര്‍ക്കും തലയില്‍ മുണ്ടിട്ട് നടക്കേണ്ടി വരും.

‘അഡ്ജസ്റ്റ്‌മെന്റ്’, ‘കോംപ്രമൈസ്’ എന്നീ രണ്ട് പദങ്ങളാണ് മലയാള സിനിമയിലെ സ്ത്രീകള്‍ക്ക് സുപരിചിതം എന്ന് ചില പുതുമുഖ നടിമാര്‍ വെളിപ്പെടുത്തിയതായി ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. അഡ്ജസ്റ്റ്‌മെന്റിനും കോംപ്രമൈസിനും തയ്യാറാകാത്ത നടിമാര്‍ക്ക് ഷൂട്ടിങ് സെറ്റില്‍ നല്ല ഭക്ഷണം നല്‍കാറില്ല, ശുചിമുറി സൗകര്യങ്ങള്‍ പോലും നിഷേധിക്കുന്നു എന്നതെല്ലാം ഈ മാംസ കൊതിയന്‍മാരുടെ ക്രൂരമുഖം വെളിപ്പെടുത്തുന്നു. പ്രമുഖ നടന്‍മാര്‍ ഉള്‍പ്പെടെ 15 പേരടങ്ങുന്ന ‘പവര്‍ ഗ്രൂപ്പ്’ ആണ് സിനിമ മേഖലയെ നിയന്ത്രിക്കുന്നതെന്ന് ഹേമ കമ്മീഷന്‍ വ്യക്തമാക്കുമ്പോള്‍ ആ 15 പേരില്‍ ആരൊക്കെയുണ്ടെന്ന് സാമാന്യ ബോധമുള്ളവര്‍ക്കൊക്കെ മനസിലാകും.

മോശമായ അനുഭവം ഉണ്ടായതിന്റെ പിറ്റേ ദിവസം ഉപദ്രവിച്ച അതേ നടന്റെ ഭാര്യയായി അഭിനേയിക്കേണ്ടി വന്ന സാഹചര്യമുണ്ടായതായി കമ്മീഷന് മുമ്പാകെ ഒരു നടി മൊഴി നല്‍കി. തലേ ദിവസത്തെ മോശം അനുഭവം മാനസികമായി തകര്‍ത്തതിനാല്‍ ഒരു ഷോട്ട് എടുക്കുന്നതിന് 17 റീ ടേക്കുകള്‍ എടുക്കേണ്ടി വന്നു. ആ സാഹചര്യത്തില്‍ സംവിധായകന്റെ ചീത്തവിളി കേള്‍ക്കേണ്ടി വന്നതായും നടി നല്‍കിയ മൊഴിയില്‍ പറയുന്നു.

നടന്‍മാരുടെയും സംവിധായകന്റെയും നിര്‍മാതാവിന്റെയുമെല്ലാം ലൈംഗിക താല്‍പര്യങ്ങള്‍ക്ക് വഴങ്ങാതിരുന്നാല്‍ ചില ചുംബന രംഗങ്ങള്‍ നിരവധി തവണ ആവര്‍ത്തിച്ച് എടുപ്പിക്കുന്നതും സ്ഥിരം കലാപരിപാടിയാണ്. മാത്രമല്ല സിനിമ ചിത്രീകരണത്തിന്റെ തുടക്കത്തില്‍ പറഞ്ഞുറപ്പിക്കുന്ന കാര്യങ്ങളല്ല പല നടിമാരും പിന്നീട് ചെയ്യേണ്ടി വരുന്നത്. കരാറിലില്ലാത്ത തരത്തില്‍ ശരീര പ്രദര്‍ശനവും ലിപ് ലോക്ക് സീനുകളും ചെയ്യേണ്ടി വന്നതായി പല നടിമാരും കമ്മിഷന് മൊഴി നല്‍കിയിട്ടുണ്ട്.

ഇക്കാര്യങ്ങളിലെല്ലാം എ.എം.എം.എ എന്ന സിനിമ നടീനടന്‍മാരുടെ സംഘടന സ്വീകരിക്കുന്ന വിചിത്ര നിലപാടാണ് ഏറെ പരിഹാസ്യമാകുന്നത്. സ്ത്രീ വിരുദ്ധ നിലപാടാണ് സംഘടന സ്വീകരിക്കുന്നതെന്ന ഗുരുതര ആരോപണവും റിപ്പോര്‍ട്ടിലുണ്ട്. സഹകരിക്കാത്ത സ്ത്രീകളെ എങ്ങനെ സഹകരിപ്പിക്കാമെന്നാണ് സംഘടന പഠിപ്പിക്കുന്നതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ചുരുക്കി പറഞ്ഞാല്‍ വെറും കൂട്ടിക്കൊടുപ്പുകാരന്റെ പണി. എന്നിട്ടാണ് ആ സംഘടനയ്ക്ക് ലോകത്തിലെ ഏറ്റവും മഹത്വമേറിയതും ആദരവര്‍ഹിക്കുന്നതും അനിര്‍വചനീയവും മലയാള ഭാഷയിലെ ഏറ്റവും നല്ല നേരറിവുമായ അമ്മ എന്ന് പേരിട്ടിരിക്കുന്നത്.

എന്തായാലും ജസ്റ്റിസ് ഹേമ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്തിട്ടുള്ള പ്രത്യേക നിയമ നിര്‍മാണം, ട്രൈബ്യൂണല്‍ രൂപീകരണം തുടങ്ങിയ കാര്യങ്ങള്‍ അടിയന്തര പ്രാധാന്യത്തോടെ സര്‍ക്കാര്‍ നടപ്പാക്കുകയാണ് ഇനി ചെയ്യേണ്ടത്. എന്നാല്‍ കമ്മീഷന്‍ നല്‍കിയ റിപ്പോര്‍ട്ടിന്‍മേല്‍ നാല് വര്‍ഷത്തോളം അടയിരുന്ന സര്‍ക്കാരില്‍ നിന്ന് അത്തരമൊരു നടപടി പ്രതീക്ഷിക്കേണ്ടതുണ്ടോ എന്ന ചോദ്യം ബാക്കിയാവുന്നു.