ന്യൂസ് ഡെസ്ക് മലയാളം യുകെ ന്യൂസ്

വൻ ഞെരുക്കത്തിലൂടെയാണ് യുകെ സമ്പദ് വ്യവസ്ഥ ഇപ്പോൾ കടന്നു പോകുന്നത്. ഉയർന്ന ജീവിത ചിലവിനോട് ആനുപാതികമായി ശമ്പളം വർധിക്കാത്തത് ജനങ്ങളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നു. യുഎസ്, ജർമ്മനി ഉൾപ്പെടെയുള്ള മറ്റെല്ലാ പ്രധാന രാജ്യങ്ങളുടെയും സാമ്പത്തിക നില മെച്ചപ്പെടുമ്പോൾ ഈ വർഷം യുകെയുടെ സമ്പദ്‌വ്യവസ്ഥയുടെ വളർച്ച കുറയുമെന്നാണ് ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് (ഐഎംഎഫ്) പ്രവചിച്ചിരിക്കുന്നത്. 2023-ൽ യുകെയിൽ സാമ്പത്തിക മാന്ദ്യം ഉണ്ടാകുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ടും നേരത്തെ പ്രവചിച്ചിരുന്നു. പകർച്ചവ്യാധി, ഉക്രെയ്നിലെ യുദ്ധം, ഉയർന്ന ജീവിത ചെലവ് എന്നിവയാണ് ഇതിന് പിന്നിലെ കാരണങ്ങലായി ചൂണ്ടിക്കാണിക്കപ്പെടുന്നത് .

എന്നാൽ എന്തുകൊണ്ടാണ് യുകെയുടെ സമ്പദ് വ്യവസ്ഥ യു.എസ്, ജർമ്മനി, ഫ്രാൻസ് തുടങ്ങിയ മറ്റ് സമ്പന്ന രാജ്യങ്ങളെ അപേക്ഷിച്ച് മോശമായിരിക്കുന്നത്. രാഷ്ട്രീയം മുതൽ കാലാവസ്ഥ വരെ നിരവധി ഘടകങ്ങൾ ഒരു രാജ്യത്തിൻെറ സാമ്പത്തിക വളർച്ചയെ ബാധിക്കുന്നുണ്ട്. നിലവിലെ കണക്കുകൾ പ്രകാരം മറ്റ് രാജ്യങ്ങൾക്ക് കഴിഞ്ഞ വർഷങ്ങളിൽ ഉണ്ടായ വെല്ലുവിളികളുടെ ആഘാതം താരതമ്യേന കുറവാണ്. സമ്പന്ന രാജ്യങ്ങൾ എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിലയിരുത്തുന്ന സംഘടനയായ ഓർഗനൈസേഷൻ ഓഫ് ഇക്കണോമിക് കോഓപ്പറേഷൻ ആൻഡ് ഡെവലപ്‌മെന്റിൻെറ (ഒഇസിഡി) കണക്കുകൾ പ്രകാരം പകർച്ചവ്യാധിയുടെ ആദ്യ മാസങ്ങളിൽ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് യുകെയുടെ സമ്പദ് വ്യവസ്ഥ കൂടുതൽ ഇടിഞ്ഞതായി കാണാം.

ഉക്രെയ്നിലെ റഷ്യയുടെ അധിനിവേശം ആഗോള ഊർജ വില ഉയർത്തി. എന്നാൽ ഓരോ രാജ്യങ്ങളിലും ഇത് വ്യത്യസ്‌ത രീതിയിലാണ് ബാധിച്ചിരിക്കുന്നത്. യുഎസിന് പെട്രോളിയം ഉൽപ്പന്നങ്ങളുടെ സ്വന്തം ആഭ്യന്തര സ്രോതസ്സുകളുണ്ട്, മറ്റ് ചില യൂറോപ്യൻ രാജ്യങ്ങൾക്കാകട്ടെ കൂടുതൽ ഊർജ സ്രോതസ്സുകളുണ്ട്. ഉദാഹരണത്തിന്, ഫ്രാൻസിന് ഒരു വലിയ ആണവ ശൃംഖലയുണ്ട്. അതേസമയം നോർവേ കൂടുതലായി ജലവൈദ്യുതിയേയാണ് ആശ്രയിക്കുന്നത് . എന്നാൽ വൈദ്യുതി ഉൽപാദനത്തിന്റെ ഏറ്റവും ചെലവേറിയ രൂപമായ ഗ്യാസിന്റെ വിലയെ അടിസ്ഥാനമാക്കിയാണ് ബ്രിട്ടൻ വൈദ്യുതിയുടെ വില നിശ്ചയിക്കുന്നത്. പകർച്ച വ്യാധിയുടെ സമയത്ത് മിക്ക രാജ്യങ്ങളിലും തൊഴിലാളികളുടെ എണ്ണവും തൊഴിലാവസരങ്ങളും തമ്മിലുള്ള അസന്തുലാവസ്ഥ വളരെ കൂടിയ നിരക്കിൽ ആയിരുന്നു . എന്നാൽ കോവിഡിന് ശേഷം മറ്റുള്ള രാജ്യങ്ങളിൽ കാര്യങ്ങൾ പൂർവസ്ഥിതിയിൽ ആയെങ്കിലും യുകെയിൽ ഇപ്പോഴും പ്രശ്നങ്ങൾ അവശേഷിക്കുന്നു.