സമൂഹമാധ്യമങ്ങളിൽ ഇന്നലെ വൈറലായ ഒരു ചിത്രം. മാസങ്ങൾക്ക് മുൻപ് നടന്ന കാര്യങ്ങൾ കൂടി ആലോചിച്ചാവണം ട്രോളായും കുറിപ്പായും ചിത്രം വലിയ ഹിറ്റായി. സൈബർ ഇടങ്ങളിൽ ചിരിക്കൊപ്പം ചര്‍ച്ചയും പടർത്തി ലൈക്കേറ്റുകയാണ് ഇൗ സൗഹൃദച്ചിരി. ഇന്നലെ തൃശൂരിലാണ് സംഭവം. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഗുരുവായൂർ ദർശനത്തിനിടയിലാണ് തൃശൂർ സിറ്റി പൊലീസ് കമ്മിഷണർ യതീഷ് ചന്ദ്ര ബിജെപി നേതാക്കൾക്ക് കൈകൊടുത്തത്. കെ. സുരേന്ദ്രനും എ.എൻ. രാധാകൃഷ്ണനും കമ്മിഷണർക്ക് ഒപ്പം ഒരുമിച്ച് നിൽക്കുന്ന ചിത്രമാണ് ശ്രദ്ധനേടുന്നത്.

മാസങ്ങൾക്ക് മുൻപ് ശബരിമല ദർശനത്തിന് നിലയ്ക്കലില്‍ എത്തിയ കേന്ദ്ര മന്ത്രി പൊന്‍രാധാകൃഷ്ണന്‍ പമ്പയിലേക്ക് സ്വകാര്യ വാഹനങ്ങളെല്ലാം കടത്തി വിടണമെന്ന് ആവശ്യപ്പെട്ട് യതീഷ് ചന്ദ്രയുമായി തര്‍ക്കത്തിലേര്‍പ്പെട്ടിരുന്നു. എന്നാല്‍ മന്ത്രിയുടെ ഔദ്യോഗിക വാഹനങ്ങള്‍ മാത്രം കടത്തിവിടാമെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനിടെ സ്വന്തം ജോലി ചെയ്യാതെ മന്ത്രിയെ ചോദ്യം ചെയ്യുകയാണോ എന്ന് ഒപ്പമുണ്ടായിരുന്ന ബിജെപി നേതാവ് എ.എൻ രാധാകൃഷ്ണന്‍ യതീഷ് ചന്ദ്രയോട് ചോദിച്ചു. മന്ത്രി ഉത്തരവിട്ടാല്‍ തനിക്ക് യാതൊരു പ്രശ്നവുമില്ലെന്നും അദ്ദേഹം മറുപടി നൽകി. ഇത് അന്ന് ബി.ജെ.പിയെ ചൊടിപ്പിച്ചിരുന്നു. യതീഷ് ചന്ദ്രക്കെതിരെ കർശന നടപടി ഉണ്ടാകുമെന്നാണ് അന്ന് എ.എൻ രാധാകൃഷ്ണൻ താക്കീത് നൽകിയിരുന്നു. ഇതിന് ശേഷമാണ് ബിജെപി നേതാക്കളും യതീഷ് ചന്ദ്രയും തമ്മിലുള്ള ഇൗ സൗഹൃദചിരി ചിത്രം ശ്രദ്ധേ നേടുന്നത്

ശ്രീവത്സം ഗസ്റ്റ് ഹൗസിന് മുന്നിൽ വച്ചായിരുന്നു ഇൗ കൂടിക്കാഴ്ച. കെ.സുരേന്ദ്രനും എ.എൻ രാധാകൃഷ്ണനും യതീഷ് ചന്ദ്രയും നേർക്കുനേർ കണ്ടപ്പോൾ പമ്പയിലും നിലയ്ക്കലും കണ്ട പിണക്കമൊന്നും മൂവരും കാണിച്ചില്ല. നിറഞ്ഞ ചിരിയോടെ കൈകൊടുത്താണ് മൂവരും പിരിഞ്ഞത്.