അങ്കമാലി: വോകിംഗ് കാരുണ്യയുടെ അറുപത്തൊന്നാമത് സഹായമായ അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ച് രൂപ ദേവസിക്ക് കൈമാറി. വോകിംഗ് കാരുണ്യയ്ക്ക് വേണ്ടി അമലാപുരം പള്ളി വികാരി ഫാദര്‍ തരിയന്‍ ഞാളിയത്ത് അന്‍പതിനായിരത്തി ഇരുന്നൂറ്റിഅഞ്ച് രൂപയുടെ ചെക്ക് കൈമാറി. തദവസരത്തില്‍ ചാരിറ്റി പ്രവര്‍ത്തകരായ ലിസ്സി ഫ്രാന്‍സിസ്, വര്‍ക്കി, ആനി എന്നിവര്‍ സന്നിഹിതരായിരുന്നു. അയ്യംപുഴ പഞ്ചായത്തില്‍ അമലാപുരം എന്ന സ്ഥലത്തു താമസിക്കുന്ന കുമ്പളത്താന്‍ ദേവസി വര്‍ക്കി ഇന്ന് കാന്‍സറിനോട് മല്ലിടുകയാണ്. കഴിഞ്ഞ മൂന്നുവര്‍ഷക്കാലമായി കാന്‍സറിന്റെ പിടിയിലാണ് ദേവസി വര്‍ക്കി. കൂലിപ്പണി ചെയ്തായിരുന്നു ദേവസി വര്‍ക്കിയുടെ കുടുംബം മുന്‍പോട്ടു പൊയ്ക്കൊണ്ടിരുന്നത്. വാര്‍ദ്ധക്യത്തില്‍ തുണയാകേണ്ടിയിരുന്ന ഏക ആണ്‍തരി നിനച്ചിരിക്കാതെ ഇരുപത്തിനാലാമത്തെ വയസില്‍ ദേവസിയെയും കുടുംബത്തെയും വിട്ടു പിരിഞ്ഞു. ജീവിതത്തില്‍ ആകെ തകര്‍ന്നിരുന്ന ദേവസിക്ക് മറ്റൊരാഘാതം കൂടി ഏല്‍പിച്ചുകൊണ്ട് കാന്‍സര്‍ എന്ന മഹാരോഗം പിടിപെട്ടു. നിനച്ചിരിക്കാതെ വന്ന രണ്ടു ദുരന്തങ്ങളും ദേവസിക്കും കുടുംബത്തിനും താങ്ങാവുന്നതിലുമധികമായിരുന്നു.

ദേവസിയുടെ ജീവന്‍ ഇന്ന് നിലനില്‍ക്കുന്നത് കഴിഞ്ഞ മൂന്നു വര്‍ഷത്തെ ആര്‍സിസിയിലെ ചികിത്സകളുടെ ഫലമായാണ്. നിരന്തരമായ ചികിത്സകള്‍ ദേവസിയെയും കുടുംബത്തെയും വലിയൊരു കടക്കെണിയിലേക്കാണ് തള്ളിവിട്ടത്. ആകെ പത്തുസെന്റ് സ്ഥലവും ചോര്‍ന്നൊലിക്കുന്ന ഒരു വീടുമാണ് ദേവസിക്ക് സ്വന്തമായിയുള്ളത്. ഇപ്പോള്‍ ഈ കുടുംബത്തിന്റെ ജീവിതം മുന്‍പോട്ടു പോകുന്നത് നാട്ടുകാരുടെയും ബന്ധുക്കളുടെയും സഹായംകൊണ്ട് മാത്രമാണ്. ഒരു മാസത്തെ മരുന്നിനുതന്നെ ഏകദേശം നാലായിരം രൂപയോളം ചിലവു വരുന്നുണ്ട്.

യുകെയിലുള്ള ബ്രിട്ടോ എന്ന സുഹൃത്താണ് വോകിംഗ് കാരുണ്യയെ ദേവസിയെക്കുറിച്ച് അറിയിച്ചത്. ദേവസിയും കുടുംബവും തികച്ചും സഹായത്തിന് അര്‍ഹരാണെന്നറിഞ്ഞ വോകിംഗ് കാരുണ്യ അറുപത്തൊന്നാമത് സഹായം ദേവസിക്ക് കൊടുക്കാന്‍ തീരുമാനിക്കുകയായിരുന്നു. ഈ നല്ല ഉദ്യമത്തില്‍ പങ്കാളികളായ എല്ലാ നല്ലവരായ സുഹൃത്തുക്കള്‍ക്കും വോകിംഗ് കാരുണ്യയുടെ നിസീമമായ നന്ദി അറിയിക്കുന്നു.
കുടുതല്‍ വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048