എൻഎച്ച്എസ് ഹോസ്പിറ്റലുകളിൽ ചികിത്സയിലിരിക്കുന്ന മാനസികരോഗികൾ ക്രൂരമായ ബലാൽസംഗത്തിനും മറ്റു ലൈംഗിക അതിക്രമങ്ങൾക്കും ഇരയായതിന്റെ ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ പുറത്തുവന്നു. 2019 മുതൽ ഇംഗ്ലണ്ടിലെ മുപ്പതിലധികം മാനസികാരോഗ്യ ആശുപത്രികളിൽ സ്കൈ ന്യൂസും ദി ഇൻഡിപെൻഡൻ്റും സംയുക്തമായി നടത്തിയ അന്വേഷണത്തിലാണ് മനുഷ്യ മന:സാക്ഷിയെ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവന്നത്. ജീവനക്കാരുടെയും പുരുഷ രോഗികളുടെയും ഉൾപ്പെടെയുള്ള ലൈംഗികാതിക്രമം, ദുരുപയോഗം എന്നിവ ഉൾപ്പെടെയുള്ള 20,000 പരാതികളാണ് അന്വേഷണ സംഘത്തിന് ലഭിച്ചത്.

മുൻ ബ്രിട്ടീഷ് യുവ നീന്തൽ താരം അലക്സിസ് ക്വിൻ ആണ് കുപ്പിക്കുള്ളിലെ ഭൂതത്തെ തുറന്നുവിട്ടത്. സ്കൈ ന്യൂസിന് നൽകിയ അഭിമുഖത്തിൽ തനിക്ക് മറ്റ് പുരുഷ രോഗികളിൽ നിന്ന് നേരിട്ട ക്രൂരമായ ലൈംഗികാതിക്രമത്തെ കുറിച്ച് അവർ തുറന്നു പറഞ്ഞതാണ് ഈ രംഗത്തെ ചൂഷണത്തെ കുറിച്ചുള്ള അന്വേഷണത്തിന് കാരണമായത്. അലക്സിസ് ക്വിൻ നേരിട്ട രണ്ട് ക്രൂര പീഡനങ്ങളിലും കുറ്റക്കാർ ഇതുവരെ ക്രിമിനൽ നടപടികൾ നേരിട്ടില്ല എന്നത് ഞെട്ടലോടെയാണ് പൊതുസമൂഹം ഏറ്റെടുത്തിരിക്കുന്നത്. അലക്സിസിന്റെ ജീവിതാനുഭവം പുറത്തുവന്നതോടെ ഒട്ടേറെ രോഗികളും അവരുടെ കുടുംബാംഗങ്ങളുമാണ് തങ്ങൾ നേരിട്ട ദുരന്ത കഥകൾ പറയാൻ മുന്നോട്ട് വന്നിരിക്കുന്നത്.

 

മാനസികാരോഗ്യ കേന്ദ്രത്തിലേയ്ക്ക് മാറ്റുന്നതിന് മുമ്പ് തന്നെ ഒരു പുരുഷ ഉദ്യോഗസ്ഥൻ ലൈംഗികമായി ഉപദ്രവിച്ചെന്ന് നിയമ ബിരുദധാരിയായ ഒരു യുവതി വെളിപ്പെടുത്തി. രണ്ട് കുട്ടികളുടെ അമ്മയായ മറ്റൊരു രോഗിക്ക് ഒരു ജീവനക്കാരന്റെ കൈയ്യിൽ നിന്ന് നേരിട്ടത് 5 മാസം നീണ്ടുനിന്ന ലൈംഗിക പീഡനമാണ്. മാനസിക രോഗികൾ ലൈംഗികമായി ദുരുപയോഗം ചെയ്യപ്പെട്ടതിൻ്റെ നേർസാക്ഷ്യങ്ങൾ വൻ വിവാദങ്ങൾക്കാണ് തുടക്കമിട്ടിരിക്കുന്നത്. 2023 ജനുവരിയ്ക്കും ഓഗസ്റ്റിനുമിടയിൽ മാത്രം 4000 ലൈംഗിക അതിക്രമങ്ങളാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. ഇത് 2019 ലും 2020 ലും റിപ്പോർട്ട് ചെയ്യപ്പെട്ട വാർഷിക കണക്കുകളെക്കാൾ കൂടുതലാണ്. അതിലുപരിയായി ഉയർന്നു വന്ന 800 ലധികം ആരോപണങ്ങളിൽ 95 എണ്ണം മാത്രമാണ് പോലീസിൽ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇത് ഹോസ്പിറ്റൽ അധികാരികളുടെ ഭാഗത്തുനിന്നുമുള്ള കഠിന വീഴ്ചയായാണ് ചൂണ്ടി കാണിക്കപ്പെടുന്നത്.