ഇരിങ്ങാലക്കുട കരൂപ്പടന്നയിൽ ഗൃഹനാഥനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്നു തെളിഞ്ഞു. കരൂപ്പടന്ന മേപ്പുറത്ത് അലിയെ(65 വയസ്) ആണ് കിടപ്പുമുറിയിൽ പരുക്കേറ്റ് മരിച്ച നിലയിൽ കാണപ്പെട്ടത്. സംഭവം കൊലപാതകമെന്നു കണ്ടെത്തി ഭാര്യ സുഹറയെ (56 വയസ്സ്) അന്വേഷണ സംഘം അറസ്റ്റു ചെയ്തു.

വെള്ളിയാഴ്ച പുലർച്ചെയാണ് പാലിയേറ്റീവ് കെയർ സെക്രട്ടറി കൂടിയായ അലി തലക്കടിയേറ്റും വാരിയെല്ലിനും നട്ടെല്ലിനും പരുക്കേറ്റ് മരിച്ച നിലയിൽ കിടപ്പുമുറിയിൽ കാണപ്പെട്ടത്. ഭാര്യയും ഭർത്താവും മാത്രം താമസിക്കുന്ന വീട്ടിൽ ഭർത്താവ് മരിച്ചു കിടന്നത് ബാത് റൂമിൽ തലയടിച്ചു വീണ പരുക്കു കൊണ്ടാണെന്നാണ് ഭാര്യ സുഹറ പോലീസിനോട് പറഞ്ഞത്. എന്നാൽ ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി. ബാബു കെ.തോമസിന്റെ നേതൃത്വത്തിലുള്ള സംഘം സംഭവ സ്ഥലത്തെത്തി ഭാര്യയടക്കമുള്ളവരെ നിരീക്ഷണത്തിലാക്കി. പിറ്റേന്ന് അലിയുടെ ഖബറടക്കം കഴിഞ്ഞ ഉടനെ ഭാര്യയെ കസ്റ്റഡിയിലെടുക്കുകയായിരുന്നു.

കൃത്യമായ തെളിവുകൾ നിരത്തിയുള്ള ചോദ്യം ചെയ്യലിനൊടുവിൽ സുഹറ കുറ്റം സമ്മതിക്കുകയായിരുന്നു. സംഭവ ദിവസം രാത്രി ഇരുവരും തമ്മിൽ വഴക്കുണ്ടാവുകയും സുഹറയെ അടിക്കാനായി അടുക്കളയിൽ നിന്ന് എടുത്ത മരവടി പിടിച്ചു വാങ്ങി അലിയുടെ തലക്ക് അടിക്കുകയായിരുന്നു. അടി കൊണ്ടു വീണ അലി എഴുന്നേറ്റ് തന്നെ ആക്രമിക്കുമെന്നു ഭയന്ന് തുടരെ അടിച്ചെന്നും സുഹറ പോലീസിനോട് പറഞ്ഞു.

കൃത്യം നടത്തിയ ശേഷം പുലർച്ചെ കൊലപാതകത്തിന് ഉപയോഗിച്ച മരത്തടി ചവറിനിടയിൽ ഒളിപ്പിച്ചതും സുഹറ തന്നെയാണ്. തെളിവെടുപ്പിനിടെ ഇത് ഇവർ പോലീസിന് കാണിച്ചു കൊടുത്തു. ഞായറാഴ്ചയാണ് സുഹറ കുറ്റസമ്മതം നടത്തിയത്. വെള്ളിയാഴ്ച രാവിലെ തന്നെ റൂറൽ എസ്.പി.ജി. പൂങ്കുഴലി ഐ.പി.എസ് സംഭവ സ്ഥലത്തെത്തി സ്ഥിതിഗതികൾ വിലയിരുത്തി. ഇരിങ്ങാലക്കുട ഡി.വൈ. എസ്.പി. ബാബു കെ.തോമസിൻറെ നേതൃത്വത്തിൽ പ്രത്യേക സംഘത്തെ രൂപീകരിച്ചായിരുന്നു അന്വേഷണത്തിന് നേതൃത്വം നൽകിയത്.