ന്യൂസ് ഡെസ്ക്, മലയാളം യുകെ

2023 ജൂലൈയിൽ ദക്ഷിണ-പടിഞ്ഞാറൻ ലണ്ടനിലെ വിമ്പിൾഡണിലെ ഒരു സ്കൂൾ പരിസരത്ത് കാർ ഇടിച്ച് എട്ട് വയസ് പ്രായമുള്ള രണ്ട് പെൺകുട്ടികൾ മരിച്ച സംഭവത്തിൽ ഡ്രൈവർക്കെതിരെ കേസെടുത്തു. ക്ലെയർ ഫ്രീമാന്റിൽ എന്ന 48 കാരിക്കെതിരെ അപകടകരമായ ഡ്രൈവിങ്ങിലൂടെ മരണത്തിന് കാരണമായതിന് രണ്ട് കുറ്റങ്ങളും ഗുരുതരമായി പരിക്കേൽപ്പിച്ചതിന് ഏഴ് കുറ്റങ്ങളും ചുമത്തിയതായി അധികൃതർ അറിയിച്ചു. നൂരിയ സജ്ജാദ്, സെലീന ലാവു എന്നീ കുട്ടികൾ സ്കൂളിലെ പരിപാടിക്കിടെ കാർ ഇടിച്ചു കയറിയതിനെ തുടർന്ന് കൊല്ലപ്പെടുകയായിരുന്നു.

WhatsApp Image 2024-12-09 at 10.15.48 PM
Migration 2
AHPRA Registration
STEP into AHPRA NCNZ

ആദ്യഘട്ടത്തിൽ ഡ്രൈവർക്ക് അപസ്മാരം ബാധിച്ചതിനാൽ കേസ് എടുക്കേണ്ടതില്ലെന്ന് ക്രൗൺ പ്രോസിക്യൂഷൻ സർവീസ് തീരുമാനിച്ചിരുന്നെങ്കിലും, കുടുംബങ്ങളുടെ പ്രതിഷേധത്തെ തുടർന്ന് അന്വേഷണം വീണ്ടും നടത്തുകയായിരുന്നു . പുതിയ തെളിവുകൾ ശേഖരിച്ചതിനു പിന്നാലെ ഇപ്പോഴാണ് കേസ് രജിസ്റ്റർ ചെയ്തത്. സംഭവത്തെ ആദ്യം കൈകാര്യം ചെയ്ത രീതിയിൽ പിഴവുണ്ടായതായി മെട്രോപൊളിറ്റൻ പൊലീസ് അറിയിക്കുകയും മാപ്പു പറയുകയും ചെയ്തു, കൂടാതെ ഗുരുതര അപകടങ്ങൾ അന്വേഷിക്കുന്ന രീതിയിൽ അടിസ്ഥാനപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്.

മകളുടെ മരണത്തിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരണമെന്ന ആവശ്യം തുടക്കം മുതൽ ഉന്നയിച്ചിരുന്ന കുടുംബങ്ങൾ, ഇപ്പോഴത്തെ നടപടി നീതിയിലേക്കുള്ള ഒരു മുന്നേറ്റമാണെന്ന് പ്രതികരിച്ചു. പ്രതി കുറ്റങ്ങൾ നിഷേധിക്കുമെന്ന് അവരുടെ അഭിഭാഷകർ വ്യക്തമാക്കി. കേസിൽ കൂടുതൽ നിയമനടപടികൾ പുരോഗമിക്കാനിരിക്കെ, സംഭവത്തിൽ പോലീസിന്റെ ആദ്യ അന്വേഷണത്തിൽ ഉണ്ടായ പിഴവുകളെ കുറിച്ച് ഇൻഡിപെൻഡന്റ് ഓഫീസ് ഫോർ പൊലീസ് കണ്ടക്റ്റ് അന്വേഷണം തുടരുകയാണ്.