വയനാട് വൈത്തിരിയില്‍ വളര്‍ത്തുനായുടെ കടിയേറ്റ് ഗുരുതരപരുക്കേറ്റ വീട്ടമ്മ മരിച്ചു. അംബേദ്കര്‍ കോളനിയിലെ രാജമ്മയാണ് മരിച്ചത്. അതീവ അക്രമസ്വഭാവം കാണിക്കുന്ന റോട്വീലർ ഇനത്തിലെ നായാണ് രാജമ്മയെ ആക്രമിച്ചത്. നായുടെ ഉടമസ്ഥനെതിരെ കേസെടുത്തു.

രാവിലെ സമീപത്തെ തോട്ടത്തില്‍ മറ്റു രണ്ടുപേര്‍ക്കൊപ്പം ജോലിക്ക് പോയതായിരുന്നു രാജമ്മ. തോട്ടത്തിനു സമീപമുണ്ടായിരുന്ന നായ അപ്രതീക്ഷിതമായി ചാടി വീഴുകയായിരുന്നു. മറ്റു രണ്ടു പേരും ഓടി രക്ഷപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ രാജമ്മയെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കാരയ്ക്കല്‍ ജോസ് എന്നയാളുടെ വീട്ടില്‍ വളര്‍ത്തുന്ന റോട്വീലര്‍ വിഭാഗത്തില്‍പ്പെട്ട നായയാണ് കടിച്ചത്.

അതീവ അപകടകാരിയായ നായ ഇനങ്ങളില്‍ ഒന്നാണിത്. പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാനും സാധ്യതയുള്ളതാണ്. ഉടമസ്ഥനെതിരെ അപകടകരമായ രീതിയില്‍ വളര്‍ത്തുമൃഗങ്ങളെ വര്‍ത്തല്‍, മനപ്പൂര്‍വമല്ലാത്ത നരഹത്യ എന്നീ വകുപ്പുകളഴ്‌ ചേര്‍ത്ത് കേസെടുത്തു. മൃതദേഹം ഇപ്പോള്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സൂക്ഷിച്ചിരിക്കുകയാണ്

ഏറ്റവും അപകടകാരികളായ റോട്വീലര്‍ ഇനത്തില്‍പ്പെട്ട നായ വളര്‍ത്തുന്നവര്‍ അതീവ ജാഗ്രത പുലര്‍ത്തണമെന്ന് വിദഗ്ധര്‍ 

ഒരാളെമാത്രം അനുസരിക്കുന്ന സ്വഭാവമുള്ളതിനാല്‍ മറ്റുള്ളവരെ ആക്രമിക്കും. അതിനാല്‍ മുന്‍കരുതലെടുക്കേണ്ട ബാധ്യത വളര്‍ത്തുന്നവര്‍ക്കുണ്ട്

   

> ഏറ്റവും അപകടകാരിയായ നായ ഇനങ്ങളിൽ ഒന്ന്.

> സ്വദേശം അമേരിക്ക.

> സാധാരണ ഗതിയിൽ ഒരാളെ മാത്രം അനുസരിക്കും.

> ഒറ്റയ്ക്കു താമസിക്കുന്നവർ സുരക്ഷയ്ക്കായി വളർത്തുന്നു.

> ചില രാജ്യങ്ങളിൽ നിരോധിച്ച ഡോഗ് ഫൈറ്റുകൾക്ക് ഉപയോഗിക്കുന്ന ഇനം.

> പ്രതികരണ ശേഷിയും ഘ്രാണ ശക്തിയും കൂടുതൽ.

> അന്യരെ പ്രകോപനമില്ലാതെ പെട്ടെന്ന് ആക്രമിക്കാൻ സാധ്യത കൂടുതൽ.

> ഓർക്കാപ്പുറത്ത് ആക്രമിക്കുന്ന സ്വഭാവം.

> അവിശ്വസനീയമായ ശക്തി.

കടിയുടെ ശക്തി (ജോ പവർ) ഏറ്റവും കൂടുതലുള്ള നായ ഇനങ്ങളിൽ ഒന്ന്.

വളർത്തുനായ്ക്കളെ തിരഞ്ഞെടുക്കുമ്പോൾ

നായയെ വളർത്തേണ്ടതിന്റെ കൃത്യമായ ആവശ്യം എന്താണെന്ന് ഉടമയ്ക്കു ശരിയായ ധാരണയുണ്ടാവണം. ഗാർഡ് ഡോഗ്, വാച്ച് ഡോഗ്, പെറ്റ് ഡോഗ്, ടോയ് ഡോഗ്, ഹൗണ്ട് ഡോഗ് (വേട്ടനായ), ഇൻ ഡോർ ഡോഗ് തുടങ്ങി ആവശ്യം കണക്കിലെടുത്തു വേണം വളർത്തേണ്ട ഇനത്തെ തിരഞ്ഞെടുക്കാൻ. ഓമനിച്ചു വളർത്താൻ അക്രമ സ്വഭാവം കാട്ടിയേക്കാവുന്ന ഗാർഡ്, വാച്ച്, ഹൗണ്ട് എന്നീ വർഗത്തിൽ പെട്ടവയെ ഒഴിവാക്കുകയാണു നല്ലത്. ‘നായ്ക്കളെ വളർത്താൻ ഇഷ്ടമുണ്ടെങ്കിലേ അതിനു മുതിരാവൂ. വീടിനും കുടുംബാംഗങ്ങൾക്കും ഇണങ്ങുന്ന ഇനങ്ങളേ തിരഞ്ഞെടുക്കാവൂ. അന്തസ്സിനല്ല ആവശ്യത്തിനാണ് നായ്ക്കളെ വളർത്തേണ്ടത് ’– ചെന്നൈയിലെ ഡോഗ് ട്രെയിനർ സക്കീർ പറഞ്ഞു.

നായ്ക്കളെ വാങ്ങുന്നതിനൊപ്പം അവയ്ക്കു യോജിച്ച സാഹചര്യങ്ങൾ വീട്ടിൽ ഒരുക്കുന്നതിനും യജമാനൻമാർ ശ്രദ്ധിക്കണമെന്നു ചെന്നൈയിലെ കെന്നൽ ക്ലബ് അംഗങ്ങൾ പറയുന്നു. ചെന്നൈയിലെ കാലാവസ്ഥയിൽ ടെറസിലോ, ലോഹക്കൂടിലോ വളർത്തിയാൽ നായ്ക്കൾ അസ്വസ്ഥരാകുമെന്നും, വീടിനുള്ളിൽ വളർത്താൻ കഴിയുന്ന നായ്ക്കളാണിവിടെ നല്ലതെന്നും ഇവർ അഭിപ്രായപ്പെട്ടു. ‘നായ്ക്കൾ നല്ലതാണ്. എന്നാൽ യജമാനൻമാർ മോശമായാൽ നായ്ക്കളും മോശമാകും. വലിയ നായ്ക്കളെ വളർത്തുന്നവർ ചുറ്റുമുള്ളവരുടെ സുരക്ഷിതത്വത്തിലും ഉത്തരവാദിത്തം കാണിക്കണം’–കെന്നൽ ക്ലബ് അംഗം ഭാസ്കർ പറഞ്ഞു.

അമേരിക്ക അടക്കമുള്ള പല വിദേശ രാജ്യങ്ങളിലും റോട് വീല പോലെയുള്ള വേട്ട സ്വഭാവക്കാരായ നായ ഇനങ്ങളെ വിൽക്കുന്നതിനു വിലക്കുണ്ട്. നായ്ക്കൾക്കു തിരിച്ചറിയൽ ചിപ്, കൃത്യമായ വാക്സിനേഷൻ, നല്ല ജീവിത സാഹചര്യം, കൃത്യമായ ട്രെയിനിങ്, അംഗീകൃത ട്രെയിനർമാരിൽ നിന്ന് ഉടമയ്ക്കും നായ്ക്കും പരിശീലനം തുടങ്ങിയവ ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ശക്തമായ നിയമം വരണമെന്ന ആവശ്യവും വിവിധ കോണുകളിൽ നിന്ന് ഉയരുന്നുണ്ട്.