ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- യുകെയിലെ ചില ഭാഗങ്ങളിൽ ഗർഭിണിയാകുവാൻ ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഐവിഎഫ് ചികിത്സയ്ക്ക് 35 വയസ്സ് എന്ന പ്രായപരിധി ഏർപ്പെടുത്തിയിട്ടുള്ളത് തികച്ചും ക്രൂരമാണെന്ന റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. 40 വയസ്സ് വരെ പ്രായമുള്ള രോഗികൾക്ക്, അവർ രണ്ട് വർഷമായി ഒരു കുഞ്ഞിന് വേണ്ടി ശ്രമിക്കുന്നത് പരാജയപ്പെടുകയോ അല്ലെങ്കിൽ കൃത്രിമ ബീജസങ്കലനത്തിനുള്ള ആവർത്തിച്ചുള്ള ശ്രമങ്ങൾ പരാജയപ്പെടുകയോ ചെയ്താൽ അവർക്ക് മൂന്ന് സൗജന്യ ഐ വി എഫ് സൈക്കിളുകൾ എൻ എച്ച് എസ് നൽകണമെന്നാണ് ഗൈഡ് ലൈനുകൾ അനുശാസിക്കുന്നത്.

നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഹെൽത്ത് ആൻഡ് കെയർ എക്സലൻസിന്റെ മാർഗ്ഗനിർദ്ദേശങ്ങളും 42 വയസ്സ് വരെ ഫെർട്ടിലിറ്റി ചികിത്സ നൽകണമെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നാൽ ബ്രിട്ടനിൽ ചില ഭാഗങ്ങളിൽ 35 വയസ്സ് വരെ മാത്രമേ ഐ വി എഫ് അനുവദിക്കൂ എന്ന തരത്തിൽ നടന്നുവരുന്നത് സാധാരണക്കാരെ തികച്ചും ദുഷ്കരമായ സാഹചര്യത്തിൽ എത്തിച്ചിട്ടുണ്ട്. ഇത് സാധാരണ ദമ്പതികളെ സ്വകാര്യ ക്ലിനിക്കുകളിൽ ആയിരക്കണക്കിന് പൗണ്ട് നൽകുന്നതിലേക്കും, കുടുംബം തുടങ്ങാനുള്ള അവരുടെ പ്രതീക്ഷകൾ ഉപേക്ഷിക്കേണ്ട സാഹചര്യത്തിലേക്കും എത്തിക്കുന്നു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഫെർട്ടിലിറ്റി സപ്പോർട്ട് ഗ്രൂപ്പായ ഫെർട്ടിലിറ്റി നെറ്റ്‌വർക്ക് യു കെ ആരോഗ്യ സേവനങ്ങൾ ക്രമീകരിക്കുകയും പ്രാദേശിക എൻ എച്ച് എസ് ബജറ്റുകൾ നിയന്ത്രിക്കുകയും ചെയ്യുന്ന സ്ഥാപനങ്ങളായ ഇന്റഗ്രേറ്റഡ് കെയർ ബോർഡുകളിൽ ഐ വി എഫിന് ഏർപ്പെടുത്തിയിരിക്കുന്ന മാനദണ്ഡങ്ങളെ സംബന്ധിച്ച് വിശദമായ അന്വേഷണം നടത്തിയിരുന്നു.

എൻഎച്ച്എസ് ഹാംഷെയർ, ഐൽ ഓഫ് വൈറ്റ് ഐസിബി, ബക്കിംഗ്ഹാംഷയർ, ഓക്സ്ഫോർഡ്ഷയർ, വെസ്റ്റ് ബെർക്ക്ഷയർ ഐസിബി, എൻഎച്ച്എസ് ഫ്രിംലി ഐസിബി എന്നിവയ്ക്കുള്ളിൽ എല്ലാം തന്നെ പ്രായപരിധി 35 ആണെന്ന് കണ്ടെത്തിയത് തികച്ചും ആശ്ചര്യപ്പെടുത്തുന്ന വസ്തുതയാണ്. തന്റെ മുപ്പത്തിയൊമ്പതാം വയസ്സിൽ 15000 പൗണ്ട് ചിലവാക്കിയാണ് തനിക്ക് ഒരു കുഞ്ഞിനെ ലഭിച്ചതെന്ന് എമ്മ ബക്ക് എന്ന യുവതി മാധ്യമങ്ങളോട് പറഞ്ഞു. എന്നാൽ ഈ സ്ഥലങ്ങളിലെല്ലാം തന്നെ ഈ തീരുമാനത്തെ സംബന്ധിച്ച് ഉടൻ മാറ്റങ്ങൾ ഉണ്ടാകുമെന്ന് അധികൃതർ അറിയിച്ചിട്ടുണ്ട്.