ലിവര്‍പൂള്‍: മാഞ്ചസ്റ്റര്‍ അറീന ഭീകരാക്രമണവുമായി ബന്ധപ്പെട്ട് 19 കാരനെ അറസ്റ്റ് ചെയ്തു. ലിവര്‍പൂള്‍ ജോണ്‍ ലെന്നന്‍ വിമാനത്താവളത്തില്‍ നിന്നാണ് ഇയാള്‍ പിടിയിലായത്. തെല്‍വാള്‍ അവന്യൂവിലെ ഫ്‌ളാറ്റില്‍ ഈ സംഭവവുമായി ബന്ധപ്പെട്ട് തെരച്ചില്‍ നടത്തിയതായും ഗ്രേറ്റര്‍ മാഞ്ചസ്റ്റര്‍ പോലീസ് അറിയിച്ചു. തീവ്രവാദ പ്രവര്‍ത്തനത്തിനാണ് ഇയാളെ അറസ്റ്റ് ചെയ്തതെന്നും പോലീസ് വ്യക്തമാക്കി. അന്വേഷണത്തിന്റെ ഭാഗമായി ഇതുവരെ 23 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. രണ്ട് പേരെ ഉടന്‍ വിട്ടയക്കുകയും 20 പേരെ പിന്നീട് കുറ്റവിമുക്തരാക്കുകയും ചെയ്തു.

മാഞ്ചസ്റ്റര്‍ അറീനയില്‍ ആക്രമണം നടത്തിയ സല്‍മാന്‍ അബേദി ഒറ്റക്കല്ല ഈ സ്‌ഫോടനത്തിന് തയ്യാറെടുപ്പ് നടത്തിയതെന്ന് പോലീസിന് സംശയമുണ്ട്. ലിബിയയിലുള്ള അബേദിയുടെ സഹോദരനുമായി സംസാരിക്കാന്‍ പോലീസ് ശ്രമം നടത്തി വരികയാണ്. വലിയൊരു ശൃംഖലയുടെ ഭാഗമല്ല അബേദി എന്ന് കരുതുമ്പോളും ഇത്രയും വലിയ ആക്രമണം നടത്താന്‍ മാസങ്ങളുടെ തയ്യാറെടുപ്പുകള്‍ വേണ്ടിവന്നിരിക്കാമെന്നാണ് അന്വേഷകസംഘം കരുതുന്നതെന്ന് നോര്‍ത്ത് വെസ്റ്റ് കൗണ്ടര്‍ ടെററിസം യൂണിറ്റ് ഡിറ്റക്ടീവ് ചീഫ് സൂപ്പറിന്റന്‍ഡന്റ് ആയ റസ് ജാക്‌സണ്‍ പറഞ്ഞു.

മാഞ്ചസ്റ്റര്‍ ആക്രമണത്തിനു പിന്നാലെ അബേദിയുടെ സഹോദരന്‍ ഹാഷിം ലിബിയയില്‍ പിടിയിലായിരുന്നു. ഇയാളെ ചോദ്യം ചെയ്യുന്നതിനായി ലിബിയ അധികൃതരുമായി സംസാരിച്ചു വരികയാണെന്ന് ജാക്‌സണ്‍ പറഞ്ഞു. മാഞ്ചസ്റ്റര്‍ ആക്രമണത്തില്‍ 22 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. അരിയാന ഗ്രാന്‍ഡെയുടെ സംഗീത പരിപാടി അവസാനച്ചപ്പോളായിരുന്നു സഫോടനം.