ബ്രിട്ടനിലെ വാണിജ്യ വ്യാപാര മേഖലകളിൽ നൽകിയ മികച്ച സംഭാവനകൾക്കുള്ള ഉന്നത ബ്രിട്ടീഷ് ബഹുമതി ലുലു ഗ്രൂപ്പിൻ്റെ ബ്രിട്ടനിലെ ഉപസ്ഥാപനമായ വൈ ഇൻ്റർനാഷണൽ കരസ്ഥമാക്കി. ഗ്രേറ്റർ ബർമിംഗ്ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ 2021 വർഷത്തെ എക്സലൻസ് ഇൻ ഇൻ്റർനാഷണൽ അവാർഡാണ് വൈ ഇൻ്റർനാഷണൽ യു.കെ. യ്ക്ക് ലഭിച്ചത്.

ഇരുനൂറ് വർഷത്തിലേറെക്കാലമായി ബർമിംഗ് ഹാമിലെ വാണിജ്യ വ്യവസായ മേഖലകളെ ഏകോപിപ്പിക്കുന്ന കേന്ദ്രീകൃത സ്ഥാപനമായ ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സ് യൂറോപ്പിലെ തന്നെ ഏറ്റവും പഴക്കമുള്ള
ചേംബർ ഓഫ് കോമേഴ്സാണ്

ബ്രിട്ടനിലെ ഭക്ഷ്യ സംസ്കരണ രംഗത്ത് 2013 മുതൽ സാന്നിധ്യമുള്ള വൈ ഇൻ്റർനാഷണൽ ബർമിംഗ് ഹാം സിറ്റി കൗൺസിൽ അഡ്വാൻസ്ഡ് മാനുഫാക്ചരിംഗ് സോണിലെ അത്യാധുനിക ഭക്ഷ്യസംസ്കരണ കേന്ദ്രത്തിലാണ് പ്രവർത്തിക്കുന്നത്. ബ്രിട്ടനിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വൈവിധ്യമാർന്ന ഭക്ഷ്യ-ഭക്ഷ്യേതര ഉൽപ്പന്നങ്ങൾ സംഭരിച്ച് ഗൾഫ് രാജ്യങ്ങളിലും, ഈജിപ്ത്, ഇന്തോനേഷ്യ, മലേഷ്യ, ഇന്ത്യ എന്നിവിടങ്ങളിലുള്ള ലുലു ഹൈപ്പർമാർക്കറ്റുകളിലേക്ക് കയറ്റി അയക്കുന്നു.

ബർമിംഗ് ഹാം ചേംബർ ഓഫ് കോമേഴ്സിൻ്റെ എക്സലൻസ് പുരസ്കാരം ബ്രിട്ടനിലെ പ്രവർത്തനങ്ങൾ കൂടുതൽ വിപുലപ്പെടുത്താൻ പ്രേരകമാക്കുമെന്ന് ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി പറഞ്ഞു.

വാണിജ്യ വ്യാപാര രംഗത്തെ മികവിന് ബ്രിട്ടനിലെ ഉന്നതമായ പുരസ്കാരമായ ക്വീൻസ് അവാർഡ് എലിസബത്ത് രാജ്ഞി 2017 ൽ യൂസഫലിക്ക് നൽകി ആദരിച്ചിരുന്നു. തദ്ദേശിയൾ ഉൾപ്പെടെ 350 ൽ പരം ആളുകളാണ് വൈ ഇൻ്റർനാഷണൽ യുകെയിൽ ജോലി ചെയ്യുന്നത്.

ബ്രിട്ടനിലെ ഹോസ്പിറ്റാലിറ്റി രംഗത്തെ ഏറ്റവും പ്രമുഖമായതും ചരിത്ര പ്രസിദ്ധവുമായ സ്കോട്ട് ലാൻഡ് യാർഡ് പൈതൃക മന്ദിരം, എഡിൻബർഗിലെ കാലെഡോണിയൻ മന്ദിരം എന്നിവ ലുലു ഗ്രൂപ്പിൻ്റെതാണ്