രാജു കാഞ്ഞിരങ്ങാട്

യാത്രാമൊഴിചൊല്ലാൻ കാത്തിരിപ്പൂ
മാഘവും പിന്നെയീ മാന്തളിരും
മധുവൂറി നിൽക്കുമാ ബാല്യകാലം
മാമക ചിത്തത്തിലിന്നുമുണ്ട്

മേഘ പകർച്ചയിതെത്രകണ്ടു
മോഹങ്ങളെത്ര കൊഴിഞ്ഞുവീണു
തോറ്റിക്കഴിച്ച പതിരുപോൽ ജീവിതം
കാറ്റിൽ പാറിപ്പാറി തളർന്നു നിന്നു

ചിന്തകൾ ചീന്തിയ ചകലാസുപോലെ
ചന്തമേറ്റിപ്പാറി നിൽപ്പതിന്നും
പുതുമഴ മോന്തുന്ന ബ്ഭൂമിയുടെ
പൊറാതെ ദാഹമായിന്നുമുള്ളിൽ

കണക്കുകളൊന്നുമേ കൂട്ടിടാതെ
കാലം നടന്നു മറഞ്ഞീടവേ
സായന്തനസൂര്യൻ മറയുന്നപോൽ
ജീവിതം കരിന്തിരികത്തിടുന്നു

രാജു കാഞ്ഞിരങ്ങാട്

സ്ഥലം :- കണ്ണൂർ ജില്ലയിലെ തളിപ്പറമ്പിലുള്ള കാഞ്ഞിരങ്ങാട്
അച്ഛൻ :- കല്ല്യാടൻ വീട്ടിൽ കണ്ണൻ നായർ
അമ്മ :- കെല്ലറേത്ത് കാർത്ത്യായനിയമ്മ
ഭാര്യ :- അഴീക്കോടൻ ശോഭന
മക്കൾ:- രസ്ന ,രസിക, രജിഷ
ജോലി: – തളിപ്പറമ്പ ആർട്സ് & സയൻസ് കോളേജ് കാഞ്ഞിരങ്ങാട്
ആനുകാലികങ്ങളിൽ എഴുതാറുണ്ട്
ആകാശവാണിയിൽ കഥ, കവിത അവതരിപ്പിക്കാറുണ്ട്
തുളുനാട് മാസിക പുരസ്കാരം, ചിലങ്കം മാസിക ജനപ്രിയ പുരസ്കാരം, മലയാള രശ്മി മാസിക പുരസ്കാരം,കണ്ണൂർ നർമ്മവേദി പുരസ്കാരം, ചിലങ്ക സാംസ്കാരിക വേദി പുരസ്കാരം, യുവ ആർട്സ് ജില്ലാതല പുരസ്കാരം, പാലക്കാട് സൃഷ്ടികവിതാ പ്രത്യേക ജൂറി പുരസ്കാരം, KCEU കണ്ണൂർ ജില്ലാതല കവിതാ പുരസ്കാരം, വിരൽ മാസിക പുരസ്കാരങ്ങൾ ( 2018, 2019) തിരുവനന്തപുരം (കലാലയ കൂട്ടായ്മ പുരസ്കാരം 20l 8, വാലെന്റൈൻ പുരസ്കാരം 2019, സ്പെഷ്യൽ അവാർഡ് )എന്നിവ ലഭിച്ചിട്ടുണ്ട്
പ്രസിദ്ധീകരിച്ച പുസ്തകൾ:-
1, ആസുരകാലത്തോടു വിലാപം
2 ,കാൾ മാർക്സിന്
3, കണിക്കൊന്ന (ബാലസാഹിത്യം )
4. ഒരു സ്ത്രീയും പറയാത്തത്
എന്നീ കവിതാ സമാഹാരങ്ങൾ ‘ബാനത്തെ വിശേഷങ്ങൾ’എന്ന നോവൽ മലയാള രശ്മി  മാസികയിൽ  ഖണ്ഡശ്ശ: പ്രസിദ്ധീകരിച്ചു.

ഫോൺ :- 9495458138