വിവാഹാഭ്യര്‍ഥന നിരസിച്ചതിന്റെ വിരോധത്തില്‍ യുവാവിനെ തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ കേസില്‍ യുവതിയും സംഘവും പിടിയില്‍. കോല്ലം ചാത്തന്നൂരാണ് സംഭവം.

യുവാവിനെയും യുവാവിന്റെ സുഹൃത്തിനെയും തട്ടിക്കൊണ്ടു പോയി ആക്രമിച്ചു കവര്‍ച്ച നടത്തിയ സംഭവത്തില്‍ ക്വട്ടേഷന്‍ നല്‍കിയ യുവതിയും സംഘത്തിലെ 2 പേരുമാണ് പോലീസ് പിടിയിലായത്. ശാസ്താംകോട്ട സ്വദേശിയായ ഗൗതം കൃഷ്ണ (25), സുഹൃത്ത് വര്‍ക്കല കണ്ണമ്പ സ്വദേശി വിഷ്ണു പ്രസാദ് (22) എന്നിവരെയാണ് തട്ടിക്കൊണ്ടു പോയി മര്‍ദിച്ച് അവശരാക്കി വഴിയില്‍ ഉപേക്ഷിച്ചത്.

മയ്യനാട് സങ്കീര്‍ത്തനത്തില്‍ ലിന്‍സി ലോറന്‍സ് (ചിഞ്ചു റാണി-30), ക്വട്ടേഷന്‍ സംഘത്തിലെ അംഗങ്ങളായ വര്‍ക്കല അയിരൂര്‍ അഞ്ചുമുക്ക് ക്ഷേത്രത്തിനു സമീപം തുണ്ടില്‍ വീട്ടില്‍ അമ്പു (33), നെടുങ്ങോലം പറക്കുളത്ത് നിന്നു വര്‍ക്കല കണ്ണമ്പ പുല്ലാനികോട് മാനസസരസില്‍ താമസിക്കുന്ന അനന്ദു പ്രസാദ് (21) എന്നിവരെയാണ് ചാത്തന്നൂര്‍ ഇന്‍സ്‌പെക്ടര്‍ അനീഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം അറസ്റ്റ് ചെയ്തത്.

മര്‍ദനത്തിന് ഇരയായ വിഷ്ണു പ്രസാദിന്റെ സഹോദരനാണ് ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ അനന്ദു പ്രസാദ്. അനന്ദു വീട്ടില്‍ നിന്ന് അകന്നു കഴിയുകയാണ്. തട്ടിക്കൊണ്ടു പോകുമ്പോള്‍ സംഘത്തില്‍ ഉണ്ടായിരുന്ന അനന്ദു തന്നെയാണ് വിഷ്ണുവിനെ മര്‍ദിച്ചതെന്ന് പോലീസ് പറഞ്ഞു.

ലിന്‍സി വിവാഹിതയും 2 കുട്ടികളുടെ മാതാവുമാണ്. ഭര്‍ത്താവ് ഗള്‍ഫിലാണ്. ഒന്നര വര്‍ഷം മുന്‍പാണ് ലിന്‍സി ഗൗതമിനെ പരിചയപ്പെടുന്നത്. ഗൗതം, വിഷ്ണു എന്നിവര്‍ പാരിപ്പള്ളിയിലെ മൈക്രോ ഫിനാന്‍സ് സ്ഥാപനത്തിലെ കലക്ഷന്‍ ഏജന്റുമാരാണ്. അടുപ്പം ശക്തമായതോടെ പണം, മൊബൈല്‍ ഫോണ്‍ തുടങ്ങിയവ ഗൗതമിനു നല്‍കി.

ഇതിനിടെ വിവാഹാഭ്യര്‍ഥന നിരസിച്ച് അകലാന്‍ ശ്രമിച്ചതോടെ ഗൗതമിനോടു പകയായി. തുടര്‍ന്നാണ് വര്‍ക്കലയിലെ സംഘത്തിനു ക്വട്ടേഷന്‍ നല്‍കുന്നത്. വിഷ്ണു ചാത്തന്നൂരില്‍ പേയിങ് ഗെസ്റ്റായി താമസിക്കുകയാണ്. കഴിഞ്ഞ 14ന് ഉച്ചയ്ക്ക് ലിന്‍സി വിഷ്ണുവിനെ വിളിച്ച് അടുത്ത ബന്ധുക്കള്‍ വരുന്നുണ്ടെന്നും അവര്‍ക്കൊപ്പം പോയി പണം വാങ്ങി നല്‍കണമെന്നും പറഞ്ഞു.

ക്വട്ടേഷന്‍ സംഘം എത്തി വിഷ്ണുവിനെ കാറില്‍ കയറ്റി അയിരൂര്‍ കായല്‍ വാരത്ത് എത്തിച്ചു. മര്‍ദിച്ച ശേഷം വിഷ്ണുവിനെക്കൊണ്ടു ഗൗതമിനെ വിളിച്ചു വരുത്തി. തുടര്‍ന്നു ഗൗതമിനെയും ആക്രമിച്ചു പണവും മൊബൈല്‍ ഫോണും കവര്‍ന്ന ശേഷം ഇരുവരെയും മോചിപ്പിച്ചു.

യുവാക്കളുടെ പരാതിയെത്തുടര്‍ന്നാണ് പോലീസ് അന്വേഷണമാരംഭിച്ചത്. ആശുപത്രിയില്‍ ഒളിവില്‍ കഴിയുമ്പോഴാണ് പോലീസ് ലിന്‍സിയെ പിടികൂടുന്നത്. ക്വട്ടേഷന്‍ സംഘത്തിലെ 2 പേരെയും കോടതിയില്‍ ഹാജരാക്കി. ലിന്‍സിയെ ഇന്നു കോടതിയില്‍ ഹാജരാക്കും.