ന്യൂസ് ഡെസ്ക് മലയാളം യുകെ

യു കെ :- ജേസൺ ആർഡെ തന്റെ വിധിയിൽ വിശ്വസിക്കുന്നു. ആർഡേയുടെ കഥ വലിയ ഉയരങ്ങളുടേതു മാത്രമല്ല അഗാധമായ താഴ്ചകളുടേതുമാണ്. തെക്കൻ ലണ്ടനിലെ ക്ലാഫാമിലെ ഒരു കൗൺസിൽ എസ്റ്റേറ്റിൽ ഘാനയിൽ നിന്നുള്ള ജോസഫിന്റെയും ഗിഫ്റ്റിയുടെയും മകനായാണ് ആർഡേ ജനിച്ചത്. അവന്റെ അമ്മ ഗിഫ്റ്റി മാനസികരോഗികളെ പരിപാലിക്കുന്ന ഒരു നേഴ്സും, പിതാവ് ഷെഫുമായിരുന്നു. നാല് സഹോദരന്മാരിൽ രണ്ടാമനായിരുന്നു ആർഡെ. മൂന്നാമത്തെ വയസ്സിലാണ് ആർഡെയ്ക്ക ഓട്ടിസവും ഗ്ലോബൽ ഡെവലപ്മെന്റ് ഡിലെ എന്ന അവസ്ഥയും ഉണ്ടെന്ന് കണ്ടെത്തിയത്. മറ്റു കുട്ടികളെക്കാൾ നടക്കാനും സംസാരിക്കാനും, പുതിയ കാര്യങ്ങൾ പഠിക്കാനും മറ്റുള്ളവരുമായി സാമൂഹികമായും വൈകാരികമായും ഇടപഴകാനുമുള്ള കാലതാമസം ഇത് മൂലം ഉണ്ടാകുമെന്നാണ് ശാസ്ത്രലോകം വിധിയെഴുതിയത്.

കുട്ടിക്കാലത്തിന്റെ ഭൂരിഭാഗം സമയങ്ങളിലും ആർഡെയ്ക്ക് സംസാരിക്കുവാനോ വായിക്കുവാനോ എഴുതുവാനോ ഉള്ള കഴിവ് ഉണ്ടായിരുന്നില്ല. നാലാമത്തെ വയസ്സു മുതൽ ആർഡെ സൈൻ ഭാഷയാണ് പഠിച്ചത്. എന്നാൽ പതിനൊന്നാമത്തെ വയസ്സിൽ, അവന്റെ അമ്മയുടെ നിരന്തരമായ പരിശ്രമത്തിന്റെയും, നിരവധി മണിക്കൂറുകൾ നീണ്ട സ്പീച് തെറാപ്പിയുടെയും ഫലമായി ആദ്യമായി ആർഡെ പതിയെ സംസാരിക്കുവാൻ ആരംഭിച്ചു. അതിനുശേഷം പതിയെ സൈൻ ഭാഷ ഉപയോഗിക്കുന്നത് നിർത്തി സാധാരണ രീതിയിലേക്ക് ആർഡെ ചുവടുവയ്ക്കുകയായിരുന്നു. പിന്നീട് അദ്ദേഹം പൂർണമായും സംസാരിക്കുവാനും എഴുതുവാനും എല്ലാം കഴിയുന്ന തരത്തിലേയ്ക്ക് എത്തി. ഉപദേഷ്ടാവും സുഹൃത്തുമായ സാന്ദ്രോ സാന്ദ്രിയുടെ സഹായത്തോടെ, കൗമാരത്തിന്റെ അവസാനത്തിൽ ആർഡേ വായിക്കുവാനും എഴുതുവാനും ആരംഭിച്ചതിനു ശേഷം പിന്നീട് സറേ സർവകലാശാലയിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷനിലും വിദ്യാഭ്യാസ പഠനത്തിലും ബിരുദം നേടി. അതിനുശേഷം രണ്ട് മാസ്റ്റേഴ്സ് ബിരുദങ്ങളും, വിദ്യാഭ്യാസ പഠനത്തിൽ പിഎച്ച്ഡിയും അദ്ദേഹം നേടി. 2015 ൽ അദ്ദേഹം തന്റെ സോഷ്യോളജി വിഷയത്തിലുള്ള താല്പര്യ മനസ്സിലാക്കുകയും അതിൽ കൂടുതൽ പഠനങ്ങൾ നടത്തുകയും ചെയ്തു.


കേംബ്രിഡ്ജ് സർവകലാശാലയിൽ പ്രൊഫസർ ആയി പ്രവർത്തിക്കുന്നതിന് മുൻപ് ആർഡെ ഗ്ലാസ്ഗോ, ഡർഹം എന്നിവിടങ്ങളിൽ സർവ്വകലാശാലയിൽ അധ്യാപകനായി പ്രവർത്തിച്ചിരുന്നു. അക്കാദമിക്ക് പ്രാധാന്യമുള്ള 3 പുസ്തകങ്ങളാണ് അദ്ദേഹം ഇതുവരെ പ്രസിദ്ധപ്പെടുത്തിയത്. ഇതിൽ ഭൂരിഭാഗവും വംശവും വിദ്യാഭ്യാസവും എന്ന വിഷയത്തെ ആസ്പദമാക്കിയാണ്. ഇതോടൊപ്പം തന്നെ വിവിധ രീതിയിൽ പണം ഉണ്ടാക്കി അദ്ദേഹം നിരവധി ചാരിറ്റി പ്രവർത്തനങ്ങളിലും ഭാഗമാകുന്നുണ്ട്. 2010 ൽ ആർഡെ 35 ദിവസം കൊണ്ട് 30 മാരത്തോണുകളിൽ പങ്കെടുത്ത് ചാരിറ്റിക്കായുള്ള പണം സമ്പാധനം നടത്തി.


ആർഡെയുടെ ആത്മവിശ്വാസം വർധിപ്പിക്കുന്നതിൽ അമ്മ ഒരു പ്രധാന പങ്ക് വഹിച്ചിരുന്നു. സംഗീതത്തിന്റെ വിശാലമായ ശ്രേണി അവർ അവനെ പരിചയപ്പെടുത്തിയിരുന്നു. അത് അവനെ സംസാരിക്കുവാൻ കൂടുതൽ പ്രേരിപ്പിച്ചതായും ആർഡെ വ്യക്തമാക്കുന്നുണ്ട്. വംശീയമായി അധിക്ഷേപിക്കപ്പെടുന്ന കറുത്ത വർഗ്ഗക്കാരെ പോലുള്ളവരുടെ വിദ്യാഭ്യാസത്തിനാണ് ആർഡെ കൂടുതൽ പ്രാധാന്യം നൽകുന്നത്. കാരണം കറുത്ത വർഗ്ഗക്കാരും വംശീയ-ന്യൂനപക്ഷങ്ങളും പലപ്പോഴും അവരുടെ വെള്ളക്കാരായ എതിരാളികളുടേതിന് തുല്യമായ കഴിവില്ല എന്ന ധാരണയിൽ നിന്നാണ് വിലയിരുത്തപ്പെടുന്നതെന്ന് അദ്ദേഹം പറയുന്നു. അതിനാൽ തന്നെ, തനിക്കുള്ള ന്യൂറൽ ഡൈവേർജൻസ് തന്റെ അക്കാദമിക് ജീവിതത്തെ ബാധിക്കുവാൻ അനുവദിച്ചിരുന്നില്ലെന്നും ആർഡെ വ്യക്തമാക്കുന്നു. താൻ സ്വയം ഒരു ബുദ്ധിശാലിയായല്ല , മറിച്ച് നിശ്ചയദാർഢ്യമുള്ള ഒരാളായാണ് തന്നെതന്നെ കാണുന്നതെന്ന് ആർഡെ പറയുന്നു. ആളുകളുമായി കണ്ടുമുട്ടുമ്പോൾ, താൻ സിദ്ധാന്തങ്ങളെക്കുറിച്ചല്ല ജീവിതത്തെക്കുറിച്ചാണ് കൂടുതൽ സംസാരിക്കുന്നതെന്നും അദ്ദേഹം പറയുന്നുണ്ട്. ആർഡെയുടെ ജീവിതകഥ ലോകമെമ്പാടുമുള്ളവർക്ക് പ്രചോദനവും ആവേശവും നൽകുന്നതാണ്.