ലിഫ്റ്റ് ചോദിച്ച് കാറില്‍ കയറിയ യുവാവിനെ അക്രമിച്ച് സ്വര്‍ണാഭാരണങ്ങള്‍ കവരാന്‍ ശ്രമിച്ച സംഘത്തിലെ രണ്ടുപേരെ പിടികൂടി. മലപ്പുറം വടക്കേപ്പറമ്പില്‍ ചുങ്കത്തറ വീട്ടില്‍ ബാബു ജോണ്‍(24), കണ്ണൂര്‍ പടിയാംകണ്ടത്തില്‍ ജെറിന്‍(18)എന്നിവരെയാണ് കുന്നിക്കോട് പൊലീസ് പിടികൂടിയത്. മറ്റൊരു പ്രതിയായ ഷിജുവിനെ ഇനിയും പിടികൂടിയിട്ടില്ല. അടൂരില്‍ വളര്‍ത്തു പക്ഷികളെ വില്ക്കുന്ന സ്ഥാപനം നടത്തുന്ന ഇവര്‍ സമീപവാസിയായ ആളുടെ കാറെടുത്താണ് മോഷണത്തിനിറങ്ങിയത്. കാറില്‍ ലിഫ്റ്റ് ചോദിച്ച് കയറിയ യുവാവിനെ മര്‍ദിച്ച് സ്വര്‍ണ്ണാഭരണങ്ങള്‍ തട്ടിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ ഓടികൊണ്ടിരുന്ന കാര്‍ താഴ്ചയിലേക്ക് മറിഞ്ഞ് യുവാവിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തു. ഇളമ്പല്‍ കോട്ടവട്ടം ജംഗ്ഷന് സമീപം ചൊവ്വാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയായിരുന്നു സംഭവം.

െന്മല ശിവാലയം വീട്ടില്‍ ശിവകുമാറാണ് ( 44) അക്രമത്തിന് ഇരയായതും ഗുരുതര പരിക്ക് പറ്റിയതും. ഇയാള്‍ പുനലൂര്‍ താലൂക്കാസ്പത്രിയില്‍ ചികിത്സയിലാണ്. ഇയാളുടെ നാല് പവന്‍ തൂക്കം വരുന്ന മാലയും മൂന്ന് പവന്റെ ചെയിനും സംഘം അപഹരിച്ചിരുന്നു. പുനലൂരിലെ സ്വകാര്യ ആസ്പത്രിയില്‍ ചികിത്സയില്‍ കഴിയുന്ന അമ്മയുടെ അടുത്തേക്ക് വരാനായി രാത്രി കൊട്ടാരക്കരയില്‍ പുനലൂരിലേക്ക് ബസ് കാത്ത് നില്‍ക്കുകയായിരുന്നു ശിവകുമാര്‍. ഈ സമയം അവിടെ എത്തിയ കാറിലുണ്ടായിരുന്നവര്‍ പുനലൂരിലേക്ക് ആണെന്ന് പറഞ്ഞ് ശിവകുമാറിനെയും കൂടെ കയറ്റി. തുടര്‍ന്ന് കുന്നിക്കോട് ജംഗ്ഷന് സമീപം എത്തിയപ്പോഴേക്കും കാറിലുണ്ടായിരുന്നവര്‍ ശിവകുമാറിനെ മര്‍ദിച്ച ശേഷം മാലയും ചെയിനും പിടിച്ച് വാങ്ങുകയായിരുന്നു.

പിടിവലിക്കിടെ നിയന്ത്രണം വിട്ട കാര്‍ കോട്ടവട്ടത്തിനും ഇളമ്പല്‍ ജംഗ്ഷനും ഇടയിലുളള കല്‍പാലത്തിങ്കല്‍ ഏലായിലെ തോട്ടിലേക്ക് മറിയുകയായിരുന്നു. പെട്രോളിംഗിനെത്തിയ കുന്നിക്കോട് പൊലീസാണ് കാര്‍ അപകടത്തില്‍ പെടുന്നത് കണ്ടത്. തുടര്‍ന്ന് അപകടത്തില്‍ പെട്ടവരെ രക്ഷിക്കുന്നതിനിടെ ഒരാള്‍ ഓടി രക്ഷപ്പെട്ടു. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന്റെ മുന്‍വശത്തേയും പിന്‍വശത്തേയും നമ്പര്‍ പ്ലേറ്റുകള്‍ രണ്ടായിരുന്നു. സംഭവത്തിനിടെ മുങ്ങിയ കാര്‍ ്രൈഡവറെ പൊലീസ് അന്വേഷിച്ച് കണ്ടെത്തി. മോഷണ ശ്രമത്തിന് കേസെടുത്ത കുന്നിക്കോട് പൊലീസ് സംഭവത്തെക്കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തി വരികയാണ്. കവര്‍ച്ച കേസില്‍ പിടിയിലായ മൂന്ന് പ്രതികളും 2014ല്‍ ചിങ്ങവനം പൊലീസ് രജിസ്റ്റര്‍ ചെയ്ത പിടിച്ചുപറിക്കേസിലും പ്രതികളാണെന്ന് കുന്നിക്കോട് പൊലീസ് പറഞ്ഞു.