നിര്‍മ്മാതാവ് പിരിവ് നല്‍കാന്‍ വിസമ്മതിച്ചതിനെതുടര്‍ന്ന് ഷൂട്ടിങ് സെറ്റില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ ഗുണ്ടായിസം. ഷൂട്ടിങ്ങ് പൊതുജനത്തിന് തടസമാണെന്ന് ആരോപിച്ച് പ്രവര്‍ത്തകര്‍ ചിത്രീകരണം തടസപ്പെടുത്തുകയായിരുന്നു. പത്തനാപുരത്ത് താലൂക്ക് ഓഫീസിന് സമീപം ചിത്രീകരണം നടത്തുന്നതിനിടെയാണ് സംഭവം. സംഭവത്തില്‍ അഞ്ച് ലക്ഷം രൂപയുടെ നഷ്ടമാണ് നിര്‍മ്മാതാവിനുണ്ടായത്.

ധ്യാന്‍ ശ്രീനിവാസനും അജു വര്‍ഗീസും പ്രധാനകഥാപാത്രങ്ങളാക്കി സന്തോഷ് നായര്‍ സംവിധാനം ചെയ്യുന്ന സച്ചിന്‍ സണ്‍ ഓഫ് വിശ്വനാഥ് എന്ന സിനിമയുടെ ചിത്രീകരണമാണ് പ്രവര്‍ത്തകര്‍ തടസപ്പെടുത്തിയത്. സംഭവത്തില്‍ എട്ട് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കെതിരെ നിര്‍മാതാവ് പത്തനാപുരം പോലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.

മണിയന്‍ പിള്ള രാജു, ഹരീഷ് കണാരന്‍, രമേഷ് പിഷാരടി തുടങ്ങിയ പന്ത്രണ്ടോളം താരങ്ങള്‍ ലൊക്കേഷനിലുള്ളപ്പോഴായിരുന്നു സംഘം എത്തിയത്. പ്രതിഷേധത്തെ തുടര്‍ന്ന് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സാധിക്കാതെ സിനിമാ പ്രവര്‍ത്തകര്‍ മടങ്ങുകയായിരുന്നു.