ജോബി കൊല്ലം

വലേറ്റ : യൂറോപ്പിലെ മാൾട്ടയിൽ ഇന്ത്യയിൽ നിന്നുള്ള യാത്രക്കാരെ ഡാർക്ക്റെഡ് സോൺ ലിസ്റ്റിൽ ഉൾപ്പെടുത്തി മാൾട്ട ഗവൺമെൻറ് നിർബന്ധപൂർവ്വം 1400 യൂറോ (ഒന്നേകാൽ ലക്ഷം രൂപ) ഈടാക്കി നിർബന്ധിത ഹോട്ടൽ ക്വാറന്റീൻ നിർബന്ധമാക്കിയ വിഷയത്തിൽ മാൾട്ട ആരോഗ്യ മന്ത്രാലയ പ്രതിനിധികളുമായി വലേറ്റയിലെ മിനിസ്ട്രി ഓഫ് ഹെൽത്ത് ഓഫീസിൽ യുവധാര സാംസ്കാരികവേദിയുടെ പ്രതിനിധികൾ കൂടിക്കാഴ്ച നടത്തി. ഓഗസ്റ്റ് പതിനാറാം തീയതി യുവധാര സമർപ്പിച്ച നിവേദനത്തെ തുടർന്നാണ് കൂടിക്കാഴ്ചയ്ക്ക് സമയം അനുവദിച്ചത്.

യുവധാര മാൾട്ടയെ പ്രതിനിധീകരിച്ച് സെക്രട്ടറി സ:ബെസ്റ്റിൻ വർഗീസ്, പ്രസിഡന്റ് സ: ജോബി കൊല്ലം , ജോയിന്റ് സെക്രട്ടറി സ: അയൂബ് തവനൂർ എന്നിവരാണ് മാൾട്ട ആരോഗ്യ മന്ത്രാലയം ഓഫീസിലെത്തി ആരോഗ്യമന്ത്രിയുടെ പ്രതിനിധിയുമായി കൂടിക്കാഴ്ച നടത്തിയത്.

ചർച്ചയിൽ ക്വാറന്റീൻ വിഷയത്തിൽ യുവധാര ഉന്നയിച്ച പരാതികളിൽ ഉടൻതന്നെ അനുഭാവപൂർണമായ നടപടിയെടുക്കാമെന്ന ഉറപ്പും ലഭിച്ചിട്ടുണ്ട്. കൂടാതെ ഇന്ത്യയിൽ നിന്ന് ഇവിടെ എത്തിയ പ്രവാസികൾ നേരിടുന്ന മറ്റു പ്രശ്നങ്ങളും കൂടിക്കാഴ്ചയിൽ യുവധാര ഉന്നയിച്ചു. കോവിഡ് – 19ന്റെ ആദ്യനാളുകളിൽ യുവധാര ഇന്ത്യൻ കമ്മ്യൂണിറ്റിയിൽ നടത്തിയ ഭക്ഷ്യകിറ്റ് വിതരണവും മറ്റ് അനുബന്ധ പ്രവർത്തനങ്ങളും മീഡിയയിൽ വന്നത് മന്ത്രാലയം ശ്രദ്ധിച്ചുണ്ടെന്നും ഇത്തരം പ്രവർത്തനങ്ങൾ തികച്ചും സ്ലാഘനീയമാണെന്നും അധികൃതർ അനുമോദിച്ചു. കൂടിക്കാഴ്ച അരമണിക്കൂർ നീണ്ടുനിന്നു .