ഹരാരെ: കടുത്ത വരള്‍ച്ചയെ തുടര്‍ന്ന് സിംബാബ്‌വെയെ ദുരിത ബാധിത മേഖലയായി പ്രസിഡന്റ് റോബര്‍ട്ട് മുഗാബെ പ്രഖ്യാപിച്ചു. രാജ്യത്തെ 24 ലക്ഷം വരുന്ന ജനതയും ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന സാഹചര്യത്തിലാണ് നടപടി. ഇതോടെ രാജ്യാന്തര ഏജന്‍സികള്‍ക്ക് രാജ്യത്ത് ഭക്ഷണം എത്തിക്കാനായി പണം ശേഖരിക്കാനുളള അവസരം കൂടി തുറന്നുകിട്ടി. രാജ്യത്തിന്റെ പട്ടിണി മാറ്റാന്‍ ഇക്കൊല്ലം 7,00,000 ടണ്‍ ഭക്ഷ്യധാന്യങ്ങള്‍ വേണമെന്നാണ് വിലയിരുത്തുന്നത്. കെടുകാര്യസ്ഥതയെ തുടര്‍ന്നുണ്ടായ സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കരകയറാന്‍ ഇനിയും രാജ്യത്തിനായിട്ടില്ല. 2002ലെ രാഷ്ട്രീയ കലാപത്തെ തുടര്‍ന്ന് പാശ്ചാത്യ രാജ്യങ്ങള്‍ ഇവര്‍ക്കുളള സഹായങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. രാജ്യത്ത് ആവശ്യത്തിന് മഴ ലഭിക്കാത്തതിനേത്തുടര്‍ന്ന് എഴുപത്തഞ്ച് ശതമാനം കാര്‍ഷിക വിളകളും നശിച്ചു.
ജലനിരപ്പ് ക്രമാതീതമായി താണതോടെ ജലവൈദ്യുത പദ്ധതികളും പ്രതിസന്ധിയിലാണ്. രാജ്യത്തെ ഏറ്റവും വലിയ ജലവൈദ്യുത പദ്ധതിയായ കരിബ ഇപ്പോള്‍ തന്നെ 62 ശതമാനം വൈദ്യുതി ഉദ്പാദനം നിര്‍ത്തി വച്ചിരിക്കുകയാണ്. രാജ്യത്തെ ദുരന്തബാധിത മേഖലയായി പ്രഖ്യാപിച്ചില്ലെങ്കില്‍ രാജ്യാന്തര സഹായം വൈകുമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംബാസിഡര്‍ ഫിലിപ്പ് വാന്‍ ഡാം മുറിയിപ്പ് നല്‍കിയിരുന്നു. ലോകത്തെ മറ്റിടങ്ങളിലുളള മനുഷ്യാവകാശ പ്രശ്‌നങ്ങളിലും രാജ്യാന്തര സമൂഹത്തിന് ഇടപെടേണ്ടതുണ്ടെും അദ്ദേഹം ചൂണ്ടിക്കാട്ടി.

രാജ്യത്തെ ചില ഭാഗങ്ങളില്‍ ഭക്ഷണം പ്രതിപക്ഷത്തിനെതിരെയുളള ആയുധമാക്കി മാറ്റുന്നതായും ചിലര്‍ ചൂണ്ടിക്കാട്ടുന്നു. ചില പാര്‍ട്ടി പരിപാടികളില്‍ പങ്കെടുക്കുവര്‍ക്കും പാര്‍ട്ടി അംഗത്വം എടുക്കുന്നവര്‍ക്കും മാത്രമായി സര്‍ക്കാരിന്റെ ഭക്ഷ്യസഹായം പരിമിതപ്പെടുത്തിയിരിക്കുന്നുവെന്നും ആരോപണമുണ്ട്. ഇതിനെതിരെ ബഹുജനപ്രക്ഷോഭവും സംഘടിപ്പിക്കുന്നുണ്ട്. എല്‍നിനോയുടെ പ്രത്യാഘാതമാണ് രാജ്യത്തെ കടുത്ത വരള്‍ച്ചയ്ക്ക് കാരണമെന്നുും വിലയിരുത്തപ്പെടുന്നു.