ന്യൂഡല്‍ഹി: ഡല്‍ഹിയിലെ കരോള്‍ ബാഗിലെ ഹോട്ടലിലുണ്ടായ തീപ്പിടിത്തത്തില്‍ 17 പേര്‍ കൊല്ലപ്പെട്ടു. മരിച്ചവരില്‍ ഒരാള്‍ മലയാളിയാണ്. എറണാകുളം ചോറ്റാനിക്കര സ്വദേശി ജയശ്രിയാണ് കൊല്ലപ്പെട്ട മലയാളി. 20ലധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. രണ്ട് മലയാളികളടക്കം പതിനൊന്ന് പേരെ ഇതുവരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല. രക്ഷാപ്രവര്‍ത്തനം തുടരുകയാണ് അപകട കാരണം ഇതുവരെ വ്യക്തമായിട്ടില്ല. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

കരോള്‍ ബാഗിലെ അര്‍പ്പിത് പാലസ് ഹോട്ടലില്‍ പുലര്‍ച്ചെ നാല് മണിയോടെയാണ് തീപിടുത്തമുണ്ടാകുന്നത്. ഈ സമയത്ത് ജീവനക്കാരടക്കം 80 ലേറെപ്പേര്‍ ഹോട്ടലിലുണ്ടായിരുന്നതായിട്ടാണ് റിപ്പോര്‍ട്ട്. എറണാകുളം ചോറ്റാനിക്കരയില്‍ നിന്നുള്ള പതിമൂന്നംഗ സംഘവും ഹോട്ടലില്‍ താമസിച്ചിരുന്നു. ഇതില്‍ ഒരാള്‍ കൊല്ലപ്പെടുകയും നളിനിയമ്മ, വിദ്യാസാഗര്‍ എന്നിവരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. ബാക്കിയുള്ള 10 പേര്‍ സുരക്ഷിതരാണ്.

അപകടത്തിന് കാരണം ഷോട്ട് സര്‍ക്യൂട്ടാണെന്നാണ് അഗ്‌നിശമന സേനയുടെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്. അഞ്ച് നിലയിലുള്ള ഹോട്ടലിന്റെ നാലാം നിലയിലാണ് ആദ്യം തീപടര്‍ന്നത്. പിന്നീട് ഇത് രണ്ടാം നില വരെ എത്തി. ഇതിനിടയ്ക്ക് തീ അണച്ചെങ്കിലും മുറിയില്‍ കുടുങ്ങിയവരെ രക്ഷെടുത്താന്‍ കഴിഞ്ഞില്ല. ഹോട്ടലിന്റെ ഇടനാഴികളില്‍ മരത്തടി പാകിയത് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചതായി അഗ്‌നിശമന സേന പറഞ്ഞു. കാണാതായവര്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.