കല്യോട്ട്: പെരിയ ഇരട്ടക്കൊലപാതകത്തില്‍ പ്രതിഷേധിച്ച് കല്യോട്ട് 65 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. സിപിഎമ്മിന്റെ പ്രാദേശിക നേതൃത്വത്തിന്റെ സഹായത്തോടെയാണ് കൊലപാതകങ്ങള്‍ അരങ്ങേറിയതെന്നാണ് കോണ്‍ഗ്രസിലേക്ക് ചേക്കേറിയ പ്രവര്‍ത്തകരുടെ ആരോപണം. കൊല്ലപ്പെട്ട കൃപേഷിന്റെയും ശരത്ലാലിന്റെയും ബന്ധുക്കളും സിപിഎം അനുഭാവികളുമായവരാണ് കൂട്ടത്തോടെ കോണ്‍ഗ്രസിലേക്ക് ചേര്‍ന്നിരിക്കുന്നത്. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തില്‍ പ്രതിഷേധിച്ചാണ് ഇത്തരമൊരു തീരുമാനമെടുത്തതെന്ന് ഇവര്‍ പിന്നീട് പ്രതികരിച്ചു.

കോണ്‍ഗ്രസിന്റെ പ്രമുഖ നേതാക്കള്‍ ഉള്‍പ്പെടുന്ന സംഘം ഇവര്‍ക്ക് സ്വീകരണം നല്‍കുകയും ചെയ്തിരുന്നു. കോഴിക്കോട് ഡിസിസി പ്രസിഡന്റ് അഡ്വ ടി സിദ്ദിഖ് സ്വീകരണയോഗം ഉദ്ഘാടനം ചെയ്തത്. കൊല്ലപ്പെട്ട കൃപേഷിന്റെ കുടുംബത്തിന് ഹൈബി ഈഡന്‍ പണിത വീടിന്റെ ഗൃഹപ്രവേശന ചടങ്ങ് ഇന്ന് നടക്കാനിരിക്കെയാണ്. അതേസമയം തങ്ങളുടെ പ്രവര്‍ത്തകരല്ല ഈ 65 പേരുമെന്ന് സിപിഎം ആരോപിച്ചു.

നേരത്തെ സിപിഎമ്മുകാര്‍ വേട്ടയാടുന്നുവെന്ന് കാണിച്ച് കൃപേഷിന്റെ അനുജത്തി മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതിയിരുന്നു. ഏട്ടന്റെയും ശരത്തേട്ടന്റെയും മരണശേഷവും അവരെ ദുര്‍നടപ്പുകാരും ഗുണ്ടകളുമായി ചിത്രീകരിക്കുന്ന അങ്ങയുടെ പാര്‍ട്ടിക്കാരുടെ ക്രൂരത എന്നെയും കുടുംബത്തെയും വല്ലാതെ വേദനിപ്പിക്കുന്നുവെന്ന് കൃപേഷിന്റെ അനുജത്തി കൃഷ്ണപ്രിയ കത്തില്‍ കുറിക്കുന്നു. കാസര്‍ഗോഡ് മണ്ഡലത്തില്‍ ഇത്തവണ സിപിഎമ്മിന് വലിയ തിരിച്ചടികളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.