വള്ളിക്കാവ് അമൃതാനന്ദമയി മഠത്തിലെ അന്തേവാസികളില്‍ 67 പേര്‍ നിരീക്ഷണത്തില്‍. കൊവിഡ് ബാധ സംശയിക്കുന്നതിനെ തുടര്‍ന്ന് മഠത്തില്‍ കഴിഞ്ഞിരുന്ന 67 പേരെ അമൃതാനന്ദമയി എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്കമാറ്റി. എന്നാല്‍ ഇത് സംബന്ധിച്ച വിവരങ്ങള്‍ മഠം അധികൃതര്‍ ആരോഗ്യ വകുപ്പ് അധികൃതരില്‍ നിന്ന് മറച്ചു വച്ചതായി ആരോപണമുണ്ട്. മഠത്തിലെ അന്തേവാസികളെ സംബന്ധിച്ചുള്ള വിവരങ്ങള്‍ ദിവസങ്ങളോളം ആവശ്യപ്പെട്ടിട്ടും ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയില്ല എന്നാണ് പരാതി. ഒടുവില്‍ ജില്ലാ കളക്ടര്‍ ഇടപെട്ടതിന് ശേഷമാണ് മഠം അധികൃതര്‍ ഇവരെ പരിശോധനകള്‍ക്കായി ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കൈമാറിയത്. പരിശോധനയ്ക്കുള്ള സാമ്പിള്‍ എടുത്ത ശേഷം സംശയമുള്ള 67 പേരേയും മഠത്തിന് പുറത്ത് എഞ്ചിനീയറിങ് കോളേജ് ഹോസ്റ്റലിലേക്ക് മാറ്റുകയായിരുന്നു.

ആരോഗ്യ പ്രവര്‍ത്തകരും പഞ്ചായത്ത് അധികൃതരും അമൃതാനന്ദമയി മഠത്തില്‍ എത്തുകയും ആവശ്യമായ മുന്‍കരുതല്‍ സ്വീകരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. തുടര്‍ന്ന് മഠത്തില്‍ സന്ദര്‍ശനവും ആലിംഗനവും ഒഴിവാക്കി. പഞ്ചായത്തിലെ മെഡിക്കല്‍ ഓഫീസറും മറ്റ് ആരോഗ്യ പ്രവര്‍ത്തകരും മഠത്തില്‍ തുടര്‍ച്ചയായി എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. മഠത്തിലെ അന്തേവാസികള്‍, അവരെ സംബന്ധിക്കുന്ന വിരവരങ്ങള്‍ ആവശ്യപ്പെടുകയുമുണ്ടായി. എന്നാല്‍ സന്ദര്‍ശനം നിര്‍ത്തിയതിനാല്‍ മുമ്പ് മഠത്തില്‍ എത്തിയവര്‍ മാത്രമേ നിലവില്‍ അന്തേവാസികളായുള്ളൂ എന്ന വിവരമാണ് മഠം അധികൃതര്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് നല്‍കിയത്. എന്നാല്‍ പിന്നീട് മഠം അധികൃതര്‍ നല്‍കുന്ന വിവരങ്ങളില്‍ സംശയം തോന്നിയ മെഡിക്കല്‍ ഓഫീസര്‍ ഇക്കാര്യം ജില്ലാ കളക്ടറെ അറിയിച്ചു.

ആലപ്പാട് പഞ്ചായത്ത് അംഗമായ ബേബി രാജു പറയുന്നു, ‘വിദേശികള്‍ ഒട്ടെറെ വന്ന് പോവുന്ന സ്ഥാപനം എന്ന രീതിയില്‍ മഠത്തില്‍ പതിവായി ആരോഗ്യ പ്രവര്‍ത്തകര്‍ എത്തുകയും വിവരങ്ങള്‍ ശേഖരിക്കാന്‍ ശ്രമിക്കുകയും ചെയ്തു. ദര്‍ശനവും ആലിംഗനവും നിര്‍ത്തി വച്ചതായി മഠം അധികൃതര്‍ അറിയിച്ചു. സന്യാസ ദീക്ഷ നല്‍കുന്ന ചടങ്ങില്‍ പോലും പുറത്ത് നിന്ന് ആര്‍ക്കും പ്രവേശനമില്ലായിരുന്നു എന്ന അവര്‍ പറഞ്ഞു. കേരളത്തില്‍ കൊവിഡ് വ്യാപകമാവാന്‍ തുടങ്ങിയപ്പോള്‍ പല തവണ മഠത്തിലെ അന്തേവാസികളുടെ വിവരങ്ങള്‍ ആവശ്യപ്പെട്ടു. എന്നാല്‍ ആദ്യം അവര്‍ വിവരം തന്നില്ല. പിന്നീട് കുറച്ച് വിവരങ്ങള്‍ കൈമാറി. എന്നാല്‍ അതിലെ കണക്കുകളും ആരോഗ്യവകുപ്പിന്റെ കയ്യിലുള്ള കണക്കുകളും ഒത്തുവച്ചപ്പോള്‍ കുറേ അവ്യക്തതകളുണ്ടായി. ഇതെല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടറെ അറിയിക്കുന്നുണ്ടായിരുന്നു.’ ഇന്നലെ ജില്ലാ കളക്ടര്‍ അമൃതാനന്ദമയീ മഠം അധികൃതരെയും വിളിച്ച് ചര്‍ച്ച നടത്തിയിരുന്നു. എന്നാല്‍ ആരോഗ്യ പ്രവര്‍ത്തകര്‍ മഠത്തില്‍ വന്നിട്ടില്ലെന്നും വിവരങ്ങള്‍ ചോദിച്ചില്ലെന്നും മഠം അധികൃതര്‍ യോഗത്തെ തെറ്റിദ്ധരിപ്പിച്ചതായും പഞ്ചായത്ത് അംഗങ്ങള്‍ പറയുന്നു.

‘മഠത്തില്‍ പോയതിന്റെയും ബാക്കി വിവരങ്ങളും എല്ലാം മെഡിക്കല്‍ ഓഫീസര്‍ ജില്ലാ കളക്ടര്‍ക്ക് അതാത് സമയം നല്‍കിയിരുന്നു. അതിനാല്‍ മഠം അധികൃതര്‍ പറഞ്ഞ കള്ളം അവിടെ പൊളിഞ്ഞു. പിന്നീടാണ് 67 പേര്‍ നിരീക്ഷണത്തിലാണെന്ന വിവരം കാമാറാന്‍ മഠം അധികൃതര്‍ തയ്യാറായത്. ഇന്ന് രാവിലെയാണ് ഈ വിവരം ആരോഗ്യവകുപ്പിനെ അറിയിക്കുന്നത്.’ തുടര്‍ന്ന് 108 ആംബുലന്‍സില്‍ 67 പേരെയും കരുനാഗപ്പള്ളി ജില്ലാ ആശുപത്രിയില്‍ എത്തിച്ച് സ്രവം പരിശോധയ്ക്കയച്ചു.

കേരളത്തില്‍ കൊവിഡ് പടര്‍ന്ന് പിടിക്കുകയും സംസ്ഥാനത്ത് ലോക്ക്ഡൗണുള്‍പ്പെടെ പ്രഖ്യാപിച്ച സാഹചര്യവും നിലനില്‍ക്കുമ്പോള്‍ അമൃതാനന്ദമയി മഠം അധികൃതരുടെ നടപടിയ്‌ക്കെതിരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയര്‍ന്നിട്ടുള്ളത്. മഠം അധികൃതരുടെ പ്രതികരണത്തിനായി ശ്രമിച്ചെങ്കിലും ലഭ്യമായില്ല.