സ്ത്രീകൾക്കെതിരെ നടക്കുന്ന ചൂഷങ്ങൾ തുറന്നു പറയുന്ന കാലമാണ് ഇപ്പോൾ. അത്തരത്തിലുള്ള മീ ടു ക്യാംപെയ്‌നില്‍ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് നടി നിത്യ മേനോന്‍. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്കു പോരാടാനാണെന്ന് നിത്യ പറയുന്നു. ‘എനിക്ക് പരസ്യ പ്രതികരണങ്ങള്‍ നടത്താന്‍ മറ്റു മാര്‍ഗങ്ങളുള്ളതിനാലാണ് മീ ടു ക്യാംപെയ്‌നില്‍ പങ്കെടുക്കാതിരുന്നത്. പ്രതികരിക്കാന്‍ എനിക്ക് എന്റേതായ മാര്‍ഗങ്ങളുണ്ട്. ഒരു കൂട്ടം ആള്‍ക്കാരുടെ ഒപ്പം നിന്ന് പ്രതികരിക്കുന്നതിനേക്കാള്‍ ഇഷ്ടം ഒറ്റയ്ക്ക് നിശബ്ദ പ്രതികരണം നടത്താനാണ്’ നിത്യ പറഞ്ഞു. നടി ആക്രമിക്കപ്പെട്ട സംഭവത്തെത്തുടര്‍ന്ന് രൂപീകരിച്ച വനിതാ ചലച്ചിത്രപ്രവര്‍ത്തകരുടെ സംഘടനയില്‍ അംഗമാവാന്‍ തോന്നിയിട്ടില്ലേ എന്ന ചോദ്യത്തിന് മറുപടി നല്‍കുകയായിരുന്നു നിത്യ. ‘സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ എനിക്കു മനസ്സിലാക്കാന്‍ സാധിക്കും. അതിനെ അനുകൂലിക്കുന്നതു കൊണ്ടോ പ്രതിഷേധിക്കാത്തതിനാലോ അല്ല മൗനം പാലിക്കുന്നത്.

എന്റെ ജോലി തന്നെയാണ് ഞാന്‍ പ്രതിരോധിക്കാന്‍ ഉപയോഗിക്കുന്ന മാര്‍ഗം. എങ്ങനെ ജോലി ചെയ്യുന്നു എന്നതിലൂടെയും സഹതാരങ്ങളോട് എങ്ങനെ പെരുമാറുന്നു എന്നതിലുടെയുമാണ് പ്രതിഷേധം അറിയിക്കുന്നത്. എനിക്കു പ്രശ്‌നമായി തോന്നിയിട്ടുള്ള സെറ്റുകളില്‍നിന്ന് ഇറങ്ങിപ്പോയിട്ടുണ്ട്. ലൈംഗിക ആവശ്യങ്ങളോടെ പലരും സമീപിക്കുമ്പോഴാണ് ഇത്തരം പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്. എന്നാല്‍ ഇതിനെയൊക്കെ നിശബ്ദമായി മാത്രമേ ഞാന്‍ സമീപിക്കാറുള്ളൂ. ഇതിന്റെ പേരില്‍ പല സിനിമകളോടും നോ പറഞ്ഞിട്ടുമുണ്ട്.’ – നിത്യ വ്യക്തമാക്കി