സ്വന്തം ലേഖകൻ

ലണ്ടൻ : കൊറോണ വൈറസ് മരണങ്ങൾക്കിടയിലും കെയർ ഹോം ഫീസ് കുത്തനെ ഉയർത്തിയത് ആശങ്ക സൃഷ്ടിക്കുന്നു. കൊറോണ വൈറസിന്റെ ചിലവ് നികത്താൻ കെയർ ഹോമുകളിൽ കഴിയുന്നവരോട് ആഴ്ചയിൽ 100 ​ പൗണ്ടിൽ കൂടുതൽ ഫീസ് അടയ്ക്കാൻ ആവശ്യപ്പെടുന്നു. സ്വന്തം ഫീസ് അടയ്ക്കുന്ന താമസക്കാർ സംരക്ഷണ ഉപകരണങ്ങൾക്കും സ്റ്റാഫുകളുടെ ചിലവ് വർദ്ധിപ്പിക്കുന്നതിനുമുള്ള ബില്ലുകൾ അടയ്‌ക്കേണ്ടി വരുന്നെന്ന് ഏജ് യുകെ പറഞ്ഞു. കെയർ ഹോമുകളിലെ പകർച്ചവ്യാധി നിയന്ത്രണത്തിനായി 600 മില്യൺ പൗണ്ടും കൗൺസിൽ സേവനങ്ങൾക്ക് 3.2 ബില്യൺ പൗണ്ടും നൽകിയതായി സർക്കാർ അറിയിച്ചു. കെയർ ഹോം താമസക്കാരിൽ നിന്ന് ആഴ്ചയിൽ ശരാശരി 850 പൗണ്ട് ആണ് ഈടാക്കുന്നത്. ചില ആളുകളുടെ ഫീസ് ഇപ്പോൾ 15% വർദ്ധിച്ചു. സ്വയം പണം നൽകുന്ന താമസക്കാരോട് ഫീസ് കൂട്ടിയടയ്ക്കാൻ എത്ര കെയർ ഹോമുകൾ ആവശ്യപ്പെട്ടെന്ന് വ്യക്തമല്ല.

ഇംഗ്ലണ്ടിലെ കെയർ ഹോമുകളിൽ 400,000 ആളുകൾ താമസിക്കുന്നതായി കണക്കാക്കപ്പെടുന്നു. അതിൽ 167,000 പേർ സെൽഫ് ഫണ്ടേഴ്സും 45,000 പാർട്ട് സെൽഫ് ഫണ്ടേഴ്സുമാണ്. “വളരെയധികം പ്രതിസന്ധികളിലൂടെ കടന്നുപോയതിനുശേഷം സ്വന്തം പരിചരണത്തിനായി പണം നൽകുന്ന ചില താമസക്കാർ ഇപ്പോൾ ഒരു ഫീസ് വർദ്ധനവിനെ അഭിമുഖീകരിക്കുന്നു. ഇതിനകം തന്നെ ഉയർന്ന ഫീസ് ആണ് അവരിൽ നിന്നും ഈടാക്കുന്നത്.” ഏജ് യുകെ ഡയറക്ടർ കരോലിൻ അബ്രഹാംസ് പറഞ്ഞു. കോവിഡ് 19 തിന്റെ അധികച്ചെലവുകൾ വഹിക്കാൻ അവർ സർക്കാരിനോട് ആവശ്യപ്പെട്ടു.

പകർച്ചവ്യാധിയുടെ സമയത്ത് സ്റ്റാഫ്, താമസക്കാർ, സന്ദർശകർ എന്നിവർക്കിടയിൽ കോവിഡ് -19 വ്യാപിക്കുന്നത് തടയാനായി നിരവധി കെയർ ഹോമുകൾ ലക്ഷക്കണക്കിന് പൗണ്ട് സംരക്ഷണ ഉപകരണങ്ങൾക്കുവേണ്ടി ചിലവഴിച്ചിരുന്നു. ഏപ്രിൽ മുതൽ സെപ്റ്റംബർ വരെ 6.6 ബില്യൺ പൗണ്ട് അധിക ചിലവ് ദാതാക്കൾ നേരിടേണ്ടിവരുമെന്ന് ലോക്കൽ ഗവൺമെന്റ് അസോസിയേഷനും (എൽ‌ജി‌എ) മുതിർന്നവർക്കുള്ള സാമൂഹിക പരിപാലന ഡയറക്ടർമാരും കണക്കാക്കി. “കെയർ ഹോമുകളിൽ താമസിക്കുന്നവർക്ക് ഈ വിധത്തിൽ പിഴ ഈടാക്കരുത്.” എൽ‌ജി‌എയുടെ കമ്മ്യൂണിറ്റി വെൽ‌ഫെയർ ബോർഡ് ചെയർമാൻ കൗൺസിലർ ഇയാൻ ഹഡ്‌സ്‌പെത്ത് പറഞ്ഞു. ഭാവിയിലെ ധനസഹായ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് ആരോഗ്യ സാമൂഹിക വകുപ്പ് അറിയിച്ചിട്ടുണ്ട്. എന്നാൽ കൗൺസിലുകൾക്ക് കൂടുതൽ പണം നൽകുമോ എന്ന കാര്യത്തിൽ വ്യക്തതയില്ല. ഈ പകർച്ചവ്യാധി, കെയർ ഹോമുകൾക്ക് കാര്യമായ വെല്ലുവിളികൾ സൃഷ്ടിക്കുന്നുണ്ടെന്നും താമസക്കാരെ പരിചരിക്കുന്നതിന് അധിക പിന്തുണ ആവശ്യമാണെന്നും ഒരു വക്താവ് അറിയിച്ചു.