വിജയ് മല്യയെ ഇന്ത്യക്ക് കൈമാറാന്‍ ബ്രിട്ടീഷ് കോടതി ഉത്തരവിട്ടു. മല്യക്ക് ലണ്ടനിലെ മേല്‍ക്കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. വിധി നിര്‍ഭാഗ്യകരമെന്നായിരുന്നു വിജയ് മല്യയുടെ പ്രതികരണം. ഭീമമായ തുക വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു.

ഇന്ത്യയിലെ പൊതുമേഖലാ ബാങ്കുകളില്‍ നിന്ന് 9000 കോടി വായ്പയെടുത്ത് മുങ്ങിയ വിജയ് മല്യയെ ഇന്ത്യക്ക് കൈമാറണമെന്ന് ലണ്ടനിലെ വെസ്റ്റ്മിനിസ്റ്റര്‍ കോടതിയാണ് ഉത്തരവിട്ടത്. മല്യക്കെതിരെ തട്ടിപ്പുള്‍പ്പെടെയുള്ള കേസുകള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുമെന്ന് കോടതി വ്യക്തമാക്കി. മല്യക്ക് മേല്‍ക്കോടതിയെ സമീപിക്കാന്‍ പതിനാല് ദിവസത്തെ സാവകാശവും നല്‍കി. ഇത്രയും പണം വായ്പ നല്‍കിയതിനെ കോടതി വിമര്‍ശിച്ചു. വായ്പയെടുത്ത പണം മുഴുവന്‍ തിരികെ നല്‍കാന്‍ തയാറാണെന്ന് വിധി കേള്‍ക്കാന്‍ കോടതിയിലെത്തിയ വിജയ് മല്യ മാധ്യമങ്ങളോട് പറഞ്ഞു. ഒരു രൂപ പോലും താന്‍ വായ്പ എടുത്തിട്ടില്ല. കിങ്ഷ്ഫിഷര്‍ എയര്‍ലൈന്‍സാണ് കടമെടുത്തത്. സാമ്പത്തിക തട്ടിപ്പ് നടത്തി രാജ്യം വിട്ടുവെന്ന പ്രചാരണം അവസാനിപ്പിക്കുകയാണ് ഉദ്യേശമെന്നും വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്നും മല്യ വ്യക്തമാക്കി.

കോടതിവിധിയെ ധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി സ്വാഗതം ചെയ്തു. മേല്‍ക്കോടതിെയ സമീപിക്കാന്‍ സാവകാശമുള്ളതിനാല്‍ മല്യയെ ഉടന്‍ രാജ്യത്തേക്ക് കൊണ്ട് വരാനാകില്ല. കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്‍റ് ഡയറക്ടര്‍ എം. സായിമനോഹറിന്‍റെ നേതൃത്വത്തിലുള്ള സി.ബി.ഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം ഉദ്യോഗസ്ഥരും ലണ്ടനിലെത്തിയിരുന്നു. അതേസമയം ഒത്തുതീര്‍പ്പിന് വേണ്ടി വിജയ് മല്യ നല്‍കിയ ഹര്‍ജി കര്‍ണാടക ഹൈക്കോടതി ഈ മാസം പതിനേഴിന് പരിഗണിക്കാനായി മാറ്റി.