ബാബു ജോസഫ്

ബെര്‍മിങ്ഹാം: ദൈവരാജ്യ സ്ഥാപനത്തിനായി യുവജന ശാക്തീകരണം. റവ.ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന സെഹിയോന്‍ യുകെ യുടെ ലോകമെമ്പാടുമുള്ള നവസുവിശേഷ പ്രവര്‍ത്തനങ്ങള്‍ക്ക് പുത്തന്‍ ദിശാബോധവും ഉണര്‍വ്വും നല്‍കിക്കൊണ്ട് വന്‍ യുവജന മുന്നേറ്റത്തോടെ അലാബേര്‍ 2018 ബര്‍മിങ്ഹാമില്‍ നടന്നു. അയര്‍ലന്‍ഡ്, സിറ്റ്‌സ്വര്‍ലന്‍ഡ്, ബെല്‍ഫാസ്റ്റ് എന്നിവിടങ്ങളില്‍ നിന്നും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും നിരവധി കോളേജ് വിദ്യാര്‍ത്ഥികളും യുവതീ യുവാക്കളാണ് ഈ കൂട്ടായ്മയ്ക്കായി എത്തിച്ചേര്‍ന്നത്. പല സ്ഥലങ്ങളില്‍നിന്നും പ്രത്യേകം കോച്ചുകള്‍ അലാബെറിനായി ബര്‍മിംഗ്ഹാമിലേക്കെത്തി.

വളര്‍ച്ചയുടെ പാതയില്‍ നന്മ തിന്മകളെ യേശുവില്‍ വിവേചിച്ചറിയുവാന്‍ പ്രാപ്തമാക്കുന്ന ശുശ്രൂഷകള്‍, ലൈവ് മ്യൂസിക്, വര്‍ക്‌ഷോപ്പുകള്‍, അഡോറേഷന്‍, പ്രയ്സ് ആന്‍ഡ് വര്‍ഷിപ് തുടങ്ങിയവയും പ്രത്യേക വി. കുര്‍ബാനയും അലാബറിന്റെ ഭാഗമായി.ഫാ.ഷൈജു നടുവത്താനി, ഫാ.ടെറിന്‍ മുല്ലക്കര, ഫാ.ക്രിസ്റ്റി ഉതിരക്കുറിശ്ശിമാക്കല്‍, ഫാ. ബിജു ചിറ്റുപറമ്പില്‍, അഭിഷേകാഗ്‌നി മിനിസ്ട്രീസ് യൂത്ത് കോ ഓര്‍ഡിനേറ്റര്‍ ജോസ് കുര്യാക്കോസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കി. അലാബേറിന് എത്തിയ യുവതീ യുവാക്കളുടെ മാതാപിതാക്കള്‍ക്കായി തത്സമയം നടത്തപ്പെട്ട ക്ലാസ്സുകളിലും ശുശ്രൂഷകളിലും നിരവധിപേരാണ് പങ്കെടുത്തത്.

സെഹിയോന്‍ യുകെയുടെ യൂത്ത് മിനിസ്ട്രിയിലും പിന്നീട് വൈദിക വിദ്യാര്‍ത്ഥിയും ആയിരിക്കെ ദൈവസന്നിധിയില്‍ ചേര്‍ക്കപ്പെട്ട അലന്‍ ചെറിയാന്റെ മാതാപിതാക്കള്‍ പ്രശസ്ത വചനപ്രഘോഷകന്‍ ചെറിയാന്‍ സാമുവേലും റീനയും, ഏവര്‍ക്കും മാതൃകയായി, സെഹിയോന്‍ യുകെയുടെ സ്‌കൂള്‍ ഓഫ് ഇവാഞ്ചലൈസേഷനില്‍ ഓര്‍മ്മയിലെ നിറസാന്നിധ്യമായിക്കൊണ്ട് ദൈവിക സ്‌നേഹത്തില്‍ അധിഷ്ഠിതമായ യുവത്വത്തിന്റെ വഴിയില്‍ ദൈവം തിരികെ വിളിച്ച എമ്മാനുവേലിന്റെ മാതാപിതാക്കള്‍ രാജുവും മോളമ്മയും അലാബേര്‍ 2018ന് എത്തിച്ചേര്‍ന്ന് ശുശ്രൂഷകളുടെ ഭാഗമായത് അവിസ്മരണീയമായി.

സിസ്റ്റര്‍ ഡോ. മീന, ബ്രദര്‍ സാജു വര്‍ഗീസ്, ചെറിയാന്‍ സാമുവേല്‍, സാറാമ്മ മാത്യു എന്നിവര്‍ മാതാപിതാക്കള്‍ക്കായുള്ള ശുശ്രൂഷ നയിച്ചു. ഏറെ വിഭവങ്ങളോടെ നിരവധി ഫുഡ് സ്റ്റാളുകളും കണ്‍വെന്‍ഷന്റെ പ്രത്യേകതയായി. തത്സമയ റിക്കാര്‍ഡിങ്നായി പ്രമുഖ മാധ്യമ ശുശ്രൂഷയായ ശാലോം ടി വി യും എത്തിയത് കൂടുതല്‍ ആകര്‍ഷകമായി.