ലോകത്തെ ഏറ്റവും സ്വാധീനമുള്ള 25 കൗമാരക്കാരുടെ പട്ടികയില്‍ മലയാളിപ്പെണ്‍കുട്ടിയും. ആര്‍ത്തവ ദാരിദ്ര്യം എന്നൊന്ന് ലോകത്തുണ്ടെന്ന് വിളിച്ചു പറഞ്ഞ ബ്രിട്ടീഷ്ഇന്ത്യന്‍ വംശജ 19കാരി അമിക ജോര്‍ജാണ് ടൈം മാഗസിന്റെ പട്ടികയില്‍ ഇടംനേടിയത്. ഇന്തോഅമേരിക്കന്‍ വംശജരായ കാവ്യ കൊപ്പരപ്പു, റിഷാബ് ജൈന്‍ എന്നിവരും പട്ടികയിലുണ്ട്. രാജ്യത്തെ ദരിദ്രര്‍ക്ക് സൗജന്യമായി സാനിറ്ററി പാഡുകള്‍ നല്‍കണമെന്നാവശ്യപ്പെട്ട് ഫ്രീ പീരിഡ്‌സ് എന്ന ഹാഷ്ടാഗില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ അമിക ആരംഭിച്ച പ്രചാരണപരിപാടിയാണ് ലോകശ്രദ്ധയാകര്‍ഷിച്ചത്.  അമികയുടെ നേതൃത്വത്തില്‍ നടന്ന ശ്രമങ്ങള്‍ക്ക് വലിയ സ്വീകാര്യതയാണ് ബ്രിട്ടനില്‍ ലഭിച്ചത്. 2017 ഏപ്രിലില്‍ ബ്രേക്ക് ഫാസ്റ്റ് കഴിച്ചുകൊണ്ടിരിക്കുമ്പോൾ വന്ന ഒരു വാര്‍ത്തയാണ് അമികയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ചത്.

സാനിറ്ററി നാപ്കിന്‍ വാങ്ങാന്‍ പണമില്ലാതെ ആര്‍ത്തവസമയങ്ങളില്‍ സ്‌കൂളില്‍ പോകാനാകാത്ത കുട്ടികളെക്കുറിച്ചായിരുന്നു വാര്‍ത്ത. ബ്രിട്ടന്‍ പോലെയൊരു വികസിതരാജ്യത്തിനുള്ളില്‍ ഇപ്പോഴും ഇത്തരം അവസ്ഥകളുണ്ടെന്ന അറിവ് അമികയെ അസ്വസ്ഥയാക്കി. ഫ്രീ പീരിയഡ്‌സ് ഹാഷ്ടാഗിലൂടെ കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 20ന് ബ്രിട്ടനില്‍ നടന്ന റാലിയില്‍ രാഷ്ട്രീയക്കാരും മോഡലുകളുമടക്കം ആയിരക്കണക്കിന് പേര്‍ പങ്കെടുത്തു. ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സാനിറ്ററി നാപ്കിന്‍ സൗജന്യമായി നല്‍കണമെന്ന് അവര്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടു.

‘പീരിയഡ് പോവെർട്ടി’  ഹാഷ് ടാഗുമായി രാഷ്ട്രീയ പാർട്ടികളെ അമിക സമീപിച്ചിരുന്നു. ആര്‍ത്തവദാരിദ്ര്യം അവസാനിപ്പിക്കാന്‍ ബ്രിട്ടനിലെ സ്‌കൂളുകള്‍ക്കായി ലേബര്‍പാര്‍ട്ടി പത്ത് മില്യൺ പൗണ്ട് ആണ് തങ്ങളുടെ ഇലക്ഷൻ മാനിഫെസ്‌റ്റോയിൽ വകയിരുത്തിയത്. ഇതിനേക്കാൾ എല്ലാം ഒരു പടികൂടി കടന്നു സ്കോട്ടിഷ് സർക്കാർ സ്‌കൂളുകളിലും കോളേജ്, യൂണിവേഴ്സിറ്റികളിലും പെൺകുട്ടികൾക്ക് സാനിറ്ററി നാപ്‌കിൻസ് സൗജന്യമായി നൽകാൻ തീരുമാനിക്കുകയും വിതരണം നടത്തുകയും ചെയ്യുന്നു എന്ന് അമിക തന്റെ വീഡിയോയിൽ വ്യക്തമാക്കുന്നു.

ദരിദ്രവിദ്യാര്‍ഥികള്‍ക്ക് സൗജന്യമായി സാനിറ്ററി പാഡ് നല്‍കാമെന്ന് ഗ്രീന്‍ പാര്‍ട്ടിയും പറഞ്ഞു. ബ്രിട്ടനില്‍ റാലി നടന്നതിന്റെ ഒന്നാം വാര്‍ഷികത്തിലാണ് ടൈം മാഗസിന്റെ പട്ടിക പുറത്തു വന്നത്. കേരളത്തില്‍ വേരുകളുള്ള അമിക ബ്രിട്ടനിലാണ് ജനിച്ചതും വളര്‍ന്നതും. പത്തനംതിട്ടയിലെ കുമ്പളാംപൊയ്ക സ്വദേശി ഫിലിപ്പ് ജോര്‍ജാണ് അമികയുടെ അച്ഛന്‍. അമ്മ നിഷ കൊല്ലം സ്വദേശിനി. അനുജന്‍ മിലന്‍. തലച്ചോറില്‍ ട്യൂമര്‍ ബാധിച്ച രോഗികളുടെ കോശങ്ങളെ സൂക്ഷ്മമായി പരിശോധിക്കാനാകുന്ന കംപ്യൂട്ടര്‍ സംവിധാനമാണ് കാവ്യ കൊപ്പരപ്പുവിന്റെ സംഭാവന.

കോശങ്ങളുടെ സാന്ദ്രതയുടെയും നിറത്തിന്റെയും രൂപത്തിന്റെയും അടുക്കുകളിലെയും വ്യത്യാസം ഈ സംവിധാനത്തിലൂടെ ഇഴകീറി പരിശോധിക്കുന്നു. യു.എസിലെ ഒറിഗന്‍ സ്വദേശിയാണ് എട്ടാംക്ലാസ് വിദ്യാര്‍ഥി റിഷാബ് ജൈന്‍. ആഗ്‌നേയഗ്രന്ഥിയിലെ അര്‍ബുദത്തിന് പരിഹാരമായേക്കാവുന്ന അല്‍ഗോരിതം വികസിപ്പിച്ചാണ് റിഷാബ് ശ്രദ്ധ നേടിയത്. അര്‍ബുദം ബാധിച്ച ആഗ്‌നേയഗ്രന്ഥിയുടെ പ്രവര്‍ത്തനം കൃത്യമായി മനസ്സിലാക്കാനുള്ള സോഫ്റ്റ്‌വെയർ ആണ് റിഷാബ് വികസിപ്പിച്ചത്.

[ot-video][/ot-video]