പി. മോഹനന്റെ മകനെയും മരുമകളെയും കൈയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ബോംബേറ്

പി. മോഹനന്റെ മകനെയും മരുമകളെയും കൈയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം; ബോംബേറ്
November 20 05:11 2018 Print This Article

കോഴിക്കോട്: സി.പിഎം കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകനെയും മരുമകളെയും കൈയ്യേറ്റം ചെയ്ത ആര്‍.എസ്.എസ് പ്രവര്‍ത്തകരുടെ വീടുകള്‍ക്ക് നേരെ ആക്രമണം. ഹര്‍ത്താല്‍ ദിനത്തില്‍ പി. മോഹനന്റെയും എം.എല്‍.എ കെ.കെ കെ.ലതികയുടെയും മകന്‍ നികിതാസിനെയും മരുമകളും മാധ്യമ പ്രവര്‍ത്തകയുമായി സാനിയോ മയോമിയെയും ആക്രമിച്ച കേസിലെ പ്രതികളുടെ വീടുകള്‍ക്ക് നേരെയാണ് ഇന്നലെ രാത്രി ആക്രമണം ഉണ്ടായിരിക്കുന്നത്. കേസില്‍ ആദ്യം അറസ്റ്റിലായ നെട്ടൂര്‍ സ്വദേശി സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായി.

കേസിലെ മറ്റൊരു പ്രതിയായ രമേശന്റെ വീടിനു നേരെയും കഴിഞ്ഞ രാത്രി ആക്രമണം ഉണ്ടായിരുന്നു. അറസ്റ്റിലായ മറ്റൊരു പ്രതിയുടെ വീടും അടിച്ചു തകര്‍ത്തിട്ടുണ്ട്. പ്രദേശത്ത് കനത്ത പോലീസ് കാവലുണ്ട്. തിങ്കളാഴ്ച രാത്രി 12.30ഓടെയാണ് സുധീഷിന്റെ വീടിനു നേരെ ബോംബേറുണ്ടായത്. ആര്‍ക്കും പരിക്കില്ല. കൂടുതല്‍ അക്രമസംഭവങ്ങളുണ്ടാകുമെന്ന് റിപ്പോര്‍ട്ടുകളുണ്ട്. നികിതാസിനെയും സാനിയോയെയും ആക്രമിച്ച കേസുമായ ബന്ധപ്പെട്ട മിക്ക ആര്‍.എസ്.എസ് പ്രവര്‍ത്തകരും ഒളിവിലാണെന്നാണ് വിവരം.

കഴിഞ്ഞ ശനിയാഴ്ച്ച ബി.ജെ.പി പിന്തുണയോടെ ഹിന്ദു ഐക്യവേദി നടത്തിയ ഹര്‍ത്താലിനിടെയാണ് ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ നികിതാസിനെയും സാനിയോയെയും ആക്രമിക്കുന്നത്. ആക്രമണത്തില്‍ നികിതാസിന്റെ മൂക്കിനും തലയ്ക്കും സാരമായ പരിക്കേറ്റിട്ടുണ്ട്. സാനിയോയുടെ കൈകള്‍ക്കും തലയ്ക്കുമാണ് പരിക്ക്. ഇരുവരും ചികിത്സയിലാണ്. രാവിലെ അമ്പലക്കുളങ്ങരയില്‍ വെച്ചുണ്ടായ ആക്രമണത്തെ തുടര്‍ന്ന് മെഡിക്കല്‍ കോളേജിലേക്ക് പോകുന്നതിനിടെ വീണ്ടും ഇവര്‍ക്കെതിരെ ആക്രമണം നടന്നിരുന്നു. കോഴിക്കോടിനടുത്ത് നടുവണ്ണൂരില്‍ വെച്ചാണ് ഒരു സംഘം ആര്‍.എസ്.എസ് പ്രവര്‍ത്തകര്‍ ഇവരെ വീണ്ടും ആക്രമിച്ചത്.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles