വനിതാ പോലീസുകാരിയെ ഉപയോഗിച്ച്‌ ഗവാസ്‌കറെ പീഡനക്കെണിയില്‍ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞു

വനിതാ പോലീസുകാരിയെ ഉപയോഗിച്ച്‌ ഗവാസ്‌കറെ പീഡനക്കെണിയില്‍ കുടുക്കാനുള്ള ശ്രമം പൊളിഞ്ഞു
June 23 22:08 2018 Print This Article

തിരുവനന്തപുരം: പോലീസ്‌ ഡ്രൈവര്‍ ഗവാസ്‌കറെ എ.ഡി.ജി.പിയുടെ മകള്‍ മര്‍ദിച്ചെന്ന കേസ്‌ അട്ടിമറിക്കാന്‍ അണിയറയില്‍ നടന്നതു വന്‍ഗൂഢാലോചന. ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ച്‌ വനിതാ പോലീസിനെ രംഗത്തിറക്കാന്‍ ശ്രമം നടന്നതായാണ്‌ അന്വേഷണസംഘത്തിനു ലഭിച്ച സൂചന. അപകടം മണത്ത ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഈ നീക്കം തടയുകയായിരുന്നു.
ഗവാസ്‌കര്‍ പീഡിപ്പിച്ചെന്നാരോപിച്ചു പോലീസ്‌ ഉദ്യോഗസ്‌ഥയെക്കൊണ്ടു പരാതി കൊടുപ്പിക്കാന്‍ ചില കേന്ദ്രങ്ങള്‍ നടത്തിയ നീക്കമാണു പൊളിഞ്ഞത്‌. വിവരമറിഞ്ഞ്‌ ഉന്നത പോലീസ്‌ ഉദ്യോഗസ്‌ഥര്‍ ഇടപെട്ടതോടെ വ്യാജപരാതി നല്‍കാന്‍ പോലീസ്‌ ഉദ്യോഗസ്‌ഥ തയാറായില്ല. ഗവാസ്‌കര്‍ അപമാനിക്കാന്‍ ശ്രമിച്ചെന്നാരോപിച്ച്‌ എ.ഡി.ജി.പിയുടെ മകള്‍ നല്‍കിയ പരാതിയില്‍ കഴമ്പില്ലെന്ന ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍ മംഗളം ഇന്നലെ പുറത്തുവിട്ടിരുന്നു. തലസ്‌ഥാനത്തെ എസ്‌.പി. ഫോര്‍ട്ട്‌ ആശുപത്രിയില്‍ ചികിത്സ തേടിയ എ.ഡി.ജി.പിയുടെ മകള്‍ ഓട്ടോറിക്ഷ ഇടിച്ചെന്നാണു ഡോക്‌ടറോടു പറഞ്ഞത്‌. അദ്ദേഹം ഇതു കേസ്‌ ഷീറ്റില്‍ ഉള്‍പ്പെടുത്തുകയും ചെയ്‌തു. ഈ രേഖകള്‍ ക്രൈംബ്രാഞ്ച്‌ പിടിച്ചെടുത്ത്‌ കോടതിയില്‍ ഹാജരാക്കി.

പോലീസ്‌ ഉദ്യോഗസ്‌ഥയെ പീഡിപ്പിക്കാന്‍ ശ്രമിച്ചതിനേത്തുടര്‍ന്നാണു ഗവാസ്‌കര്‍ക്കു മര്‍ദനമേറ്റതെന്നു വരുത്തിത്തീര്‍ക്കാന്‍ ശ്രമമുള്ളതായി തുടക്കത്തിലേ അന്വേഷണസംഘത്തിനു സൂചന ലഭിച്ചു. ഗവാസ്‌കര്‍ക്കെതിരായ പരാതി വ്യാജമാണെന്നു കണ്ടെത്തിയതോടെ എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെ മകള്‍ക്കെതിരേ ക്രൈംബ്രാഞ്ച്‌ കേസെടുക്കും. ആവശ്യമെങ്കില്‍ അറസ്‌റ്റ്‌ രേഖപ്പെടുത്താന്‍ സംസ്‌ഥാന പോലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ നിര്‍ദേശം നല്‍കിയതായും സൂചനയുണ്ട്‌. ഇതോടെ എ.ഡി.ജി.പിയുടെ മകള്‍ ഹൈക്കോടതിയില്‍നിന്നു മുന്‍കൂര്‍ജാമ്യം നേടാന്‍ ശ്രമമാരംഭിച്ചു.

എ.ഡി.ജി.പിയുടെ മകള്‍ വനിതാ സി.ഐക്കു നല്‍കിയ മൊഴിയും ആശുപത്രിയിലെ ചികിത്സാരേഖയും പൊരുത്തപ്പെടുന്നതല്ലെന്നാണു ക്രൈംബ്രാഞ്ച്‌ കണ്ടെത്തല്‍. ഗവാസ്‌കര്‍ മോശമായി പെരുമാറിയെന്നും ഔദ്യോഗികവാഹനം തന്റെ കാലിലൂടെ കയറ്റിയിറക്കിയെന്നുമാണു സി.ഐക്കു നല്‍കിയ മൊഴി. എന്നാല്‍ കാലിലെ പരുക്ക്‌ ഓട്ടോറിക്ഷ ഇടിച്ചതു മൂലമാണെന്നാണ്‌ ആശുപത്രിരേഖ. ഗവാസ്‌കര്‍ അശ്രദ്ധമായി വാഹനമോടിച്ചതിനേത്തുടര്‍ന്നാണു മകള്‍ക്കു പരുക്കേറ്റതെന്നു കാട്ടി ഡി.ജി.പിക്കു സുദേഷ്‌കുമാര്‍ പരാതി നല്‍കിയിരുന്നു. എന്നാല്‍, മകളുടെ പരാതിയില്‍ ഈ ആരോപണമില്ല. ഈ വൈരുദ്ധ്യങ്ങളുടെ അടിസ്‌ഥാനത്തില്‍ എസ്‌.പിയുടെ നേതൃത്വത്തിലുള്ള ക്രൈംബ്രാഞ്ച്‌ സംഘം എ.ഡി.ജി.പി: സുദേഷ്‌കുമാറിന്റെയും കുടുംബാംഗങ്ങളുടെയും മൊഴിയെടുക്കും.
നേരത്തേ ക്രൈംബ്രാഞ്ച്‌ ഇതിനുള്ള ശ്രമം നടത്തിയെങ്കിലും എ.ഡി.ജി.പി. സമയമനുവദിച്ചില്ല. തന്റെ വളര്‍ത്തുനായയെ ആരോ കല്ലെറിഞ്ഞെന്ന പുതിയ പരാതിയും എ.ഡി.ജി.പി: സുദേഷ്‌കുമാര്‍ നല്‍കിയിട്ടുണ്ട്‌.

മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചുള്ള മര്‍ദനത്തില്‍ കഴുത്തിനും തോളിനും പരുക്കേറ്റെന്നു ചൂണ്ടിക്കാട്ടി ഗവാസ്‌കര്‍ പേരൂര്‍ക്കട ആശുപത്രിയില്‍ ചികിത്സ തേടി മണിക്കൂറുകള്‍ക്കു ശേഷമാണ്‌ എ.ഡി.ജി.പിയുടെ മകള്‍ എതിര്‍പരാതിയുമായി രംഗത്തെത്തിയത്‌. വനിതാ സി.ഐയെ എ.ഡി.ജി.പിയുടെ വീട്ടില്‍ വിളിച്ചുവരുത്തിയായിരുന്നു മൊഴിയെടുക്കല്‍. തുടര്‍ന്ന്‌ ആശുപത്രിയില്‍ ചികിത്സ തേടി. ഇവരുടെ പരുക്ക്‌ ഗുരുതരമല്ലെന്നു ചികിത്സിച്ച ഡോ. ഹരി ക്രൈംബ്രാഞ്ചിനു മൊഴി നല്‍കി. യുവതി പറഞ്ഞപ്രകാരമാണു കേസ്‌ ഷീറ്റില്‍ ഓട്ടോറിക്ഷ ഇടിച്ചുള്ള പരുക്കെന്ന്‌ എഴുതിയത്‌. എന്നാല്‍ കാര്യമായ പരുക്കൊന്നും കണ്ടില്ല. എക്‌സ്‌റേ എടുക്കാന്‍ നിര്‍ദേശിച്ചെങ്കിലും അതിനു തയാറാകാതെ, യുവതി മരുന്നു വാങ്ങിപ്പോയെന്ന്‌ ഡോക്‌ടര്‍ മൊഴി നല്‍കി. മകള്‍ക്കു മുന്‍കൂര്‍ജാമ്യം തേടുന്നതിന്റെ ഭാഗമായി എ.ഡി.ജി.പിയും കുടുംബാംഗങ്ങളും കൊച്ചിയില്‍ അഭിഭാഷകനുമായി കൂടിക്കാഴ്‌ച നടത്തി.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles