ഷിബു മാത്യൂ
ലണ്ടൻ: കുട്ടനാട്ടിലെ ഒരു പ്രഭാതം. ഒരു പായിപ്പാട്ടുകാരൻ യുകെയിലേയ്ക്ക് വരുവാൻ തയ്യാറെടുക്കുമ്പോൾ കാഴ്ചക്കാരായവരിൽനിന്ന് പ്രായം ചെന്ന ഒരു സ്ത്രീയുടെ പ്രതീക്ഷിക്കാതെയുള്ള ചോദ്യം?
“നിങ്ങൾ യുകെയ്ക്കു പോവുകയാണോ..?? എങ്കിൽ എന്റെ ബാബുവിനോട് ഒന്ന് പറയാമോ ഞങ്ങൾക്ക് ഇത്തിരി പൈസാ അയ്ച്ചു തരാൻ… ഞങ്ങൾ വളരെ കഷ്ടത്തിലാണ്…. ജീവിക്കാൻ ഒരു മാർഗ്ഗവുമില്ല.”
ഹൃദയ സംബന്ധമായ അസുഖത്തേ തുടർന്ന് ഭക്ഷണത്തിനും മരുന്നിനും തെല്ലും വകയില്ലാതെ ബുദ്ധിമുട്ടുന്ന കുഞ്ഞമ്മ എന്ന ഒരു പാവം സഹോദരി, കുട്ടനാട്ടിലെ എടത്വായിൽ നിന്നും യുകെയിലേയ്ക്ക് യാത്ര ചെയ്തയാളോട് പറഞ്ഞു വിട്ട വാക്കുകളാണിത്. ചെറിയ മനസ്സിന്റെ വലിയ പ്രതീക്ഷകൾ…

നാട്ടുകാരനെന്നതിനപ്പുറം ചെറുപ്പം മുതൽക്കേ ബാബുവിനെ കുഞ്ഞമ്മയ്ക്ക് നേരിട്ടറിയാം.  വളരെ ചെറുപ്പത്തിലേ തന്നെ ജോലിയുമായി ബന്ധപ്പെട്ട് ബാബു കുട്ടനാട്ടിൽ നിന്നും ഗൾഫിലേയ്ക്കും തുടർന്ന് യുകെയിലേയ്ക്കും യാത്രയായി. വർഷങ്ങൾ പലത് കഴിഞ്ഞിട്ടും കുഞ്ഞമ്മ ബാബുവിനെ ഓർത്തിരുന്നു.  ഇതിനിടയിൽ ബാബു യുകെയിലുണ്ടെന്ന് നാട്ടുകാർ പറയുന്നത് കുഞ്ഞമ്മ കേട്ടു. ആശ്വാസമായി…. യുകെയിലോട്ടു പോകുന്നവരോട് കുഞ്ഞമ്മ തന്റെ ആവശ്യം പറഞ്ഞു വിട്ടു.
പിന്നീട് സംഭവിച്ചതെന്ത്?

ഇത് ബാബു സെബാസ്റ്റ്യൻ. സ്വന്തം നാട്ടിലെ ഒരു നിർദ്ധന കുടുംബത്തെ സഹായിക്കുക എന്ന ലക്ഷ്യവുമായി ക്രിസ്തുമസ്സ് കാലത്ത് യുകെയിലെ കൊടും തണുപ്പിൽ സാന്താക്ലോസിന്റെ വേഷമണിഞ്ഞ് തെരുവുകളിലും വീടുകളിലും കയറിയിറങ്ങി ആയിരത്തി ഇരുന്നോറോളം പൗണ്ട് സ്വരൂപിച്ച കരുണയും ദയയുമുള്ള ഹൃദയത്തിന്റെ ഉടമ.

തികച്ചും അപ്രതീക്ഷിതമായിട്ടാണ് സ്വന്തം നാട്ടിൽ നിന്നും  ഒരു സുഹൃത്ത് വഴിയായി ഒരു സഹായ അഭ്യർത്ഥന ബാബുവിനെ തേടിയെത്തിയത്. സഹായം അർഹിക്കുന്നവരും നേരിട്ടറിയാവുന്നതുമായ കുടുംബത്തിന്റെ അഭ്യർത്ഥന സ്വീകരിച്ച ബാബു പിന്നീട് പൈസാ സ്വരൂപിക്കുന്നതിനുള്ള വഴികൾ തേടുകയായിരുന്നു. അങ്ങനെയാണ് ക്രിസ്തുമസ്സ് കാലത്ത് സാന്തയായി വീട് വീടാന്തരം കയറിയിറങ്ങുക എന്ന ആശയം മുന്നോട്ട് വന്നത്. പിന്നീട് കൂടുതലൊന്നും ആലോചിച്ചില്ല. സാന്തയുടെ കോസ്റ്റ്യൂം സംഘടിപ്പിച്ച് സാന്താക്ലോസായി വൈകുന്നേരങ്ങളിൽ യാത്ര തിരിച്ചു.. നാലു മണിയോടെ ബ്രിട്ടൺ ഇരുട്ടിലാകും. അതിശൈത്യവും മഞ്ഞുവീഴ്ചയും ഇരുട്ടും വകവെയ്ക്കാതെ പരിചയമുള്ളതും അല്ലാത്തതുമായ വീടുകൾ സന്ദർശിച്ചു.

കൈ നിറയെ മിഠായിയുമായി ഓരോ വീടുകളും കയറിയിറങ്ങി. ധാരാളം മിഠായികൾ കുട്ടികൾക്ക് കൊടുത്തു. അവർക്കത് വളരെ സന്തോഷമായി.  ഞങ്ങളുടെ വീട്ടിലും സാന്താ വന്നു എന്ന അഭിമാനം.  ജോലി തിരക്കുകൾ മൂലം പല വീടുകളിലും വൈകുന്നേരങ്ങളിൽ ആൾക്കാർ ഉണ്ടാകാറില്ല. ചിലപ്പോൾ ചിലർ വാതിൽ തുറന്നതുമില്ല. അതൊന്നും താൻ ഏറ്റെടുത്ത ദൗത്യത്തിന് തടസ്സമായില്ലന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു. കീത്തിലി മലയാളി അസ്സോസിയേഷനിലെ കടുംബങ്ങളുടെ സഹകരണം ധാരാളം ഉണ്ടായിട്ടുണ്ട്. കൂടാതെ സഹപ്രവർത്തകരും യുകെയുടെ നാനാഭാഗത്തുമുള്ള സഹപാഠികളും സുഹൃത്തുക്കളും എന്റെ ഈ ചെറിയ ഉദ്യമത്ത രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. പ്രതീക്ഷിച്ചതിലുമധികം അവർ സഹായിച്ചു. എല്ലാവരേയും നന്ദിയോടെ ഓർക്കുന്നുവെന്ന് ബാബു സെബാസ്റ്റ്യൻ പറയുന്നു.

ഒരു ലക്ഷത്തിപതിനായിരത്തിയൊന്നു രൂപ സ്വന്തം നാടായ എടത്വായിലെ കുഞ്ഞമ്മ എന്ന സഹോദരിയുടെ കുടുംബത്തിന് ഇതിനോടകം ബാബു സെബാസ്റ്റ്യൻ കൈമാറിക്കഴിഞ്ഞു. എന്തെങ്കിലും ഒരു ചെറിയ സഹായം ആയ്ച്ചു തരണം എന്ന് പറഞ്ഞ് യുകെയിലേയ്ക്ക് പോയ ഒരാളോട് പറഞ്ഞു വിട്ട കുഞ്ഞമ്മയ്ക്ക് കിട്ടിയ ക്രിസ്തുമസ്സ് സമ്മാനമാണ് ബാബു സെബാസ്റ്റ്യൻ നൽകിയത്. യൂറോപ്പിന്റെ സൗന്ദര്യമായ യോർക്ക്ഷയറിലെ കീത്തിലിയിൽ കുടുംബസമേതം താമസിക്കുകയാണ് ബാബു സെബാസ്റ്റ്യൻ.
മലയാളം യുകെ ന്യൂസിന്റെ ക്രിസ്തുമസ്സാശംസകൾ…