വാനക്രൈ, പെറ്റിയ തുടങ്ങിയ റാന്‍സംവെയര്‍ ആക്രമണങ്ങള്‍ക്കു ശേഷം യൂറോപ്പിനെ ആശങ്കയിലാഴ്ത്തിക്കൊണ്ട് ബാഡ് റാബിറ്റ് പടരുന്നു. കോര്‍പറേറ്റ് നെറ്റ് വര്‍ക്കുകളെ ലക്ഷ്യമിടുന്ന സൈബര്‍ ആക്രമണമാണ് ഇതെന്നാണ് കരുതുന്നത്. റഷ്യ, യുക്രൈന്‍, ടര്‍ക്കി, ജര്‍മനി എന്നീ രാജ്യങ്ങളില്‍ ബാഡ് റാബിറ്റ് ആക്രമണം സ്ഥിരീകരിച്ചു. ഈ വര്‍ഷം വന്‍തോതില്‍ പ്രശ്‌നങ്ങല്‍ സൃഷ്ടിച്ച വാനക്രൈ, പെറ്റിയ ആക്രമണങ്ങള്‍ക്ക് സമാനാണ് ഈ റാന്‍സംവെയര്‍ എന്നാണ് സൈബര്‍ സെക്യൂരിറ്റി സ്ഥാപനമായ കാസ്‌പേഴ്‌സ്‌കി വ്യക്തമാക്കുന്നത്.

റഷ്യയിലാണ് ഈ പുതിയ റാന്‍സംവെയര്‍ ഏറ്റവും കൂടുതല്‍ ആക്രമണം നടത്തിയത്. റഷ്യയിലെ മാധ്യമ സ്ഥാപനങ്ങളുടെ വെബ്‌സൈറ്റുകള്‍ ആക്രമിച്ച് കീഴടക്കിയ ശേഷം അവയിലൂടെയാണ് ഇത് മറ്റു ഡിവൈസുകളില്‍ എത്തിയത്. ഇന്റര്‍ഫാക്‌സ്, ഫൊണ്ടാന്‍ക എന്നിവ ആക്രമണത്തിന് വിധേയമായി. യുക്രെയിനിലെ ഒഡേസ വിമാനത്താവളം കീവ് മെട്രോ എന്നിവയുടെ പ്രവര്‍ത്തനങ്ങളെയും ബാഡ് റാബിറ്റ് ബാധിച്ചിട്ടുണ്ട്. കമ്പ്യൂട്ടറുകൡ ആധിപത്യം സ്ഥാപിക്കുന്ന റാന്‍സംവെയര്‍ 0.05 ബിറ്റ്‌കോയിന്‍ ആണ് മോചനദ്രവ്യമായി ആവശ്യപ്പെടുന്നത്.

220 പൗണ്ടിനു തുല്യമായ ഈ തുക നല്‍കരുതെന്നാണ് സുരക്ഷാ വിദ്ഗ്ദ്ധര്‍ നിര്‍ദേശിക്കുന്നത്. ഇപ്രകാരം പണം നല്‍കുന്നത് കൂടുതല്‍ ആക്രമണങ്ങള്‍ക്ക് പ്രേരണയാകും. പണം നല്‍കിയാലും കന്വ്യൂട്ടറുകളും നെറ്റ് വര്‍ക്കുകളും ഈ വൈറസില്‍ നിന്ന് മുക്തമാകുമെന്ന കാര്യത്തില്‍ ഉറപ്പില്ലെന്നും ആക്രമണത്തിന് പിന്നിലുള്ളവര്‍ വാക്കു പാലിക്കാന്‍ സാധ്യത കുറവാണെന്നും സൈബര്‍ സുരക്ഷാ വിദഗ്ദ്ധര്‍ വ്യക്തമാക്കുന്നു.